Friday, January 29, 2010

ഒരു കളക്ടറെ മാറ്റാന്‍ പോലും അധികാരമില്ലാത്ത മുഖ്യമന്ത്രി

സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കുന്ന വന്‍കിട മാഫിയകള്‍ക്ക്‌ കീഴടങ്ങിയ രണ്ട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഭരണമാണ്‌ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്‌.
മൂന്നാറിലെ ഭൂമി കയ്യേറ്റം തടയണമെന്നും അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരെ ഉടനടി ഒഴിപ്പിക്കണമെന്നും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കൂടിയ മന്ത്രിസഭാ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ഇടുക്കി ജില്ലാ കളക്ടറെ മാറ്റണമെന്ന മുഖ്യമന്ത്രി അച്യുതാനന്ദന്റെ ആവശ്യം മന്ത്രിസഭാ യോഗത്തില്‍ നിരാകരിക്കപ്പെട്ടു. മൂന്നാര്‍ കയ്യേറ്റവിമുക്തമാക്കാനുള്ള തീരുമാനം ഇടതു മുന്നണിക്ക്‌ വിടുകയും ചെയ്തു. കുറുക്കന്മാരെ കോഴിക്കൂടിന്റെ കാവലേല്‍പ്പിക്കുന്നതു പോലെയാണ്‌ ഇതെന്ന്‌ പറയേണ്ടതില്ല.
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രിക്ക്‌ ബോധ്യമുള്ള ഒരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തു നിന്നു മാറ്റാന്‍ ആഗ്രഹിച്ചാലും കഴിയാത്തത്‌ എത്ര ഖേദകരമായ അവസ്ഥയാണ്‌. മുഖ്യമന്ത്രി അച്യുതാനന്ദന്‌ സംസ്ഥാന ഭരണത്തില്‍ എന്ത്‌ അധികാരമാണിപ്പോഴുള്ളത്‌? ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കാന്‍ ആഗ്രഹിച്ച മുഖ്യമന്ത്രിക്ക്‌ അതിനുപറ്റിയ ഉദ്യോഗസ്ഥനല്ല ജില്ലാ കളക്ടര്‍ അശോക്‌ കുമാര്‍ സിംഗ്‌ എന്ന്‌ തോന്നി. കളക്ടറെ മാറ്റാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ റവന്യു മന്ത്രി രാജേന്ദ്രന്‍ ജില്ലാ കളക്ടറെ മാറ്റുന്നതിനെ എതിര്‍ക്കുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കളക്ടര്‍ സമര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ മന്ത്രിയുടെ വാദം. ജില്ലാ കളക്ടര്‍ അത്ര സാമര്‍ത്ഥ്യപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മൂന്നാര്‍ കയ്യേറ്റ പ്രശ്നം ഉത്ഭവിക്കുകയില്ല.

ഹൈക്കോടതിക്ക്‌ ഇത്ര രൂക്ഷമായ വിമര്‍ശനത്തോടെ ശ്രദ്ധേയമായ ഒരുത്തരവ്‌ ഇറക്കേണ്ടി വരികയുമില്ല. മൂന്നാര്‍ മലനിരകള്‍ ഒന്നൊന്നായി കയ്യേറ്റക്കാര്‍ വെട്ടിവെളുപ്പിക്കുകയാണ്‌. അവിടുത്തെ പച്ചപ്പുകള്‍ നശിക്കുന്നുവെന്ന്‌ കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. കാര്‍ഷിക ആവശ്യത്തിന്‌ പാട്ടത്തിന്‌ കൊടുത്ത ഭൂമി റിസോര്‍ട്ട്‌ നിര്‍മാതാക്കളും ഹോട്ടല്‍ വ്യവസായികളും കയ്യടക്കുന്ന സംഭവത്തോട്‌ കളക്ടര്‍ മാത്രമല്ല കേരളം ഭരിക്കുന്നവരെല്ലാം കണ്ണടച്ചു കൊടുക്കുകയാണ്‌. കല്ലാര്‍പുഴയുടെ ഉത്ഭവ സ്ഥാനത്ത്‌ 75 മീറ്റര്‍ നീളത്തില്‍ അണക്കെട്ട്‌ നിര്‍മിച്ചത്‌ ആരുടെ അനുമതിയോടെയാണെന്ന്‌ സര്‍ക്കാരിന്‌ പറയാന്‍ കഴിയുന്നില്ല. കൃഷിക്ക്‌ പാട്ടത്തിനു നല്‍കിയ ഭൂമിയിലെ തടിയെല്ലാം വെട്ടിയെടുക്കുകയും നിക്ഷിപ്ത വനത്തിലൂടെ വീതിയുള്ള ടാര്‍ റോഡ്‌ നിര്‍മിക്കുകയും പുഴയുടെ ഇരുകരകളിലും നൂറോളം റിസോര്‍ട്ടുകള്‍ പണിയുകയും ചെയ്തതായി കോണ്‍ഗ്രസ്‌ അംഗം ശിവദാസന്‍ നായര്‍ ഉള്‍പ്പെട്ട നിയമസഭാ കമ്മറ്റി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.
ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആരാണ്‌ അനുമതി നല്‍കിയതെന്ന്‌ സര്‍ക്കാരിന്‌ അറിയാത്തതാണോ? കേരളത്തിലെ ഏത്‌ ഗ്രാമത്തിലും ഒരു മതില്‌ കെട്ടാനോ കുടില്‌ കെട്ടാനോ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ അനുമതി ആവശ്യമുണ്ട്‌. ഉടമസ്ഥാവകാശമില്ലാത്ത ഭൂമിയില്‍ ആര്‍ക്കും നിര്‍മാണ പ്രവര്‍ത്തനം അനുവദിക്കുകയില്ല. എന്നിരിക്കെ മൂന്നാറിലെ കല്ലാര്‍ പുഴയോരത്തും മലമേടുകളിലും എങ്ങനെ നൂറോളം റിസോര്‍ട്ടുകളും വന്‍കിട ഹോട്ടലുകളും നിര്‍മിക്കപ്പെട്ടു എന്നതിന്‌ ഉത്തരം പറയേണ്ടത്‌ സംസ്ഥാന സര്‍ക്കാരാണ്‌. അനധികൃത നിര്‍മാണം തടയേണ്ടതും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതും ജില്ലാ കളക്ടറാണ്‌. അത്‌ ചെയ്യാത്ത കളക്ടറെ മാറ്റണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പോലും നടപ്പാകില്ലെങ്കില്‍ ഇപ്പോള്‍ കേരളം ഭരിക്കുന്നത്‌ നിക്ഷിപ്ത താല്‍പര്യക്കാരായ വനം കയ്യേറ്റക്കാരാണെന്ന്‌ കരുതേണ്ടി വരും.

ഇടുക്കിയിലെ ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചാല്‍ തടയുമെന്ന്‌ വെല്ലുവിളിച്ചിരിക്കുന്നത്‌ നിസ്സാരക്കാരല്ല. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളിയെക്കുറിച്ച്‌ പ്രതികരണം ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വരഗാംഭീര്യം പോലും നഷ്ടപ്പെട്ടുപോയി. ഒഴുക്കന്‍മട്ടില്‍ അദ്ദേഹം പറഞ്ഞത്‌ കേരളം ഭരിക്കുന്നത്‌ ഒരു പാര്‍ട്ടിയല്ലെന്നും ഏഴു പാര്‍ട്ടികള്‍ ചേര്‍ന്നാണെന്നുമാണ്‌. സ്വന്തം പാര്‍ട്ടിയുടെ പോലും പിന്തുണയില്ലാത്ത മുഖ്യമന്ത്രി അച്യുതാനന്ദന്‌ മൂന്നാര്‍ കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല. സി.പി.എമ്മില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന ശൈലി അറിയുന്നവര്‍ക്ക്‌ ഇക്കാര്യം കൂടുതല്‍ വ്യക്തമാണ്‌. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച്‌ മേല്‍ഘടകം തീരുമാനമെടുക്കുന്ന കേന്ദ്രീകൃത ജനാധിപത്യ പാര്‍ട്ടിയാണ്‌ സി.പി.എം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ധൈര്യം ഉള്ളവന്‍ ആരെന്ന്‌ വെല്ലുവിളിക്കുന്ന പ്രാദേശിക നേതാവിനെ സി.പി.എം നേതൃത്വം ഇതുവരെ കുറ്റപ്പെടുത്തുക പോലും ചെയ്തിട്ടില്ല.

എന്നിരിക്കെ സി.പി.എം നയിക്കുന്ന ഇടതു മുന്നണി മൂന്നാര്‍ കയ്യേറ്റ പ്രശ്നത്തില്‍ ഇന്ന്‌ എന്ത്‌ തീരുമാനമാണ്‌ എടുക്കാന്‍ പോകുന്നതെന്ന്‌ ഏറെക്കുറെ അനുമാനിക്കാന്‍ കഴിയും. പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ ചട്ടവിരുദ്ധമായ നിലപാടിന്‌ അനുകൂലമായി കയ്യേറ്റക്കാരെയും ഭൂമാഫിയയെയും സഹായിക്കുന്ന തീരുമാനം തന്നെയാവും ഇടതു മുന്നണിയിലുണ്ടാവുക. കാരണം ആ തല്‍പര കക്ഷികള്‍ക്കെല്ലാം ഇത്രകാലവും അവിഹിതമായി ഒത്താശ ചെയ്തു പോരുന്ന പാര്‍ട്ടികള്‍ അതിനെതിരെ തീരുമാനമെടുക്കുമെങ്കില്‍ അതില്‍പ്പരം വലിയ അത്ഭുതമെന്ത്‌? കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ കൂട്ടാക്കാത്ത കളക്ടറെ ന്യായീകരിക്കുന്ന റവന്യു മന്ത്രിയുടെ നിലപാടില്‍ നിന്നുതന്നെ ഇടതു മുന്നണിയില്‍ നിന്നുണ്ടാകാന്‍ പോകുന്ന തീരുമാനമെന്തായിരിക്കുമെന്ന്‌ അനുമാനിക്കാം.

തല്‍ക്കാലം മന്ത്രിസഭാ യോഗത്തില്‍ നിന്ന്‌ വിഷയം തട്ടിമാറ്റാന്‍ കഴിഞ്ഞുവെങ്കിലും മുഖ്യമന്ത്രിയും ഇടതു മുന്നണിയും തമ്മിലുള്ള ഒരു വടംവലിയായി മൂന്നാര്‍ പ്രശ്നം വളരുമെന്ന്‌ കരുതാന്‍ ന്യായമില്ല. എന്തെന്നാല്‍ അധികാരം നിലനിര്‍ത്തുന്നതിന്‌ പാര്‍ട്ടിക്കും മുന്നണിക്കും കീഴടങ്ങുന്ന ചരിത്രമാണ്‌ അച്യുതാനന്ദനുള്ളത്‌. മൂന്നാര്‍ പ്രശ്നത്തില്‍ അല്‍പ്പം ഖ്യാതി കിട്ടുമെങ്കില്‍ ആകട്ടെ എന്നു മാത്രമേ അദ്ദേഹം കരുതുന്നുള്ളു. കേരളം അതീവ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ്‌ കടന്നു പോകുന്നത്‌. പൊതു താല്‍പ്പര്യത്തെ കയ്യേറ്റക്കാര്‍ക്കും പുതുപ്പണക്കാര്‍ക്കും മാഫിയകള്‍ക്കും തീറെഴുതിയ പാര്‍ട്ടികളുടെ ഭരണമാണ്‌ ഇവിടെ നടക്കുന്നത്‌. അവര്‍ക്കിടയില്‍ നിസ്സഹായനായ ഒരു കളിപ്പാവ മാത്രമാണ്‌ മുഖ്യമന്ത്രി. ഒരു ജില്ലാ കളക്ടറെ പോലും മാറ്റാന്‍ അധികാരമില്ലാത്ത പാവം മുഖ്യമന്ത്രി. കേരളം അദ്ദേഹത്തോട്‌ സഹതപിക്കുക.

Saturday, January 23, 2010

സി.പി.എമ്മിന്റെ ജനാധിപത്യ കാപട്യം




ജനഹിതം അട്ടിമറിക്കുന്നതില്‍ സി.പി.എമ്മിന്‌ ഒരിക്കലും കുറ്റബോധം തോന്നാറില്ല. ജനങ്ങളോട്‌ ബഹുമാനമില്ലാത്തതുകൊണ്ട്‌ മാത്രമല്ല; ജനാധിപത്യ സങ്കല്‍പ്പങ്ങളോട്‌ ആ പാര്‍ട്ടിക്ക്‌ ഒരിക്കലും
കൂറ്‌ പുലര്‍ത്തേണ്ട ആവശ്യവുമില്ല. സി.പി.എം ഒരു ജനാധിപത്യ പാര്‍ട്ടിയല്ല. വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ ശത്രുക്കളാണ്‌ സി.പി.എമ്മുകാര്‍. കേന്ദ്രീകൃത ജനാധിപത്യമാണ്‌ അവരുടെ പ്രഖ്യാപിത സ്വഭാവം. പാര്‍ട്ടി തീരുമാനിക്കും, അണികള്‍ അനുസരിക്കും. പിന്നെ ചോദ്യമില്ല, ഉത്തരവുമില്ല. വിശാലജനാധിപത്യ സമൂഹത്തില്‍ ഇതൊരു വിരോധാഭാസമാണ്‌.

ഇന്ത്യയിലെ ഭരണഘടനാ സംവിധാനങ്ങളോടും വികേന്ദ്രീകൃത ജനാധിപത്യ വ്യവസ്ഥയോടും കൂറില്ലാത്ത സി.പി.എം വ്യാജ ജനാധിപത്യവിശ്വാസം അഭിനയിക്കുന്നു. തൊഴിലാളിവര്‍ഗത്തിന്റെ സര്‍വ്വാധിപത്യം അഥവാ ഏകാധിപത്യം സംസ്ഥാപിതമാകണമെന്ന്‌ ആഗ്രഹിക്കുന്ന സി.പി.എം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വോട്ടുചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതും തികഞ്ഞ കാപട്യത്തോടെയാണ്‌. വിശ്വാസവും ആദരവുമില്ലാത്ത ഒരു സംവിധാനത്തെ ഗത്യന്തരമില്ലാത്തതുകൊണ്ട്‌ സ്വീകരിക്കുന്നു എന്നുമാത്രം.
നിയമനിര്‍മ്മാണ സഭകളോടും ഭരണഘടനാ സ്ഥാപനങ്ങളോടും കോടതിയോടും ബഹുമാനം പുലര്‍ത്താത്തതുകൊണ്ട്‌ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കളുടെ തനിസ്വഭാവം പുറത്തുവരാറുണ്ട്‌. കോടതിവിധികള്‍ ധിക്കാരപൂര്‍വ്വം ചോദ്യംചെയ്യാന്‍ അവര്‍ മടിക്കാറില്ല. പത്രങ്ങളുടെ വിമര്‍ശന അവകാശത്തെ അംഗീകരിക്കാന്‍ അവര്‍ക്ക്‌ മടിയാണ്‌. ജനങ്ങളുടെ ഹിതത്തെ നുണപ്രചരണത്തിലൂടെ വിദൂരമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. വിദ്യാസമ്പന്നമായ ഒരു സമൂഹത്തില്‍ ഈ ശ്രമം പലപ്പോഴും വിഫലമാവുകയാണ്‌ പതിവ്‌. കേരളത്തിലെ സി.പി.എം നേതൃത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്‌. നേതാക്കളെക്കാള്‍ പ്രബുദ്ധമായ ഒരു സമൂഹം ജനാധിപത്യാവകാശ ബോധത്തോടെ കേരളത്തില്‍ വളര്‍ന്നുവരുന്നതില്‍ ഏറ്റവും കൂടുതല്‍ അസഹിഷ്ണുതയുള്ള പാര്‍ട്ടിയാണ്‌ സി.പി.എം.
തെരഞ്ഞെടുപ്പിലും ജനപ്രതിനിധികള്‍ ചേര്‍ന്ന്‌ ഭരണകൂടം നിര്‍മ്മിക്കുന്നതിലും 'താല്‍ക്കാലിക പരീക്ഷണം' എന്നനിലയില്‍ പങ്കെടുക്കുമ്പോഴും സി.പി.എമ്മിന്റെ ലക്ഷ്യം തൊഴിലാളിവര്‍ഗത്തിന്റെ സര്‍വ്വാധിപത്യം സ്ഥാപിക്കലാണെന്ന്‌ രഹസ്യമായെങ്കിലും നേതാക്കള്‍ അണികളോട്‌ പറയുന്നു. ഒരിക്കലും ഒരു ജനാധിപത്യ സമൂഹത്തില്‍ വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ ഏകാധിപത്യം വിലപ്പോവില്ലെന്ന യാഥാര്‍ത്ഥ്യം അനുഭവത്തിലൂടെ സി.പി.എം മനസ്സിലാക്കിയിട്ടുണ്ടാവണം. സമൂഹം കൂടുതല്‍ കൂടുതല്‍ പ്രബുദ്ധമാകുന്നതോടെ ആരുടെയും ഏകാധിപത്യത്തെ അംഗീകരിച്ച്‌ കൊടുക്കുമെന്നും തോന്നുന്നില്ല. എന്നാല്‍പ്പിന്നെ ജനഹിതം എങ്ങനെ അട്ടിമറിക്കാം എന്നായി സി.പി.എമ്മിന്റെ പരീക്ഷണം. പാര്‍ട്ടിയുടെ വിപ്ലവപ്രവര്‍ത്തനം വട്ടപ്പൂജ്യമാകുകയും പാര്‍ലമെന്ററി വ്യാമോഹങ്ങളില്‍ നേതാക്കള്‍ അഭിരമിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങളുടെ തീരുമാനങ്ങളെ എങ്ങനെയും അട്ടിമറിച്ച്‌ അധികാരത്തില്‍വരാന്‍ ഫാഷിസ്റ്റ്‌ ജാനസ്സില്‍പ്പെട്ട സി.പി.എം ആഗ്രഹിക്കുന്നു. ഇപ്പോള്‍ കണ്ണൂരിലെ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട വോട്ടര്‍പട്ടികയില്‍ വരുത്തിയിരിക്കുന്ന കൃത്രിമത്തിന്റെ അടിസ്ഥാനകാരണം ഇതൊക്കെയാണ്‌.
എങ്ങനെയും ജയിക്കണമെന്ന ആഗ്രഹം മാത്രമേ സി.പി.എമ്മിനുള്ളൂ. അതില്‍ ജനങ്ങളുടെ സമ്മതി എത്രയുണ്ടെന്നൊന്നും അവര്‍ക്ക്‌ പ്രശ്നമല്ല. ജനാഭിപ്രായം കൃത്രിമമായി ഉണ്ടാക്കിയെടുക്കാം എന്ന്‌ സി.പി.എം നേതാക്കള്‍ വ്യാമോഹിക്കുന്നു. അതിനായി ഭരണാധികാര സ്ഥാനവും പദവികളും ഉദ്യോഗസ്ഥ സംവിധാനവും നിര്‍ലജ്ജം ഉപയോഗിക്കുകയാണ്‌. സഹകരണ സംഘങ്ങളില്‍ വോട്ടര്‍മാരെ കൃത്രിമമായി ചേര്‍ത്ത്‌ സ്ഥിരമായി ഭരണം ഉറപ്പിക്കുന്ന കുതന്ത്രം തന്നെയാണ്‌ കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനും പാര്‍ട്ടി പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്‌. എ.കെ.ജി ആശുപത്രിയുടെ ഭരണം കയ്യാളിയതും പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണം പിടിച്ചെടുത്തതും ജനാധിപത്യ മാര്‍ഗത്തിലൂടെയല്ലെന്ന്‌ കേരളത്തില്‍ ആര്‍ക്കാണ്‌ അറിയാത്തത്‌?





കമ്യൂണിസ്റ്റ്‌ ചരിത്രം നാണിക്കുന്നു

കമ്യൂണിസ്റ്റ്‌ ചരിത്രം നാണിക്കുന്നു


കുപ്രസിദ്ധമായ ലാവലിന്‍ അഴിമതിക്കേസില്‍ ഏഴാംപ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ സി.ബി.ഐയുടെ പ്രത്യേക കോടതിയില്‍ ഹാജരായി.
374 കോടി രൂപയുടെ ലാവലിന്‍ കരാര്‍ രാജ്യം കേട്ടിട്ടുള്ള ഏറ്റവും വലിയ കുംഭകോണങ്ങളിലൊന്നാണെന്ന്‌ ഇതിനകം തിരിച്ചറിയപ്പെട്ടിട്ടുണ്ട്‌. ഒരു കമ്യൂണിസ്റ്റ്‌ നേതാവ്‌ അത്തരമൊരു അഴിമതിക്കേസില്‍ പ്രതിയായി കോടതി കയറുന്ന അതിവിചിത്രമായ സംഭവം രാഷ്ട്രീയ സാമൂഹിക ചിന്തകര്‍ തികഞ്ഞ കൗതുകത്തോടെയാണ്‌ നോക്കിക്കാണുന്നത്‌. കേസിലെ ഇതരപ്രതികളായ ഉദ്യോഗസ്ഥന്‍മാര്‍ പലരും കഴിഞ്ഞ സെപ്തംബറില്‍ തന്നെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തതുപോലെ പിണറായി വിജയനും ഇപ്പോള്‍ പ്രത്യേക കോടതി ജഡ്ജി ജാമ്യം അനുവദിച്ചിട്ടുണ്ട്‌. രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ പിണറായി വിജയനെതിരെ രാഷ്ട്രീയ പ്രേരിതമായി ചെയ്യാത്ത കുറ്റത്തിന്‌ വെറുതെ കേസെടുക്കുകയാണെന്നായിരുന്നു സി.പി.എം നേതൃത്വം ആരോപിച്ചിരുന്നത്‌. വിജയനെ കുറ്റവിചാരണ ചെയ്യുന്നത്‌ തടയാന്‍ അവസാനനിമിഷം വരെ എല്ലാത്തരം ഹീനതന്ത്രങ്ങളും പയറ്റിനോക്കി.
വൈദ്യുതിവകുപ്പ്‌ മന്ത്രിയെന്ന നിലയില്‍ 1997ല്‍ പിണറായി വിജയന്‍ കാനഡയിലെ എസ്‌.എന്‍.സി ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രയോജനരഹിതവും ഭീമമായ പാഴ്ചെലവുമായാണ്‌ കലാശിച്ചത്‌. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ യന്ത്രങ്ങള്‍ നവീകരിച്ച്‌ വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കാനുള്ളതായിരുന്നു കരാര്‍. അതിനായി 374 കോടി രൂപ പൊതുഖജനാവില്‍ നിന്ന്‌ ചെലവഴിക്കപ്പെട്ടെങ്കിലും ഒരു യൂണിറ്റ്‌ വൈദ്യുതി പോലും കൂടുതലായി ഉല്‍പാദിപ്പിക്കപ്പെട്ടില്ല. പൊതുമേഖലാ കമ്പനിയായ ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌ വെറും 100 കോടി രൂപയ്ക്ക്‌ ഏറ്റെടുക്കുമായിരുന്ന നവീകരണ ജോലിയാണ്‌ കനേഡിയന്‍ കമ്പനിക്ക്‌ മൂന്നേമുക്കാല്‍ ഇരട്ടിത്തുകയ്ക്ക്‌ പിണറായി വിജയന്‍ കരാര്‍ നല്‍കിയത്‌.

സി.പി.എം നേതാവായിരുന്ന അന്തരിച്ച ഇ. ബാലാനന്ദന്‍ അടക്കം പലരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച്‌ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന തലശ്ശേരിയിലെ ആശുപത്രിക്ക്‌ പണമുണ്ടാക്കാന്‍ വേണ്ടി പൊതുഖജനാവിലെ ഭാരിച്ച തുക വൈദ്യുത പദ്ധതി നവീകരണ ജോലിയുടെ മറവില്‍ തിരിമറി ചെയ്യുകയായിരുന്നു. എന്നാല്‍ കരാര്‍ പ്രകാരം ആശുപത്രിക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ട 100 കോടിയില്‍പരം രൂപയില്‍ എട്ടുകോടി മാത്രമേ ലഭിച്ചിട്ടുള്ളൂ. ശേഷിച്ച തുക എങ്ങോട്ടുപോയി എന്ന്‌ ഇനിയും പൊതുജനങ്ങള്‍ക്കറിയില്ല. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക അഴിമതിയാണ്‌ ലാവലിന്‍ കേസെന്നകാര്യം ഇങ്ങനെ മാധ്യമങ്ങള്‍ വഴി ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ സി.പി.എം വിരുദ്ധരുടെ ദുഷ്പ്രചരണങ്ങളായി അവയെ അവജ്ഞയോടെ കാണാനാണ്‌ പിണറായിയും കൂട്ടരും മുതിര്‍ന്നത്‌.
എന്നാല്‍ സംഭവത്തിന്റെ പശ്ചാത്തലവും നിജസ്ഥിതിയും സാവകാശം പരിശോധിക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ അഴിമതി ആരോപിതനായ പിണറായി വിജയനെ ന്യായീകരിക്കുകയാണ്‌ സി.പി.എം നേതൃത്വം ചെയ്തത്‌. സി.ബി.ഐ കണ്ടെത്തിയ തെളിവുകളും കുറ്റപത്രത്തിലെ പരാമര്‍ശങ്ങളും യുക്തിരഹിതമായി നിരാകരിച്ചുപോന്ന സി.പി.എം നേതൃത്വം കേരളത്തിലെ സാമാന്യ ജനങ്ങളുടെ മുന്നില്‍ അവജ്ഞാപാത്രമായി തീരുന്നകാര്യം പാര്‍ട്ടി അവഗണിച്ചു. മുന്‍മന്ത്രിയായ പിണറായി വിജയന്‍ ഇനിയും സംസ്ഥാന ഭരണത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ വരാനിടയുള്ളതുകൊണ്ട്‌ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സി.ബി.ഐ അദ്ദേഹത്തിനെതിരെ കേസെടുക്കുമ്പോള്‍ വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.
സംസ്ഥാന മന്ത്രിസഭ നിഷേധിച്ച അനുമതി ഗവര്‍ണര്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച്‌ സി.ബി.ഐയ്ക്ക്‌ നല്‍കുകയാണുണ്ടായത്‌. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട്‌ ഭരണഘടനാ തത്വങ്ങളെപ്പോലും ധിക്കരിച്ച്‌ സുപ്രീംകോടതിയില്‍ കേസുകൊടുത്ത്‌ അഴിമതിക്കേസിന്റെ വിചാരണ ഇല്ലാതാക്കാനോ നീട്ടിവെപ്പിക്കാനോ ശ്രമിച്ച വിജയന്‍ പൊതുജനമധ്യത്ത്‌ വീണ്ടും വീണ്ടും അവഹേളിതനായിക്കൊണ്ടിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം രൂപമെടുത്തതിന്റെ എഴുപതാം വാര്‍ഷികമാണിത്‌. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുകള്‍ തലശ്ശേരിയ്ക്കടുത്ത്‌ പിണറായി എന്ന ഗ്രാമത്തിലെ ഒരു വായനശാലയില്‍ ഒത്തുകൂടി കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയത്‌ 1939 ഡിസംബര്‍ മാസത്തിലാണ്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുന്നവര്‍ ഈ പിറവി ദിനത്തിന്റെ പ്രധാന്യം അഭിമാനപൂര്‍വം എടുത്തുപറയാറുണ്ട്‌. എന്നാല്‍ 1964ല്‍ ആ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നെടുകെ പിളര്‍ന്നതുകൊണ്ടാകാം എഴുപതാം വാര്‍ഷികത്തെപ്പറ്റി ഊറ്റംകൊള്ളാനോ അനുസ്മരിക്കാനോ കേരളത്തിലെ സി.പി.എമ്മിനും സി.പി.ഐയ്ക്കും യാതൊരു താല്‍പര്യവുമില്ലാതെ പോയി.

എന്നാല്‍ ആ എഴുപതാം വാര്‍ഷികവേളയില്‍ പ്രബല കമ്യൂണിസ്റ്റ്‌ പ്രസ്ഥാനമെന്ന്‌ ഭാവിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ശതകോടികളുടെ അഴിമതിയില്‍ കോടതി കയറുന്നു എന്ന വിചിത്രവും വൈരുദ്ധ്യാത്മകവുമായ സ്ഥിതിവിശേഷം ആ പ്രസ്ഥാനം ചെന്നുപെട്ടിരിക്കുന്ന ധാര്‍മികമായ അധഃപതനത്തെ ഓര്‍മ്മിപ്പിക്കുന്നു. പാര്‍ട്ടി പിറന്ന നാട്ടില്‍ നിന്നുള്ള ഒരാള്‍ തന്നെയാണ്‌ ആ നേതാവെന്നതും വിചിത്രമായ ഒരു യാദൃച്ഛികതയാണ്‌. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ജന്മം നല്‍കിയ ആരെങ്കിലും ഇന്ന്‌ ജീവിച്ചിരുന്നെങ്കില്‍ അഴിമതിക്കേസില്‍ കോടതി കയറുംമുമ്പ്‌ ആ നേതാവ്‌ വഹിക്കുന്ന പാര്‍ട്ടി പദവികള്‍ രാജിവെപ്പിക്കുമായിരുന്നു. പകരം തടിമിടുക്കുള്ള മൂന്ന്‌ അനുചരന്‍മാരാല്‍ ആനയിക്കപ്പെട്ട്‌ ഒരു വിജയശ്രീലാളിതന്റെ മട്ടില്‍ കോടതിവളപ്പിലേക്ക്‌ ജാമ്യം തേടിയെത്തിയ വിജയന്‍ നവകമ്യൂണിസത്തിന്റെ ഏറ്റവും ഗര്‍ഹണീയമായ ചിത്രം കേരളീയ മനഃസാക്ഷിക്കുമുന്നില്‍ വരച്ചുകാട്ടുന്നു.




വാര്‍ദ്ധക്യം ബാധിച്ച യുവസംഘടന




കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ യുവത്വം ആശയപരമായും സാംസ്കാരികമായും ഏതു പാതാള ഗര്‍ത്തത്തിലാണ്‌ കഴിയുന്നതെന്ന്‌ ഡി.വൈ.എഫ്‌.ഐ ഉദാഹരിക്കുന്നു.
തിരുവനന്തപുരത്ത്‌ ഇന്നലെ പ്രകടനത്തോടെ സമാപിച്ച ആ സംഘടനയുടെ സംസ്ഥാന സമ്മേളനം കേരളീയ യുവത്വത്തെ ഒരുതരത്തിലും അഭിസംബോധന ചെയ്യുന്നതായി തോന്നിയില്ല. യുവജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതുകൊണ്ടോ അവര്‍ക്ക്‌ ഒരു സംഘബോധത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ടോ സി.പി.എമ്മിന്റെ യുവവിഭാഗമായ ഡി.വൈ.എഫ്‌.ഐ ആശയലോകത്ത്‌ അലസഗമനം നടത്തിയതല്ല. കേരളത്തിലെ ഭരണ മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെ അനുസരണയുള്ള വിനീത വിധേയരെപ്പോലെ ആര്‍ക്കും യാതൊരു അലോസരവും ഉണ്ടാക്കാതെ നിലവിലുള്ള ഭാരവാഹികളെ വീണ്ടും തെരഞ്ഞെടുത്ത്‌ സമ്മേളന പരിപാടികള്‍ അവസാനിപ്പിച്ചു. യുവാക്കളെ ആശയപരമായി ത്രസിപ്പിക്കുന്ന ഒരു പ്രമേയം പോലും കൊണ്ടുവരാന്‍ കഴിയാതെ ആള്‍കൂട്ടത്തിന്റെ മൃഗീയതയില്‍ അഭിരമിച്ച നേതാക്കള്‍ സഹോദര കമ്മ്യൂണിസ്റ്റ്‌ യുവസംഘടനയായ എ.ഐ.വൈ.എഫിനെ നിന്ദിച്ച്‌ പിരിഞ്ഞു.

ഡി.വൈ.എഫ്‌.ഐ സമ്മേളന വേദിയില്‍ നിന്ന്‌ കഴിഞ്ഞ ദിവസം ഉയര്‍ന്നുവന്ന ഏറ്റവും വലിയ ആവശ്യം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായത്തിലെ അംഗങ്ങള്‍ക്ക്‌ ഇതര സംവരണ സമുദായങ്ങള്‍ക്ക്‌ ദോഷം പറ്റാത്തതരത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കണം എന്നതായിരുന്നു. പെരുന്നയില്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി ആഴ്ചകള്‍ക്കു മുമ്പ്‌ ഉന്നയിച്ച മുഖ്യമായ ഒരാവശ്യത്തിന്റെ പ്രതിധ്വനി മാത്രമായിരുന്നു ഡി.വൈ.എഫ്‌.ഐയുടെ ഈ ആവശ്യം. ഒരു സമുദായ സംഘടന രാഷ്ട്രീയ സാമൂഹിക ലക്ഷ്യത്തോടെ ഉയര്‍ത്തിക്കൊണ്ടുവന്ന ന്യായമായ ഒരു ആവശ്യം ഏറ്റുപിടിക്കാനല്ലാതെ സംസ്ഥാനത്തെ ചെറുപ്പക്കാരുടെ അടിസ്ഥാന പ്രശ്നങ്ങളിലൊന്നു തൊടാന്‍ പോലും ഡി.വൈ.എഫ്‌.ഐയ്ക്ക്‌ കഴിഞ്ഞില്ല. വിദ്യാഭ്യാസം ചെയ്തവരും അല്ലാത്തവരുമായ നാല്‍പത്‌ ലക്ഷം തൊഴില്‍ രഹിതര്‍ വസിക്കുന്ന നാടാണ്‌ കേരളം.

പിന്‍വാതില്‍ നിയമനവും നിയമന നിരോധനവും വഴി ചെറുപ്പക്കാരുടെ അവസരങ്ങള്‍ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരാണ്‌ ഇവിടെ ഭരിക്കുന്നത്‌. പുതിയ തൊഴില്‍ അവസരങ്ങളൊന്നും സൃഷ്ടിക്കാന്‍ മൂന്നേമുക്കാല്‍ വര്‍ഷത്തെ ഭരണത്തിനുള്ളില്‍ ഇടതു സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക്‌ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട്‌ ചെയ്യേണ്ട പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തെ കേവലം നോക്കുകുത്തിയാക്കി മാറ്റിയ സര്‍ക്കാര്‍ ചെറുപ്പക്കാര്‍ക്ക്‌ തൊഴിലവസരം ഉണ്ടാക്കാന്‍ പുതുതായി ഒരു തീപ്പെട്ടിക്കമ്പനി പോലും കേരളത്തില്‍ തുറന്നിട്ടില്ല. ഒരു ലക്ഷം പേര്‍ക്ക്‌ പണി നല്‍കുമെന്ന്‌ പറഞ്ഞുകൊണ്ട്‌ രണ്ടുകൊല്ലം മുമ്പ്‌ എറണാകുളത്തെ കാക്കനാട്ട്‌ തറക്കല്ലിട്ട സ്മാര്‍ട്ട്സിറ്റി പദ്ധതി ഇനിയും അനിശ്ചിതാവസ്ഥയിലാണ്‌.
കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തന മൂലധനം വാഗ്ദാനം ചെയ്തിട്ടുള്ള വിഴിഞ്ഞം തുറമുഖ പദ്ധതി, ബ്രഹ്മോസ്‌ മിസെയില്‍ നിര്‍മാണ പദ്ധതി, കാസര്‍കോട്ടെ എച്ച്‌.എ.എല്‍ പദ്ധതി, സര്‍വോപരി എറണാകുളത്തെ വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്‌ ഷിപ്പ്മെന്റ്‌ പ്രോജക്ട്‌ എന്നിവയെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണക്കുറവുമൂലം ഇഴഞ്ഞു നീങ്ങുകയാണ്‌. പൊതുമേഖലയില്‍ പുതുതായി തൊഴിലവസരങ്ങളൊന്നും ഉണ്ടാക്കുന്നില്ല. സ്വകാര്യ സംരംഭകരെ ആകര്‍ഷിക്കാന്‍ ഉദാരനയങ്ങളില്ല. പൊതുവില്‍ വികസനത്തെക്കുറിച്ചും തൊഴിലിനെ കുറിച്ചും നീട്ടിക്കുറുക്കിയ വര്‍ത്തമാനങ്ങള്‍ മാത്രം കൂടെക്കൂടെ ഭരണാധികാരികളില്‍ നിന്നും കേള്‍ക്കാം. ഉപരിപഠനം നടത്തി ഭൂമിയുടെ ഏതെങ്കിലും കോണില്‍ പോയി ജീവിക്കാമെന്നു കരുതിയാല്‍ നല്ല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ വിരളം. പുതിയ കേരളീയ യുവത്വത്തിന്‌ ആവേശമോ അഭിമാനമോ നല്‍കുന്ന നല്ലൊരു സംരംഭം ഇടതുഭരണകാലത്ത്‌ ഉണ്ടാകുമെന്ന പ്രതീക്ഷപോലുമില്ല.

ഭരണമുന്നണിയെ അന്ധമായി താങ്ങാന്‍ അച്ചാരം വാങ്ങിയ ദാസന്മാരുടെയും സംസ്കാരത്തിനും സാഹിത്യത്തിനും മുതല്‍ക്കൂട്ടേകിയ മഹത്തുക്കളെ തെറിവിളിച്ച്‌ കയ്യേറ്റം ചെയ്യുന്നവരുടെയും പ്രസ്ഥാനമായി ഡി.വൈ.എഫ്‌.ഐ ജീര്‍ണിച്ചിരിക്കുന്നു. എഴുത്തുകാരനായ സക്കറിയ നാലുദശാബ്ദങ്ങളായി മലയാളിയുടെ ചിന്താലോകത്ത്‌ നക്ഷത്രപ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന പ്രതിഭാശാലിയാണ്‌. ഒരിടത്ത്‌, ആര്‍ക്കറിയാം, കണ്ണാടി കാണ്‍മോളവും, യേശുപുരം പബ്ലിക്‌ ലൈബ്രറിയെപ്പറ്റി ഒരു പരാതി തുടങ്ങിയ കഥകളിലൂടെ ആസ്വാദക ലോകത്തെ ആനന്ദിപ്പിച്ചിട്ടുള്ള സക്കറിയയെ 'പട്ടി' എന്ന്‌ വിളിച്ച്‌ ആക്രമിക്കുന്നവര്‍ക്ക്‌ തണലേകുന്ന സംഘടനയ്ക്ക്‌ കേരളീയ യുവത്വത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടാന്‍ യാതൊരു അവകാശവുമില്ല.

മുമ്പ്‌ ഒരവസരത്തില്‍ തിരുവനന്തപുരത്തെ പത്രലേഖകരെ 'പിതൃശൂന്യര്‍' എന്ന്‌ വിളിച്ച ചെറുപ്പക്കാരന്‍ പുതിയ ഡി.വൈ.എഫ്‌.ഐ കമ്മറ്റിയില്‍ ഭാരവാഹിയായിട്ടുണ്ട്‌. അടുത്ത സമ്മേളനം കഴിയുമ്പോള്‍ പയ്യന്നൂരില്‍ സക്കറിയയെ തെറിയഭിഷേകം നടത്തി ആക്രമിച്ചവര്‍ക്കും സംഘടനയുടെ നേതൃത്വത്തില്‍ സ്ഥാനം ലഭിച്ചേക്കും. ഒരു പ്രമുഖ കവി പറഞ്ഞതുപോലെ മാര്‍ക്സിസത്തെ മുഷ്കിസമാക്കിയ വിവര ശൂന്യന്മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും സംഘടനയായി ഡി.വൈ.എഫ്‌.ഐ അധഃപതിച്ചു. നാല്‍പത്‌ വയസില്‍ താഴെയായതുകൊണ്ട്‌ ഈ സംഘടനയില്‍പ്പെട്ടവര്‍ യുവാക്കള്‍ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നു. ചിന്തയിലും മനസ്സിലും ജരാനര ബാധിച്ച അവരെ യുവകേരളത്തിന്റെ പ്രതിനിധികളായി ആര്‍ക്കും കാണാനാവില്ല. യൗവനം പ്രായത്തിന്റെ മാത്രം പ്രശ്നമല്ല. അത്‌ മഹത്തായ ഒരു മനോഭാവമാണ്‌. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ ഡി.വൈ.എഫ്‌.ഐയ്ക്ക്‌ വാര്‍ദ്ധക്യം ബാധിച്ചിരിക്കുന്നു.




Friday, January 22, 2010

അപ്രിയസത്യങ്ങളും കമ്യൂണിസ്റ്റുകാരും

അപ്രിയസത്യങ്ങളും കമ്യൂണിസ്റ്റുകാരും
സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടിവെക്കുന്നതിനെ കമ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു എന്നത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഏറെ ഉദ്ധരിക്കപ്പെട്ട വാക്യമാണ്. സദസ്സറിഞ്ഞുവേണം സംസാരിക്കാന്‍ എന്നാണ് നമ്മുടെ കാലത്തെ കമ്യൂണിസ്റ്റുനേതാവ് ഉപദേശിക്കുന്നത്. ഇവയ്ക്കിടയിലെ ദൂരം ഇന്ന് സി.പി. എം. എവിടെയെത്തി എന്നതിന്റെ കൂടി സൂചികയായി കാണാം.
 ഓരോ കാലഘട്ടത്തിലെയും ഭരിക്കുന്ന ആശയങ്ങള്‍ എല്ലായ്‌പ്പോഴും അന്നന്നത്തെ ഭരണാധികാരി വര്‍ഗത്തിന്റെ ആശയങ്ങളായിരിക്കും എന്നും മാനിഫെസ്റ്റോ ചൂണ്ടിക്കാട്ടുന്നു. ഓരോ കാലത്തെയും സാമാന്യബോധവും സദസ്സിന്റെ ബോധവും ഭരണവര്‍ഗങ്ങളാല്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഇതിനര്‍ഥം.കമ്യൂണിസ്റ്റുകാരുടെ ചുമതലയാകട്ടെ വിപ്ലവകരമായ ഇടപെടലാണ്.
 അതിനാല്‍ ഭരണവ്യവസ്ഥയ്ക്ക് അപ്രിയമായ സത്യങ്ങള്‍ ഏറെ പറയേണ്ടിവരുന്നത് കമ്യൂണിസ്റ്റുകാര്‍ക്കായിരിക്കും. ക്രിസ്തീയ മതമേധാവിത്വത്തിനെതിരെ കടുത്തഭാഷയില്‍ കടന്നാക്രമണം നടത്തിക്കൊണ്ട് രംഗപ്രവേശം ചെയ്ത യുവഹെഗേലിയന്‍മാരില്‍പ്പെട്ടവരായിരുന്നു കാള്‍മാര്‍ക്‌സും വോയര്‍ബാഹുമെല്ലാം. ഇവര്‍ക്ക് മതയാഥാസ്ഥിതികത്വത്തിന്റെ പലതരം ഭീഷണികളും നേരിടേണ്ടിവന്നു. കമ്യൂണിസത്തിനെതിരെ പോപ്പും സാര്‍ ചക്രവര്‍ത്തിയും ഫ്രഞ്ചു റാഡിക്കല്‍ കക്ഷിക്കാരും ജര്‍മന്‍ പോലീസ് ചാരന്മാരുമെല്ലാം രൂപപ്പെടുത്തിയ പാവനസഖ്യത്തെ മാര്‍ക്‌സും എംഗല്‍സും തുറന്നുകാണിച്ചു.
അഹിതകരമായ അഭിപ്രായപ്രകടനം നടത്തിയ മാര്‍ക്‌സിനെയും കൂട്ടരെയും നേരിടണമെന്ന പാവനസഖ്യ തീരുമാനത്തെ ന്യായീകരിക്കുന്നതാണ് പിണറായി വിജയന്‍ ഇപ്പോള്‍ അവതരിപ്പിക്കുന്ന വാദമുഖം. ക്രിസ്തുവിനെ വിമര്‍ശിച്ചാല്‍ ക്രിസ്തുമതാനുയായികളും അല്ലാഹുവിനെ വിമര്‍ശിച്ചാല്‍ഇസ്‌ലാംമതാനുയായികളും ചെയ്യാന്‍ ഇടയുള്ളതേ തങ്ങളുടെ നേതാക്കളെ വിമര്‍ശിച്ചപ്പോള്‍ മാര്‍ക്‌സിസ്റ്റനുഭാവികളും ചെയ്തിട്ടുള്ളൂ എന്നത് അത്ര നിഷ്‌കളങ്കമായ വാദമേയല്ല.
ശരി-അത്ത് വിവാദത്തിനിടെ ഇ. എം. എസ്സിന് കേള്‍ക്കേണ്ടിവന്ന പഴികള്‍ക്കും നേരിടേണ്ടിവന്ന ഭീഷണികള്‍ക്കും നീതീകരണമായിത്തീരുന്നുണ്ട് പിണറായി വിജയന്റെ പുതിയ വാദം. അല്ലാഹുവിന്റെ വാക്യങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കുണ്ട് അധികാരം? എന്ന മതമൗലികവാദികളുടെ ചോദ്യം തന്നെയാണ് ഇവിടെ ഉച്ചത്തില്‍ മുഴങ്ങുന്നത്.
ഇങ്ങനെയൊക്കെ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ നാം ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്. നമ്മുടെ നവോത്ഥാനാനുഭവങ്ങളില്‍ അവിസ്മരണീയവും വിസേ്ഫാടനാത്മകവുമായ സംഭാഷണങ്ങളും പ്രഭാഷണങ്ങളും തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഒരു ക്ഷേത്രം കത്തിനശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറയാന്‍ സി. കേശവനും അതുതന്നെ മറ്റു വാക്കുകളില്‍ അവതരിപ്പിക്കാന്‍ വാഗ്ഭടാനന്ദന്‍, വി. ടി. ഭട്ടതിരിപ്പാട് എന്നിവര്‍ക്കും ചങ്കൂറ്റമുണ്ടായി.
പ്രതിഷ്ഠയെ അലക്കുകല്ലാക്കുമെന്ന് വെല്ലുവിളിക്കാന്‍ ഇ. വി. രാമസ്വാമി നായ്ക്കരുണ്ടായി. അതൊന്നും ദൈവത്തോടുള്ള അടങ്ങാത്ത കലിയായിരുന്നില്ലെന്ന് അന്നും ഇന്നും ജനങ്ങള്‍ക്കറിയാം. മതപൗരോഹിത്യവും അധികാരശക്തിയും അടിച്ചേല്‍പ്പിച്ച വ്യവസ്ഥയുടെ പൊരുത്തക്കേടുകള്‍ക്കെതിരായ കലാപമായിരുന്നു അത്. യാഥാസ്ഥിതിക പക്ഷത്തിന്റെ പൊതുബോധത്തിന് നിരക്കുംവിധമാണ് ആശയസമരം നടത്തേണ്ടത് എന്ന് മേല്‍പ്പറഞ്ഞ മഹാരഥന്മാര്‍ കരുതിയിട്ടില്ല.
സക്കറിയ പയ്യന്നൂരിലെ പുസ്തകപ്രകാശന വേദിയില്‍ കമ്യൂണിസ്റ്റ് ആചാര്യന്‍മാരെ അവഹേളിക്കുംവിധം സംസാരിച്ചുവെന്ന് കരുതാന്‍ ന്യായമില്ല. അങ്ങനെയായിരുന്നെങ്കില്‍ അധ്യക്ഷത വഹിച്ച പി. അപ്പുക്കുട്ടന്‍ ആ വേദിയില്‍ തന്നെ അതു തിരുത്തുമായിരുന്നു. അധ്യക്ഷമര്യാദകളില്‍പ്പെട്ട ഒന്നാണത്. ആ പരിപാടിയില്‍ പങ്കെടുത്ത സി. വി. ബാലകൃഷ്ണനും എന്‍. ശശിധരനും പറഞ്ഞത് അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല.
ഉണ്ണിത്താനെ പിടികൂടുന്നതില്‍ ഡി.വൈ. എഫ്. ഐ. അമിതാവേശം കാണിച്ചു എന്നാണല്ലോ സക്കറിയയുടെ വിമര്‍ശനം. ലൈംഗികത സംബന്ധിച്ച വികസിച്ച കാഴ്ചപ്പാടുള്ളവരാണ് മാര്‍ക്‌സിസ്റ്റുകാര്‍ എന്നദ്ദേഹം കരുതിയിരിക്കണം. കുടുംബം, സ്വകാര്യസ്വത്ത്,ഭരണകൂടം എന്നിവയുടെ ഉത്ഭവം സംബന്ധിച്ചു പരിശോധിക്കുമ്പോള്‍ എംഗല്‍സ് പ്രകടിപ്പിച്ച നിരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോഴും പുതുമയുള്ളതാണ്. സക്കറിയയുടെ നിരീക്ഷണങ്ങളോട് അസംതൃപ്തി കാണിച്ചവര്‍ സ്വവര്‍ഗലൈംഗികതയെ സാധൂകരിക്കുംവിധം എം.എ. ബേബി ഒരഭിമുഖത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് പ്രതികരിച്ചിട്ടില്ല .
ഇത്തരത്തില്‍ സ്വതന്ത്രലൈംഗികതയുടെ സംസ്‌കാരവും പാഠ്യക്രമവുമുള്ള ഒരു അമേരിക്കന്‍ സര്‍വകലാശാലയുമായി കരാറുണ്ടാക്കിയ കേരളസര്‍വകലാശാലയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച എസ്.സുധീഷിനെയാണ് സി.പി.എം. നേരിട്ടത്. കേരള സര്‍വകലാശാലയ്‌ക്കെതിരെ അന്ന് യുവജനരോഷം ഇരമ്പിയിട്ടില്ല. അന്നും ഇന്നും പ്രശ്‌നം ലൈംഗികതയല്ലെന്നു വ്യക്തം. രണ്ടു വ്യക്തികളുടെ സ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെട്ടു എന്ന സക്കറിയയുടെ നിരീക്ഷണത്തോടു നമുക്കു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഇതു പറയാന്‍ സക്കറിയ ഉപയോഗിച്ച ഭാഷ ഏതായാലും കൈയേറ്റത്തിന് അത് ന്യായീകരണമാകുന്നില്ല.
സി.പി.എമ്മിന്റെ സാമ്രാജ്യത്വാനുകൂല നയങ്ങള്‍ക്കെതിരെ സംസാരിച്ചപ്പോഴാണ് എം.എന്‍.വിജയനെ ശത്രുവായി മുദ്രയടിച്ചത്. പുരയ്ക്കുമേല്‍ ചാഞ്ഞ മരം എന്നാണ് വിജയനെ പാര്‍ട്ടി നേതൃത്വം വിശേഷിപ്പിച്ചത്. അതില്‍ പറയാതെ വിട്ട വാക്യഭാഗം ധ്വനിച്ചുനില്‍ക്കുന്നുണ്ട്. മരം പുരയ്ക്കുമേല്‍ ചാഞ്ഞാല്‍ എന്താണ് ചെയ്യുക? വെട്ടിക്കളയുകതന്നെ. ഇത് കൈയേറ്റത്തിനുള്ള സമ്മതപത്രമാകുന്നു. എസ്.സുധീഷിനെ ജനങ്ങള്‍ നേരിടണമെന്നും ഇതേ കൗശലത്തോടെ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതിയിരുന്നു.
ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന സിഖ് വേട്ടയെ ന്യായീകരിക്കും വിധം വന്‍മരങ്ങള്‍ വീഴുമ്പോള്‍ ചില ആഘാതങ്ങളൊക്കെയുണ്ടാകും എന്ന അഭിപ്രായ പ്രകടനം നിര്‍വഹിച്ച അതേ ദൗത്യമാണ് പുരയ്ക്കുമേല്‍ ചാഞ്ഞ മരം, സദസ്സറിഞ്ഞു സംസാരിക്കുക തുടങ്ങിയ പ്രയോഗങ്ങളിലൂടെയും നിര്‍വഹിക്കപ്പെടുന്നത്. അഭിപ്രായം പറയാന്‍ സക്കറിയയ്‌ക്കെന്നപോലെ കേട്ടിരിക്കുന്നവര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്ന ടി.ശിവദാസമേനോന്റെ പ്രസ്താവനയ്ക്കും ഒരക്രമ ധ്വനിയുണ്ട്.
വി.എസ്.അച്യുതാനന്ദനെതിരെ കെ.ഇ.എന്‍. ഉറഞ്ഞുതുള്ളിയപ്പോഴും എം. എന്‍.വിജയനെതിരെ ഏതു സിന്‍ഡിക്കേറ്റിനെയും വെല്ലുംവിധം ലേഖന പരമ്പര പ്രസിദ്ധീകരിച്ചപ്പോഴും സെബാസ്റ്റ്യന്‍ പോളിനെയും ഗോപാലകൃഷ്ണനെയും വെല്ലുവിളിച്ചപ്പോഴും സദസ്സിനെ സംബന്ധിച്ച ബോധം പ്രകടിപ്പിച്ചു കണ്ടില്ലല്ലോ. പാര്‍ട്ടി വിടുകയും ഭിന്നാഭിപ്രായം പറയുകയും ചെയ്ത അധിനിവേശ പ്രതിരോധ സമിതി സെക്രട്ടറി കെ. എസ്. ഹരിഹരനെ കോഴിക്കോട് നഗരമധ്യത്തില്‍ വെച്ച് ആക്രമിച്ചതും ഈ പുതിയ കാഴ്ചപ്പാടിന്റെ ഭാഗമാണ്.
സദസ്സിനും പൊതുബോധത്തിനും നിലവിലുള്ള ഭരണവ്യവസ്ഥയ്ക്കും നിരക്കുന്നതേ ചെയ്യാവൂ എന്ന് സി. പി. എം. പറയുമ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന നിലവിട്ട് അത് ഭരണവര്‍ഗ പാര്‍ട്ടിയായി സ്വയം പ്രഖ്യാപിക്കുകയാണ്. ഒരു ജനാധിപത്യ പാര്‍ട്ടിക്കും ഭൂഷണമല്ലാത്ത ഒരു നിലപാടാണത്.
ഇടതുപക്ഷ തീവ്രവാദത്തിനെ വാതോരാതെ എതിര്‍ത്തു പോരുന്ന പാര്‍ട്ടിയാണ് സി. പി.എം. സ്വന്തം പാര്‍ട്ടി പരിപാടിയിലെ ഭാഗം വായിച്ചു കേട്ടാല്‍പ്പോലും ഇടതുപക്ഷ തീവ്രവാദമാണ് എന്നു കരുതും വിധം വലതുപക്ഷത്തു നിലയുറപ്പിക്കുകയും തീവ്രവാദികളുടെ ഉന്മൂലന സിദ്ധാന്തത്തെ പിന്‍പറ്റുകയുമാണ് ആ പാര്‍ട്ടി. ഭിന്നാഭിപ്രായം പറയുന്നവരെ ഒതുക്കുക, തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കൈയേറ്റം ചെയ്യുക, പാര്‍ട്ടി വിട്ടവരെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ പ്രേരിപ്പിക്കുക, അക്രമം അഴിച്ചുവിടുക എന്നിങ്ങനെ തീവ്ര നിലപാടുകളാണ് അവര്‍ പിന്തുടരുന്നത്. എന്തിനെപ്പറ്റിയും പറയാം ഞങ്ങളുടെ പാര്‍ട്ടിയെപ്പറ്റി വേണ്ട എന്നത്രെ നിലപാട്. അതിനാല്‍ ഉറക്കെ പറയാന്‍ ഭയമുള്ളവര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് എന്ന സ്വകാര്യ അവസരത്തിനാണ് കാത്തിരിക്കുന്നത്.
ജാതി-മത-സമുദായങ്ങളെല്ലാം തള്ളിപ്പറയുകയും ദൈവനിഷേധികളെന്നും മതവിരുദ്ധരെന്നും ആക്ഷേപിക്കപ്പെടുകയും ചെയ്ത കാലത്തൊന്നും അനുഭവിച്ചിട്ടില്ലാത്തവിധം വിശ്വാസപ്രശ്‌നം ഇപ്പോള്‍ പാര്‍ട്ടിയെ വേട്ടയാടുന്നതെന്തുകൊണ്ടാണ്? അബ്ദുള്ളക്കുട്ടിയും മനോജും ഉയര്‍ത്തിയ പ്രശ്‌നം പാര്‍ട്ടിക്കാര്‍ക്കാണ് ഇപ്പോള്‍ പാര്‍ട്ടിയെപ്പറ്റി ഒരു ചുക്കും അറിയാത്തതെന്നു ബോധ്യപ്പെടുത്തുന്നു. ദൈവനിഷേധികളെന്ന് ഏറെ പഴികേട്ട കാലത്താണ് ലോകത്തെങ്ങും ലക്ഷക്കണക്കിനാളുകള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കു പിറകില്‍ അണി നിരന്നത്. ഭൗതികവാദത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു എന്നത് അന്നൊന്നും ആര്‍ക്കും തടസ്സമായില്ല.
വിശ്വാസത്തെത്തന്നെ നിലനിര്‍ത്താനാവശ്യമായ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ നേടിക്കൊടുക്കാന്‍ പാര്‍ട്ടി കാണിച്ച സമരോത്സുകതയാണ് വിശക്കുന്നവന്റെ മുന്നില്‍ അപ്പം എന്നപോലെ ദരിദ്രന്റെയും തൊഴില്‍രഹിതന്റെയും തൊഴിലാളിയുടെയും മുന്നില്‍ ദൈവമായി മാറാന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയെ പ്രാപ്തമാക്കിയത്. അപ്പോള്‍ ദൈവവിശ്വാസം വ്യക്തിനിഷ്ഠവും പൊതു രാഷ്ട്രീയജീവിതത്തില്‍ അപ്രധാനവുമായിത്തീരുകയായിരുന്നു.
സമീപഭൂതകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ സമരോത്സുകത നഷ്ടമാവുകയും അവര്‍ അധീശമൂല്യങ്ങളുടെയും താത്പര്യങ്ങളുടെയും സംരക്ഷകരായി മാറുകയും ചെയ്തതോടെയാണ് അപ്രധാന വിഷയങ്ങള്‍ പാര്‍ട്ടിയില്‍ മുഖ്യവിഷയങ്ങളായി തലപൊക്കിത്തുടങ്ങിയത്. സമരപ്രസ്ഥാനങ്ങള്‍ ജീര്‍ണിച്ചാല്‍ മറ്റു ജനാധിപത്യ പ്രസ്ഥാനങ്ങളെക്കാള്‍ അപകടം ചെയ്യും എന്നതാണനുഭവം.
ജാതി-മത ആചാരങ്ങളും ചടങ്ങുകളും ഉപേക്ഷിക്കാനായില്ലെങ്കില്‍ കമ്യൂണിസത്തിന്റെ മൂലതത്ത്വമായ ഭൗതികവാദത്തെ ഉപേക്ഷിക്കലാകും ഫലം. അപ്പോഴതു കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതാകും. പേരും കൊടിയും ഉപേക്ഷിക്കാത്തതുകൊണ്ട് അതത്ര എളുപ്പമല്ല. എന്നാല്‍ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ തത്ത്വങ്ങള്‍ സമരങ്ങളിലൂടെയും ഇതര സൈദ്ധാന്തിക-പ്രായോഗികാനുഭവങ്ങളിലൂടെയും പഠിപ്പിക്കാനും സാധിക്കുന്നില്ല.
ഇതാണ് സി.പി.എം. സ്വയം വരുത്തിവച്ച പ്രതിസന്ധി. ഇതിനെ മറികടക്കാനാവും വിധം ജനകീയസമരങ്ങളെങ്കിലും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലതുപക്ഷപാത പിന്തുടരുന്ന സി.പി.എം. അങ്ങനെയും രക്ഷപ്പെടാന്‍ സാധ്യതയില്ല.
ക്രിസ്തീയസഭകള്‍ക്കു വന്നുപെട്ട പരിണതി എംഗല്‍സ് വിവരിക്കുന്നുണ്ട്. അത് ഇപ്പോഴത്തെ സി.പി.എമ്മിനും യോജിക്കുമെന്നതിനാല്‍ ഇവിടെ കുറിക്കട്ടെ. സമകാലീനമായ പിന്തിരിപ്പന്‍ ശക്തികളെ എതിര്‍ത്തുകൊണ്ടാണ് ക്രിസ്തീയസഭ ആദ്യം ഉയര്‍ന്നു വന്നത്. അതുകൊണ്ടുതന്നെ ഭരണവര്‍ഗങ്ങളില്‍നിന്ന് ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് വളരെയേറെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. അതു തന്നെയാണ് ആധുനിക തൊഴിലാളിവര്‍ഗത്തിന്റെയും സ്ഥിതി.
     പില്‍ക്കാലത്താകട്ടെ ക്രിസ്തീയസഭയുടെ അടിസ്ഥാന തത്ത്വങ്ങളില്‍ മറ്റേതു ലംഘിക്കപ്പെട്ടാലും സഭ പൊറുക്കും. പക്ഷേ, സ്വകാര്യസ്വത്തിന്റെ പരിശുദ്ധിയെ സംബന്ധിച്ച തത്ത്വം ലംഘിക്കപ്പെട്ടാല്‍ സഭ പൊറുക്കുകയില്ല. ഫ്യൂഡലിസത്തിന്റെയും മുതലാളിത്തത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സ്ഥാപനമായി സഭ അധഃപതിച്ചു എന്നര്‍ഥം.



Friday, January 15, 2010

അയല്‍ക്കാര്‍ കുതിച്ചപ്പോള്‍ നാം എങ്ങനെ പിന്നിലായി ?

അയല്‍ക്കാര്‍ കുതിച്ചപ്പോള്‍ നാം എങ്ങനെ പിന്നിലായി ? ഡോ. സി.ടി. ജോര്ജ്ക ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്ര്സിനും അതിന്റെകൂടെ നില്ക്കു ന്ന ജനാധിപത്യ വിശ്വാസമുള്ള പാര്ട്ടി കള്ക്കുവമല്ലാതെ വേറെ ആര്ക്കെ ങ്കിലും വോട്ട്‌ ചെയ്ത്‌ ജയിപ്പിച്ചയച്ചാല്‍ ഉറപ്പായി കിട്ടാവുന്നത്‌ ഇപ്പോള്‍ ജനമാകെ അനുഭവിക്കുന്ന അഞ്ചുകൊല്ലത്തെ കഠിനശിക്ഷയാണ്. പക്ഷെ നമുക്കതില്‍ ചെറിയ ആശ്വാസത്തിനിടയുണ്ട്‌. കാരണം മറ്റൊരു സംസ്ഥാനത്ത്‌ 32 കൊല്ലമായി ശിക്ഷ അനുഭവിക്കുന്നവരുണ്ട്‌. അതായത്‌ കാലാകാലം വോട്ട്‌ ചെയ്യുകയും എന്നാല്‍ ശിക്ഷ തുടരുകയും ചെയ്യുന്നത്‌ ജനാധിപത്യമാണെന്ന്‌ ധരിക്കുന്നവരും ശിക്ഷ എപ്പോഴും ശിക്ഷയാണെന്ന കാര്യം മറക്കുന്നു. അത്‌ ഒരു ജീവിത വ്യാധിയായി കാണേണ്ടതും മാറ്റേണ്ടതും അത്യാവശ്യം. ഈ കുരുക്കില്നിന്നും രക്ഷപെടണമെങ്കില്‍ സൂക്ഷിച്ചും ആലോചിച്ചും നല്ലവരേയും നല്ലത്‌ മാത്രം ചെയ്യൂ എന്ന്‌ ആശങ്കയില്ലാതെ വിശ്വസിക്കാവുന്നവരേയും മാത്രമേ ഇനി വരുന്നകാലം നമ്മള്‍ തിരഞ്ഞെടുക്കാവൂ എന്ന സുചിന്ത ബാലറ്റ്‌ പേപ്പറില്‍ സീല്‍ കുത്തുന്ന സമയം പ്രത്യേകമായി ഓര്ക്കകണം. കുത്തുന്ന അടയാളം നമ്മുടെ രക്ഷയുടേതായിരിക്കണം, ശിക്ഷയുടേതാവരുത്‌ എന്ന ശാഠ്യം നമുക്കുണ്ടാകണം. അത്‌ വ്യക്തമായി രേഖപ്പെടുത്തണം. എന്തെന്നാല്‍ വോട്ടിങ്ങില്‍ ജയിച്ചുവരുന്നവരെ കാലാവധി തീരുന്നതുവരെ നമ്മള്‍ സഹിക്കേണ്ടിവരും. ഒരു ജോലിക്കാരനെ നിയമാനുസൃതമായി പിരിച്ചുവിടാന്‍ സാധിച്ചേക്കും, പക്ഷേ നിയമമുണ്ടാക്കുന്നവരെ അങ്ങിനെ ചെയ്യാന്‍ സാധ്യമല്ലാത്തിതിനാല്‍ ഒത്തിരി ആലോചിച്ച്‌ എല്ലാവര്ക്കും നിയമനിര്മ്മാ ണം വഴി നല്ലതുമാത്രം ചെയ്യുന്ന വ്യക്തികളെ നമ്മുടെ പ്രതിനിധികളായി അയക്കണം. പ്രതിനിധാനം ചെയ്യുന്ന വ്യക്തി ചെയ്യുന്നത്‌ നാം ഓരോരുത്തരും ചെയ്യുന്ന സാമാന്യ ബുദ്ധിയെങ്കിലും പ്രദര്ശിാപ്പിക്കുന്ന കാര്യമായിരിക്കണം. എല്ലാം ജനനന്മയ്ക്കായിരിക്കണം. ജനപീഡനമാകരുത്‌. വൈരാഗ്യബുദ്ധിയോ, സ്വന്തം നിലനില്പോക നശീകരണ സ്വഭാവമോ അനുവദനീയമല്ല. പക്ഷെ നിര്ഭാമഗ്യമെന്നു പറയട്ടെ, ഇന്നു കാണുന്നതും ലഭ്യമാകുന്നതും ഇവമാത്രം. ചരിത്രം പഠിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ഭരണകര്ത്താ്ക്കള്‍ നല്ലനല്ല പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരാന്‍ താല്പദര്യം കാണിച്ചിരുന്നു. അക്ബര്‍ ചക്രവര്ത്തിംയുടെ പരിഷ്ക്കാരങ്ങള്‍ ഏറെ ജനസമ്മതിനേടിയതും എന്നാല്‍ ഒറംഗസീബിന്റേത്‌ മറിച്ചും ആയിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്തും ദ്രോഹം പ്രകടമായിരുന്നു. ആ വ്യവസ്ഥിതിയോടുള്ള എതിര്പ്പാ ണല്ലോ അവസാനം അവര്‍ ഇന്ത്യവിട്ടതും നാം സ്വതന്ത്രരായതും. ഇന്ത്യയുടെ സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ചരിത്രത്തില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉണ്ടായ പുരോഗമനത്തിന്‌ അതതുസമയം ഭരിച്ചിരുന്ന നേതാക്കള്ക്ക് ‌ വലിയ പങ്കുണ്ടായിരുന്നു. പാര്ട്ടി ചിന്തകള്ക്കും അതീതമായി ജനക്ഷേമം അവരുടെ മനസ്സിലും പ്രവൃത്തിയിലും ഗാഢമായി നിലനിന്നിരുന്നു എന്നതാണ്‌ പ്രത്യേകമായി കാണേണ്ട ആശയം, ആദര്ശം്, ആവേശം, ആശ്വാസം. എന്നാല്‍ ഇപ്പോള്‍ കാണുന്നത്‌ ഭരണപരിഷ്ക്കാരം എന്ന വ്യാജേന ജനജീവിതം ഏറ്റവും ദുഷ്കരമായ രീതിയിലേക്ക്‌ തള്ളിവിട്ടുകൊണ്ടിരിക്കുന്ന ഒരു രീതിയാണ്‌, അനീതിയാണ്. ഈ ദുര്ഭിരണം കാലാവധിവരെ തുടരും എന്ന ദുഃഖം എല്ലാ മനസ്സുകളിലുമുണ്ട്‌. പക്ഷെ മറ്റൊരു മാര്ഗ്ഗവമില്ലാത്തതിനാല്‍ തുടരട്ടെ. എന്നാല്‍ ഇനി വരുന്ന സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജനം ഇവരെയെല്ലാം അവരവരുടെ വീടുകളില്‍ ഇരുത്തും എന്നത്‌ എല്ലാവര്ക്കു മറിയാം, ഭരിക്കുന്നവര്ക്ക് ‌ പ്രത്യേകിച്ചും. വീടുകളില്‍ ഇരുത്തും എന്ന പ്രയോഗം ഉപയോഗത്തില്‍ വരുന്നതിന്‌ ഇക്കഴിഞ്ഞ മൂന്ന്‌ ഉപതെരഞ്ഞെടുപ്പുകള്‍ ഉപകരണങ്ങളായി എന്നതും വാസ്തവം. അതിനാല്‍ ഇനി ചെയ്യാവുന്ന കാര്യം, സര്വ ദൈവങ്ങളുടേയും സഹായം തേടി അടുത്ത തെരഞ്ഞെടുപ്പ്‌ മുഖേന ഈ ദുര്ഭഉരണം അവസാനിക്കും, അവസാനിപ്പിക്കും എന്ന സത്പ്രതീക്ഷ നമുക്കു സ്വന്തമാകണം, സാന്ത്വനമാകണം. അഞ്ചുകൊല്ലംകൊണ്ട്‌ ജനവും ജനാധിപത്യവും പുരോഗമനവും ഒത്തിരി പുറകോട്ട്‌ പോകും. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം അവ കൂടുതല്‍ സങ്കീര്ണജമാക്കുന്നതിനുള്ള കഴിവ്‌ പ്രത്യേകം നേടിയിട്ടുള്ളവരാണ്‌ ഭരിക്കുന്നത്‌. എല്ലാവരേയും വെറുപ്പിച്ച, ദ്രോഹിച്ച, നശിപ്പിച്ച വേറൊരു ഭരണം ഇന്ത്യയിലെന്നല്ല ഏഷ്യയിലും കാണുവാന്‍ പ്രയാസമാണ്. ആ നിലയ്ക്ക്‌ വികലമായ ഭരണത്തില്‍ ഇക്കൂട്ടര്‍ ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നു. കേന്ദ്രസര്ക്കാമരിനെ പഴിചാരുന്നതില്‍ അതിവിദഗ്ദ്ധരാണ്‌. ആ പതിവും ചിട്ടയും ആത്മാര്ത്ഥ മായി തുടരും എന്നതിനും സംശയമില്ല.നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലേക്ക്‌ ആറുമാസം കൂടുമ്പോള്‍ സന്ദര്ശ നം നടത്തുക. അപ്പോള്‍ മനസ്സിലാകും എന്താണ്‌ പുരോഗതിയുടെ മാനദണ്ഡം എന്ന്‌. അക്കാര്യം നമുക്ക്‌ ദൃശ്യമാകും. അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുതകരമായ മാറ്റങ്ങള്‍ വഴി ജോലിയും സമ്പത്തും സന്തോഷവും ക്ഷേമവും കൂടിക്കൂടി വരുന്നു. സംരംഭങ്ങള്ക്ക്്‌ സര്ക്കാമരിന്റെ പൂര്ണ്ണആ സഹായവും സഹകരണവും ആശിര്വാവദവും. പണം മുടക്കുന്നവരും ജോലി തേടുന്നവരും പൊതുവേ ജനവും ഐശ്വര്യത്തിലേക്ക്‌ എന്നതാണ്‌ മറ്റു സംസ്ഥാന ഭരണകര്ത്താ ക്കള്‍ സ്വീകരിച്ചിരിക്കുന്ന, നടപ്പിലാക്കുന്ന, മുദ്രാവാക്യം. അതിനാല്‍ തമിഴ്‌നാട്ടില്‍ ഒരു രൂപയ്ക്ക്‌ ഒരുകിലോ അരികിട്ടും. ഓരോ റേഷന്കാലര്ഡ്ി‌ ഉടമയ്ക്കും 20 രൂപക്ക്‌ 20 കിലോഗ്രാം അരികിട്ടും. അത്‌ അടുത്തുതന്നെ 30 കിലോയ്ക്ക്‌ 30 രൂപ എന്നാകും, ചിലപ്പോള്‍ 30 രൂപയിലും കുറവാകാനും സാധ്യത. നമ്മുടെ നാട്ടിലെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ വിഷയം എത്ര ഭയാനകം. ഇവിടെ ജനത്തെ തട്ടുകളിലാക്കും, ക്യൂവില്‍ നിറുത്തും, അഞ്ചുകൊല്ലവും ഓരോ കാരണവും പറഞ്ഞ്‌ ജനം ക്യൂവിലായിരിക്കും. എവിടെയും ക്യൂ കാണാം. അപേക്ഷാ ഫോറങ്ങള്‍ പൂരിപ്പിച്ച്‌ മടുക്കും. എന്തിനധികം, റേഷന്കാതര്ഡ്ര‌ വരെ കൃത്യമായി ഉണ്ടാക്കുവാനോ കൊടുക്കുവാനോ സാധിച്ചിട്ടില്ല. റേഷന്‍ സാധനങ്ങള്‍ കിട്ടുന്നത് മറന്നേക്കണം. ശരിയായ ഒരു റേഷന്കാെര്ഡ്ഉ‌ എങ്കിലും ഭദ്രമായി വെയ്ക്കുവാന്‍ സാധിച്ചാല്‍ ദൈവാനുഗ്രം എന്നുപറയാം. ഭരിക്കുന്നവര്ക്ക് ‌ കാര്യമായ തെറ്റുകള്‍ പറ്റി. അവ വേഗത്തില്‍ തിരുത്തുന്നതിനുപകരം തുടരുന്നു, തുടരുമെന്ന്‌ ശക്തിയോടെ പറയുന്നു. ചില പദപ്രയോഗങ്ങളും ഫലിതങ്ങളും ചരിക്കാനുതകുന്ന സംസാരശൈലിയും ഇവിടെമാത്രം നടക്കുന്ന, കാണുന്ന കസര്ത്തു കളാണ്‌. മറ്റു സംസ്ഥാനങ്ങളുടെ ഭരണത്തിലേക്കും നടത്തിപ്പിലേക്കും കടന്നുചെല്ലുമ്പോള്‍ ഇതില്നി്ന്ന്‌ വ്യത്യസ്തമായി ജനത്തിന്‌ ഗുണകരമായ അനേകം കാര്യങ്ങള്‍ നടക്കുന്നു, നടത്തുന്നു. ഇവിടെ ഉദ്യോഗസ്ഥരെ വെറുപ്പിച്ച്‌, അവരെ ബലിയാടുകളാക്കി, ഗൗരവമായ കാര്യങ്ങളില്‍ അതര്ഹികക്കുന്ന, ആവശ്യപ്പെടുന്ന ബുദ്ധിപരമായ സമീപനം ഇല്ലാതെ വെറുതെ വര്ത്ത മാനം മാത്രം നടക്കുന്നു. ഇവിടെ ഭരണാധികാരികളെ മാത്രം മാറ്റിനിറുത്തി, ബാക്കി എല്ലാവരേയും കുറ്റക്കാരായി, കുറവുള്ളവരായി കാണിക്കുവാന്‍ പ്രത്യേകതാല്പിര്യം കാണുന്നു. ഇവിടെ എല്ലാവരും മുഖ്യമന്ത്രിമാരാണ്‌ എന്നുതോന്നും പോക്കുകണ്ടാല്‍, ശ്രദ്ധിച്ചാല്‍. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്നത്‌ ഒരു സങ്കല്പംണ മാത്രം. കാര്യങ്ങള്‍ കാര്യകാരണസഹിതം മനസ്സിലാക്കുവാന്‍ വയസാകുന്തോറും ബുദ്ധിമുട്ടാകും. വിശ്രമിക്കേണ്ടവര്‍ രാജ്യം ഭരിക്കാനിറങ്ങിയാല്‍ ഇങ്ങിനെയൊക്കേ നടക്കൂ എന്ന്‌ മനസ്സിലാക്കുന്നതും നല്ലതിനാണ്‌. അടുത്ത തെരഞ്ഞെടുപ്പില്‍ വിവേകമതികളേയും വിദ്യാസമ്പന്നരേയും സര്വ്ജന ഐശ്വര്യകാംക്ഷികളേയും നിയമസഭയിലേക്കയക്കേണ്ടത്‌ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്‌, കടപ്പാടാണ്‌, ആവശ്യമാണ്‌, നിര്ബ ന്ധമാണ്‌. എല്ലാത്തിനും ഉപരി നല്ലവരായ ജനപ്രതിനിധികളേയാണ്‌ നാം നിയമസഭയിലേക്ക്‌ അയക്കേണ്ടത്‌. നല്ല വിത്തുനട്ടാല്‍ നല്ല ഫലം ഉണ്ടാകുന്നതുപോലെ നല്ലവരെ ഭരണം ഏല്പി്ച്ചാല്‍ നല്ലത്‌ പ്രതീക്ഷിക്കാം. സമരക്കാരെ, ബന്ദുകാരെ പ്രതിഷേധക്കാരെ, പിന്നോക്കം പോക്കുകാരെ വികലമായ ആശയക്കാരെ ഭരണം നടത്തുവാന്‍ ഏല്പികച്ചാല്‍ സമരവും ബന്ദും നമുക്കുറപ്പിക്കാം. നല്ല കാര്യങ്ങള്‍ പറയുന്നവര്‍ ധാരാളം, ചെയ്യുന്നവര്‍ നന്നേ ചുരുക്കം. ഭരണത്തിലിരിക്കുന്നവര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കണം. അതും വേഗത്തില്‍ കൃത്യമായി ചെയ്യുന്നവരായിരിക്കണം. അഞ്ചുകൊല്ലം ഭരണം കഴിഞ്ഞ്‌ തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാം നല്ലതിനായി ചെയ്തു, നല്ലതായി ഭവിച്ചു എന്ന സത്യം ഓരോ ഭരണാധികാരിയേയും സന്തോഷവാന്മാരാക്കണം. മറിച്ചായാല്‍ അത്‌ നാടിന്റേയും നാട്ടാരുടേയും ദൗര്ഭാനഗ്യം മാത്രം. ശരിക്കും അഞ്ചുകൊല്ലംകൊണ്ട്‌ പത്തുകൊല്ലത്തെ കാര്യങ്ങള്‍ നടത്തുവാനുള്ള ഉള്ക്കാ ഴ്ച ഉണ്ടാകണം. അങ്ങിനെ നമുക്ക്‌ ഈ കടുത്ത മത്സരത്തില്‍ പങ്കാളികളും ജേതാക്കളും ആകാം. ഇതിനെല്ലാം പകരം തെറ്റാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ തെറ്റാവര്ത്തി ക്കുന്നതിനേക്കാള്‍ വലിയ തെറ്റില്ല. സമരത്തിനും ബന്ദിനും പകരം സംരംഭങ്ങളും ബന്ധങ്ങളും ഉണ്ടാകണം. ഉയര്ച്ച്യിലേക്കും വളര്ച്ച യിലേക്കും ഐശ്വര്യത്തിലേക്കും മാവേലി ഭരണകാല ഓര്മ്മ യിലേക്കും നമ്മുടെ യാത്ര അങ്ങിനെ പൂരിതമാകും. ഭരണാധികാരികള്ക്ക് ‌ മത്സരബുദ്ധിവേണം. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നോട്ടുപോകുവാന്‍, മികച്ച പ്രകടനം നടത്തുവാന്‍ ആദ്യദിവസം മുതല്‍ അവസാനനിമിഷം വരെ ശ്രമിക്കണം, കഠിനാദ്ധ്വാനം ചെയ്യണം. പുറകോട്ട്‌ പോകുവാന്‍ ഒന്നും ചെയ്യാതിരുന്നാല്‍ മതി. മുന്നോട്ട്‌ പോകണമെങ്കില്‍ ഒത്തിരി റിസ്ക്‌ എടുക്കണം, ശക്തി, ധൈര്യം, ഉത്തരവാദിത്വം, നന്മ എന്നീ വിറ്റാമിനുകള്‍ വേണ്ടത്ര വേണം. വാചകമടികൊണ്ട്‌ ഒന്നും നേടാന്‍ സാധ്യമല്ല, ആത്മാര്ത്ഥ്മായ പരിശ്രമം, സമയബന്ധിത അച്ചടക്കം, അതിനനുസൃതമായ സമീപനം, വിട്ടുവീഴ്ചകള്ക്കുിള്ള മാനസിക ഉത്തേജനം ഇതെല്ലാം വിജയത്തില്‍ എത്തിക്കും. ശാഠ്യവും ശാസനയും ശങ്കയും തോല്വിടയിലേക്കും. ഇപ്പോള്‍ ഇവിടെ നാം കാണുന്നത്‌ അറുപത്‌ വയസ്സായ അസംഘടിതമേഖലയിലെ തൊഴിലാളികള്ക്കും അശരണര്ക്കുംെ മറ്റും പെന്ഷനന്‍ കൊടുക്കുവാനുള്ള തിരക്കാണ്‌, തിടുക്കമാണ്. വരുമാനമില്ലാത്ത വയസ്സായവര്ക്ക്െ‌, അസംഘടിതര്ക്ക് ‌ സര്ക്കായര്‍ പെന്ഷ ന്‍ കൊടുക്കുന്നത്‌ വളരെ നല്ല കാര്യം. അതില്‍ ആര്ക്കും സംശയമില്ല, എതിരില്ല, പൂര്ണ്ണ മായ സമ്മതംമാത്രം. പക്ഷെ 60 വയസുവരെ ജീവിക്കുവാനുള്ള വരുമാനം കിട്ടുന്ന ഏര്പ്പാ ട്‌ ആദ്യം ചെയ്യണം. എന്നാല്‍ മാത്രമേ അവരെല്ലാം പെന്ഷീന്‍ കിട്ടാന്‍ അര്ഹളതയുള്ള വയസ്സിലെത്തുകയുള്ളൂ. വരുമാനമാര്ഗ്ഗം് ഉറപ്പിക്കുക, ജീവിക്കുവാനുള്ള വേതനം കിട്ടുന്ന ജോലി നല്കു‍ക എന്നതാണ്‌ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്‌. ജീവിച്ചിരുന്നാലല്ലേ പെന്ഷ ന്‍ വാങ്ങുവാന്‍ സാധിക്കുക. ഒരു നല്ല സര്ക്കാ ര്‍ ചെയ്യേണ്ടത്‌ ജോലി ചെയ്യുവാന്‍ അര്ഹരതയുള്ള എല്ലാവര്ക്കും സ്വന്തം നാട്ടില്‍, ഈ ദൈവത്തിന്റെ നാട്ടില്‍ ജോലി കൊടുക്കുക, അല്ലാതെ പാസ്പോര്ട്ട് ‌ കൊടുത്ത്‌ വിദേശത്തേക്കയക്കുകയല്ല, മറ്റു സംസ്ഥാനങ്ങളിലേക്ക്‌ ജോലി തേടിപ്പോവുക ഇതൊന്നുമല്ല അഭികാമ്യം. അടുത്തതായി ഭൂരഹിതര്ക്ക് ‌ പട്ടയം കൊടുക്കുന്ന തിരക്കാണ്‌. ഇതും നല്ല കാര്യം. പക്ഷേ ഉള്ള വസ്തുക്കള്‍ വിതരണം ചെയ്യുന്നതല്ലാതെ പുതുതായി ആസ്തികള്‍ ഉണ്ടാകുന്നില്ല. വെല്ത്ത് ‌ ക്രിയേഷന്‍ നിരന്തരമായി നടക്കണം. അതിലൂടെ വെല്ത്ത് ‌ ഡിസ്ട്രിബ്യൂഷനും. പട്ടയം കൊടുത്താല്‍ മാത്രം പോരാ അവര്ക്കും ജീവിക്കാനുള്ള വരുമാനമാര്ഗ്ഗംക ഉണ്ടാക്കിക്കൊടുക്കണം. ഇതെല്ലാം വോട്ട്‌ സ്ഥിരപ്പെടുത്തല്‍ പരിപാടിയുടെ ഭാഗമെന്നല്ലാതെ ശരിയായ അര്ത്ഥമത്തില്‍ പ്രോഡക്ടീവായ ഒരു നടപടിയും അല്ല എന്ന കാര്യവും ഓര്ക്കേ ണ്ടതുണ്ട്‌. ഇതിനപ്പുറം ബലമായി അടിച്ചേല്പി്ക്കുന്ന പത്രവായനയും കയര്‍ ഉല്പനന്ന ഉപയോഗവും പിരിവും താക്കീതും തല്ലും തകര്ക്കിലും എല്ലാം സ്വന്തം അണികളടക്കം രോഷത്തോടെ കാണുന്നു, സഹിക്കുന്നു. അവരും അടുത്ത തെരഞ്ഞെടുപ്പില്‍ ധിക്കാരപരമായ ഉത്തരം നല്കുംത. സുഖമായ ജീവിതം കൈവരിക്കുവാന്‍ അവസരങ്ങള്‍ ധാരാളം ഉള്ളപ്പോള്‍ തൊഴിലാളി-മുതലാളി വര്ഗ സമരത്തിന്‌ പ്രസക്തി നഷ്ടപ്പെടുന്നു എന്നു മാത്രമല്ല അവ കാലഹരണപ്പെട്ടതായി എല്ലാവരും കണക്കാക്കി എഴുതിത്തള്ളുന്നു. തൊഴിലാളി-മുതലാളി ഐക്യമാണ്‌ എല്ലാംകൊണ്ടും മെച്ചമെന്ന്‌ തൊഴിലാളികള്‍ തിരിച്ചറിഞ്ഞപ്പോള്‍ തുടങ്ങിയതാണ്‌ ഈ സന്തോഷകരമായ മാറ്റം. ഈ പ്രക്രിയ തടയുവാന്‍ വര്ഗ്സമരസമീപനത്തിന്‌ സാധ്യമല്ല. മറ്റു സംസ്ഥാനങ്ങള്‍ ഈ സത്യം നേരത്തെ മനസിലാക്കിയതുകൊണ്ട്‌ അവിടെ ഈ അരി വേവുന്നില്ല. അപൂര്വ്വ മായി വേവുന്നിടത്തും ഇനി അധികനാള്‍ നിലനില്പിണല്ല. ഒരാളും ജനനംകൊണ്ട്‌ മുതലാളിയോ തൊഴിലാളിയോ ആകുന്നില്ല. എല്ലാവര്ക്കും എല്ലാമാകാമെന്നതാണ്‌ ജനാധിപത്യ സംവിധാനത്തിന്റെ അന്തഃസത്ത. അവരവര്‍ ചെയ്യേണ്ട ജോലി കൃത്യമായും ആത്മാര്ത്ഥെമായും സത്യസന്ധമായും ചെയ്താല്‍ എല്ലാവര്ക്കും ഐശ്വര്യം. ഇത്‌ ജനാധിപത്യത്തിന്റെ മാത്രം പൈതൃകഗുണം. നാം വിനോദ സഞ്ചാരികളെ ഹാര്ദ്ദ വമായി സ്വീകരിക്കുന്നത്‌ ബന്ദ്‌ വഴിയാണ്‌. ജീവന്‍ പണയപ്പെടുത്തി ആരെങ്കിലും വന്നാല്‍ ഭാഗ്യം. അവര്‍ തിരിച്ചുപോയി ബന്ധുക്കളെ, കൂട്ടുകാരെ, നാട്ടുകാരെ വിവരമറിയിക്കും. ഈ അടുത്തദിവസം നോക്കുകൂലി വേണ്ടെന്ന്‌ വച്ചതായി വിളംബരമുണ്ടായി. ഇനി നോക്കാതെ കൂലി ആയിരിക്കും നടപ്പാക്കുക. വിലക്കയറ്റം ആണ്‌ സാധാരണക്കാരെ ഉലയ്ക്കുന്ന സാമ്പത്തിക സുനാമി. നാമിതെല്ലാം സഹിക്കണം കാരണം നമ്മള്‍ വോട്ട്‌ ചെയ്തതുവഴി തെറ്റു ചെയ്തു. അതിനാല്‍ ഇതെല്ലാം അഞ്ചുകൊല്ലത്തെ കഠിനശിക്ഷയില്‍ പെടുന്ന ഇനങ്ങളാണെന്ന്‌ സമാധാനിക്കണം.

Followers

About Me

My photo
mail me through:niyasniyu@hotmail.com