Monday, February 22, 2010

എയ്ഡ്സ്‌ പെരുകുന്നു; കേരളത്തില്‍ അരലക്ഷം രോഗികള്‍

കേരളത്തില്‍ എച്ച്‌.ഐ.വി അണുബാധിതരും എയ്ഡ്സ്‌ ബാധിതരുമായി 55,167 പേരുണ്ടെന്ന്‌ ആരോഗ്യവകുപ്പിന്റെ പുതിയ കണക്ക്‌.
ഇതില്‍ ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ പരിശോധനയിലൂടെ അണുബാധിതരായവര്‍ 11,024 പേര്‍ മാത്രമാണ്‌. ഇപ്പോള്‍ എആര്‍ഡി ചികിത്സയിലുള്ളവര്‍ 4018 പേരാണ്‌. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ 950 പേര്‍ ഇതിനകം മരണപ്പെട്ടു. അവശേഷിക്കുന്നവര്‍ ഇപ്പോഴും തങ്ങളുടെ അവസ്ഥ പോലും മനസിലാക്കാതെ സമൂഹത്തില്‍ കഴിയുന്നു. രാജ്യവ്യാപകമായി നടത്തുന്ന സെന്റിനെല്‍ സാമ്പിള്‍ സര്‍വ്വെകളുടെ അടിസ്ഥാനത്തിലാണ്‌ എച്ച്‌ ഐ വി അണുബാധിതരെ സംബന്ധിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍.

അതേസമയം കേരളം എച്ച്‌ ഐ വി എയ്ഡ്സ്‌ ഭീഷണിയുടെ കാര്യത്തില്‍ താരതമ്യേന സുരക്ഷിതമാണെന്നാണ്‌ സംസ്ഥാന ആരോഗ്യവകുപ്പിന്റെ അറിയിപ്പ്‌. എറണാകുളം, കോഴിക്കോട്‌ എന്നീ രണ്ട്‌ ജില്ലകളില്‍ മയക്കുമരുന്ന്‌ കുത്തിവയ്ക്കുന്നവര്‍ക്ക്‌ ഇടയിലുള്ള അണുബാധ അഞ്ചുശതമാനത്തിന്‌ മുകളില്‍ എത്തിയിട്ടുണ്ട്‌. ഈ രണ്ടു ജില്ലകളിലും കേരള സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

ഇന്ത്യയില്‍ 24.7 ലക്ഷം പേര്‍ക്ക്‌ എച്ച്‌ ഐ വി അണുബാധ ഉള്ളതായിട്ടാണ്‌ കണക്ക്‌. ഇവരില്‍ 87.7 ശതമാനവും 15നും 49നും ഇടയില്‍ പ്രായമുള്ളവരാണ്‌. നിലവില്‍ രാജ്യത്ത്‌ 7,58,698 എച്ചഐവി അണുബാധിതര്‍ സര്‍ക്കാരിന്റെ എയ്ഡ്സ്‌ നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ ചികിത്സയിലുണ്ട്‌. ലോകത്ത്‌ എച്ച്‌ഐവി അണുബാധിതരായി 3.32 കോടി ജനങ്ങളുണ്ട്‌. ഇവരില്‍ 25 ലക്ഷം കുട്ടികളാണ്‌. 15നും 24നും ഇടയില്‍ പ്രായമുള്ളവര്‍ ഒരുകോടി വരും. ഓരോ ദിവസവും ലോകത്തെങ്ങുമായി 7400 പേര്‍ പുതിയതായി എച്ച്‌ഐവി അണുബാധിതരാകുന്നു. 40 ലക്ഷം പേര്‍ക്ക്‌ ഇപ്പോള്‍ ചികിത്സ ലഭിക്കുന്നുണ്ട്‌. 97 ലക്ഷം പേര്‍ക്ക്‌ ഇനിയും ലഭിക്കേണ്ടതുണ്ട്‌. പുതിയതായി അണുബാധിതരാകുന്നതില്‍ പകുതിയും 25 വയസിന്‌ താഴെ ഉള്ളവരാണ്‌. ഇവരില്‍ ഭൂരിപക്ഷവും 35 വയസ്‌ എത്തുന്നതിന്‌ മുമ്പ്‌ തന്നെ മരണമടയുന്നു.

എന്നാല്‍ എച്ച്‌ഐവി അണുബാധിതരുടെ എണ്ണത്തില്‍ വരുന്ന കുറവ്്‌ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ കാണിക്കുന്നു. 2001 ല്‍ ലോകത്ത്‌ പുതിയതായി 30 ലക്ഷം പേര്‍ എച്ച്‌ഐവി അണുബാധിതരായവര്‍ 2007ല്‍ ഈ എണ്ണം 27 ലക്ഷമായി കുറഞ്ഞു. 2005ല്‍ എച്ച്‌ഐവി അണുബാധിതരുടെ ഫലമായി ഉണ്ടായ മരണം 22 ലക്ഷമായിരുന്നു എന്നാല്‍ ഇത്‌ 2007ല്‍ 20 ലക്ഷമായി കുറഞ്ഞിട്ടുണ്ട്‌.

റെഡ്‌ റിബണ്‍ എക്സ്പ്രസ്സ്‌ നാളെ എത്തുന്നു

എയ്ഡ്സ്‌ നിയന്ത്രണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ ദേശീയ എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി (നാകോ) നടപ്പാക്കുന്ന പദ്ധതിയായ റെഡ്‌ റിബണ്‍ എക്സ്പ്രസിന്റെ കേരള പര്യടനം നാളെ ആരംഭിക്കും. കാസര്‍കോട്‌ എത്തുന്ന ട്രെയിന്‍ മാര്‍ച്ച്‌ 12ന്‌ കരുനാഗപ്പള്ളിയില്‍ പര്യടനം പൂര്‍ത്തിയാക്കും.

പര്യടന സ്റ്റേഷനും തീയതിയും
കാസര്‍കോട്‌ (23,24), കണ്ണൂര്‍ (25,26), തിരൂര്‍ ( 27, 28), പാലക്കാട്‌ (മാര്‍ച്ച്‌ 1,2), തൃശൂര്‍ (3,4), ആലുവ (5,6), എറണാകുളം സൗത്ത്‌ (7,8 ), കായംകുളം (9,10), കരുനാഗപ്പള്ളി (11,12)

കൂടാതെ ട്രെയിന്‍ എത്താത്ത ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക്‌ രണ്ട്‌ ലൈഫ്‌ ബസുകളില്‍ കലാസംഘങ്ങള്‍ യാത്ര തിരിക്കും. ദിവസം മൂന്ന്‌ കേന്ദ്രങ്ങള്‍ വീതം എച്ച്‌ഐവിയെക്കുറിച്ചും എയ്ഡ്സിനെക്കുറിച്ചും അറിവ്‌ പകരുന്ന പരിപാടികള്‍ നടത്തും. കലാപരിപാടികള്‍ എച്ച്‌ഐവി അണുബാധിതന്റെ അനുഭവ വിവരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞവര്‍ഷം ജൂണ്‍ 28 മുതല്‍ ജൂലൈ 11 വരെയായിരുന്നു റെഡ്‌ റിബണ്‍ എക്സ്പ്രസ്സിന്റെ കേരളത്തിലെ ആദ്യ പര്യടനം നടത്തിയത്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട്‌ എന്നീ കേന്ദ്രങ്ങളിലായിരുന്നു ആദ്യ ട്രെയിന്‍ എത്തിയത്‌.
റെഡ്‌ റിബണ്‍ എക്സ്പ്രസ്‌

എച്ച്‌ഐവി എയ്ഡ്സിനെതിരായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി രൂപം കൊടുത്ത പ്രചാരണ പരിപാടിയാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്‌. രാജ്യത്തെമ്പാടുമായി യാത്ര ചെയ്ത്‌ വിവിധ കേന്ദ്രങ്ങളില്‍ തമ്പടിച്ച്‌ പ്രചാരണ പ്രവര്‍ത്തനം നടത്തുകയാണ്‌ ലക്ഷ്യം.

കോച്ച്‌ ഒന്നിലെ പ്രദര്‍ശനം: എച്ച്‌ഐവി എയ്ഡ്സിനെ സംബന്ധിച്ച വിദ്യാഭ്യാസ ഉപാധികളുടെ പ്രദര്‍ശനം, പൊതുജനങ്ങളുമായി സംവദിക്കുന്ന ടച്ച്‌ സ്ക്രീനുകള്‍, ത്രിമാന മാതൃകകള്‍.

കോച്ച്‌ രണ്ട്‌: എച്ച്‌.ഐ.വി, എയിഡ്സ്‌ നിയന്തിക്കുന്നതിനുള്ള സേവനങ്ങളെ പറ്റിയുള്ള പ്രദര്‍ശനം, വിദ്യാഭ്യാസ ഉപാധികളുടെ പ്രദര്‍ശനം.

കോച്ച്‌ മൂന്ന്‌: എച്ച്‌ഐവി, എയ്ഡ്സ്‌ നിയന്ത്രണം ഒരു സാമൂഹിക വിഷയമെന്ന നിലയിലും മറ്റുള്ള വകുപ്പുകളുടെ ഉത്തരവാദിത്വങ്ങള്‍ പ്രതിപാതിക്കുകയും ചെയ്യുന്ന പ്രദര്‍ശനം.
കോച്ച്‌ നാല്‌: പെതുജനാരോഗ്യത്തെ പറ്റിയുള്ള അറിവുകള്‍ നല്‍കുന്ന പ്രദര്‍ശനം. സാംക്രമിക രോഗങ്ങളെപ്പറ്റി പ്രതിപാദിപ്പിക്കുന്നുണ്ട്‌.
കോച്ച്‌ അഞ്ച്‌: ആഡിറ്റോറിയവും കോണ്‍ഫ്രന്‍സ്‌ ഹാളും: തൃത്താല പഞ്ചായത്ത്‌ അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സ്വയം സഹായ സംഘങ്ങള്‍, യുവജനങ്ങള്‍, സ്ത്രീകള്‍ വിവിധ സ്ഥാനങ്ങളിലെ ഉദ്യാഗസ്ഥന്‍മാര്‍ എന്നിവര്‍ക്ക്‌ അതാത്‌ മേഖലയുമായി ബന്ധപ്പട്ട പരിശീലനം നല്‍കും. 60 പേര്‍ അടങ്ങുന്നതായിരിക്കും ഒരുസംഘം. ഒരു ദിവസം മൂന്നു സംഘങ്ങള്‍ക്ക്‌ പരിശീലനം നല്‍കും. എല്‍.സി.ഡി പ്രോജക്ടറുകളും കമ്പ്യൂട്ടര്‍ സൗകര്യവും ഈ കോച്ചിലുണ്ടാകും.
കോച്ച്‌ ആറ്‌: കൗണ്‍സിലിങ്ങും വൈദ്യസഹായവും: ഇതില്‍ ആറു ക്യാബിനുകള്‍ ഉണ്ടാകും. നാല്‌ കൗണ്‍സിലിംഗ്‌ ക്യാബിനുകളും ഇതില്‍ ഉള്‍പ്പെടും. ആവശ്യമുള്ളവര്‍ക്ക്‌ ജനനേന്ദ്രിയ രോഗങ്ങള്‍ക്കുള്ള ചികില്‍സയും നല്‍കും. എച്ച്‌.ഐ.വി പരിശോധനക്കുള്ള സൗകര്യം പ്ലാറ്റ്ഫോമില്‍ സജ്ജീകരിക്കുന്ന ജോതിസ്‌ കേന്ദ്രങ്ങളില്‍ ലഭ്യമാണ്‌. ജ്യോതിസ്‌ കൗണ്‍സിലിംഗ്‌ കേന്ദ്രത്തില്‍ നിന്ന്‌ പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരായിരിക്കും കൗണ്‍സിലിംഗിനു നേത്യത്വം നല്‍കുക.
കോച്ച്‌ ഏഴ്‌: സ്ലീപ്പര്‍ കോച്ച്‌: സംഘാംഗങ്ങള്‍ ദേശീയ എയ്ഡ്സ്‌ നിയന്ത്രണ ഓര്‍ഗനൈസേഷനിലെയും സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റിലെയും ഉദ്യാഗസ്ഥര്‍ എന്നിവര്‍ക്കായുള്ളത്‌.
കോച്ച്‌ എട്ട്‌: ഓഫീസ്‌, ഭക്ഷണശാല.
കോച്ച്‌ ഒമ്പത്‌, പത്ത്‌: ജനറേറ്റര്‍, എസ്‌.എല്‍.ആര്‍.

Tuesday, February 16, 2010

തെറ്റുതിരുത്തണ ചങ്ങാതി നിന്റെ തെറ്റുതുറന്നൊന്നു കാട്ടൂലേ!

"സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍" എന്നായിരുന്നല്ലൊ ഭഗവാന്‍ കാള്‍മാര്‍ക്സ്‌ ആഹ്വാനം ചെയ്തിരുന്നത്‌. തൊഴിലാളി നേതാക്കള്‍ മുതലാളിമാരായതോടെ ഈ മുദ്രാവാക്യവും തിരുത്തേണ്ടതായി വന്നിരിക്കുന്നു.
'സര്‍വ്വരോഗ' മുതലാളികളെ സംഭരിക്കുവിന്‍, സംഭരിച്ചു സംഭരിച്ചു സംപൂജ്യരാകുവിന്‍' എന്നായിരിക്കുന്നു. റഷ്യയിലും ചൈനയിലും മറ്റും കമ്യൂണിസം അവസാനിച്ചതോടെ, ആകാശത്ത്‌ ഉയര്‍ത്തുന്ന മുഷ്ടിക്കുള്ളില്‍ മാത്രം നിറയുന്ന രൂപത്തിലാണ്‌ ഇന്ത്യയില്‍ കമ്യൂണിസം നിലനില്‍ക്കുന്നത്‌.

അതാകട്ടെ കുഴിയിലേക്ക്‌ കാലുനീട്ടിയാണിരിക്കുന്നതും. ഐസിയു യൂണിറ്റ്‌ കൂടെയുള്ളതുകൊണ്ട്‌ തത്ക്കാലം ജീവന്‍ നിലനിറുത്തുകയാണ്‌. തൊഴിലാളികളുടെ മോചനത്തിന്‌ മാര്‍ക്സ്‌ നല്‍കിയ സംഭാവനയാണല്ലൊ, 'കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റൊ'. സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം പൊളിച്ചവര്‍ ഇപ്പോള്‍ ടാറ്റായുടെ കൊട്ടാരത്തില്‍ താമസിക്കുന്നു. തൊഴിലാളികളും തടയണപൊളിച്ച്‌ വര്‍ഗ്ഗസമരം നടത്തുന്നു.

സി.പി.എമ്മും, സി.പി.ഐയും തമ്മിലേറ്റുമുട്ടുന്ന 'സ്വവര്‍ഗ സമരവും' നടക്കുന്നുണ്ട്‌. മാര്‍ക്സും ലെനിനും ഗോദയില്‍ ഏറ്റുമുട്ടുന്നത്‌ കാണാന്‍ ചേലുണ്ട്‌. മാര്‍ക്സിസം പോസിറ്റീവും ലെനിനിസം നെഗേറ്റെവുമാകുമ്പോള്‍ ഫ്യൂസ്‌ കത്തുമെന്നുറപ്പായിട്ടുണ്ട്‌. മാനിഫെസ്റ്റോ മറന്നതുകൊണ്ടോ അല്ലെങ്കില്‍ കാലഹരണപ്പെട്ടതുകൊണ്ടോ ഇപ്പോള്‍ 'പോളിറ്റ്‌ ഹീറോ' പുറത്തുവിടുന്നത്‌ തെറ്റുതിരുത്തല്‍ രേഖകളാണ്‌. തെറ്റുകള്‍ മാനിഫെസ്റ്റോയും തിരുത്തലുകള്‍ ജലരേഖയുമായിത്തീരുന്നു. തെറ്റുകള്‍ മുന്‍കൂട്ടി ചൂണ്ടിക്കാണിച്ചവരോട്‌ 'പോടാ പുല്ലേ' എന്ന സമീപനം കൈക്കൊണ്ടവര്‍ ഇപ്പോള്‍ തെറ്റും ശരിയും തിരിച്ചറിയാത്തവരായി മാറിയിരിക്കുന്നു. അച്ചുമാമന്റെ ശരി പിണറായിക്ക്‌ തെറ്റ്‌, പിണറായിയുടെ ശരി അച്ചുമാമന്‌ തെറ്റ്‌.

വൈരുദ്ധ്യാത്മക തെറ്റുതിരുത്തല്‍ വാദം കണ്ട്‌ നാട്ടുകാര്‍ ഞെട്ടുകയാണ്‌. ഇതിനിടയിലാണ്‌ 'പോളിറ്റ്‌ ഹീറോ' തെറ്റുതിരുത്തല്‍ രേഖ പുറപ്പെടുവിച്ചത്‌. അതോടെ കെ.എസ്‌ മനോജും ശിവരാമനും തെറ്റുതിരുത്തി തിരുസഭയിലേക്കും തിരുസന്നിധിയിലേക്കും മടങ്ങി. രേഖവരും മുമ്പുതന്നെ പാര്‍ട്ടിയുടെ ഹസ്തരേഖ പരിശോധിച്ച അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്ക്‌ ആയുസ്‌ കുറവാണെന്ന്‌ കണ്ടു തെറ്റുതിരുത്തുകയും മക്കയിലേയ്ക്ക്‌ നോക്കി നിസ്കരിക്കുകയും ചെയ്തു. നേരത്തേ തെറ്റുതിരുത്തിയ ആഞ്ചലോസ്‌ അംശവടിയുമായി കടാപ്പുറത്ത്‌ കാത്തിരിക്കുകയുമാണ്‌. എ.കെ.ജി. സെന്ററില്‍ ഇവരെപോലെ ഓര്‍മ്മപ്പെരുന്നാളിനും ആണ്ടുനേര്‍ച്ചക്കുമുള്ളവരുടെ ലിസ്റ്റ്‌ നീണ്ടുപോകുകയുമാണ്‌.

മതപരമായ ആചാരങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കെല്ലാം വിലക്കിയിരുന്നവര്‍ പുതിയ 'തെറ്റുതിരുത്തല്‍' രേഖയില്‍ വിലക്ക്‌ നേതാക്കള്‍ക്കു മാത്രമായി ചുരുക്കി. അണികള്‍ക്ക്‌ ആചാരമാകാം, അനാചാരമാകാം ആഭിചാരമാകാം ആക്രാന്തവുമാകാം. നേതാവായാല്‍ ആക്രാന്തമൊഴികെ മറ്റുള്ളവ ഉപേക്ഷിക്കേണ്ടിവരും.' നേതാക്കള്‍ പുണ്യ-പുരാതന-സെക്സ്‌-സ്റ്റണ്ട്‌ ചിത്രത്തിലെ വില്ലന്മാരെപ്പോലെ 'പരിശുദ്ധി'യുള്ളവരായിരിക്കണം! ഇതിന്റെ വെളിച്ചത്തില്‍ 2007 ഒക്ടോബര്‍ 30-ന്‌ മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്ത പരിശോധിക്കാം: 'ഭൂമിപൂജ: സി.പി.എം നേതാക്കളുടെ തേങ്ങയടി കൗതുകമായി' എന്നായിരുന്നു തലക്കെട്ട്‌. 'കളമശ്ശേരി: ആദ്യമടിച്ച തേങ്ങ ഉടയാതെ കല്ലില്‍നിന്ന്‌ തെറിച്ച്‌ ദൂരേക്ക്‌ വീണു.
അത്‌ കാര്യമാക്കാതെ കെ. ചന്ദ്രന്‍പിള്ള എം.പി മറ്റൊരു തേങ്ങ വാങ്ങി ആഞ്ഞെറിഞ്ഞു. കൃത്യമായി ഉടഞ്ഞു. ചുറ്റും കൂടിനിന്നവര്‍ക്ക്‌ ആശ്വാസം. വല്ലാര്‍പാടം പാത നിര്‍മ്മാണത്തിനു മുന്നോടിയായി തിങ്കളാഴ്ച കളമശ്ശേരിയില്‍ നടന്ന ഭൂമി പൂജയിലാണ്‌ സി.പി.എം നേതാക്കളായ ചന്ദ്രന്‍പിള്ളയും കൊച്ചി ഡെപ്യൂട്ടി മേയര്‍ സി.കെ. മണി ശങ്കറും തേങ്ങയടിച്ചത്‌. 151 തേങ്ങകളില്‍ ആദ്യത്തേത്‌ എറിയാന്‍ നിയോഗം ചന്ദ്രന്‍പിള്ളക്കായിരുന്നു. പിന്നെ മണിശങ്കറിനും. അറിയപ്പെടുന്ന ഈ സി.പി.എം നേതാക്കളുടെ തേങ്ങയടി കൗതുകത്തോടെയാണ്‌ ചടങ്ങിനെത്തിയവര്‍ വീക്ഷിച്ചത്‌." തെറ്റുതിരുത്തല്‍ രേഖപ്രകാരം അണികള്‍ക്ക്‌ തേങ്ങയടിക്കാമെങ്കിലും നേതാക്കള്‍ക്ക്‌ പഴയവിലക്ക്‌ നിലവിലുണ്ട്‌. ഈ വിലക്ക്‌ ലംഘിച്ചാണ്‌ തേങ്ങയടിച്ചത്‌. അതുകൊണ്ടാണെന്നു തോന്നുന്നു ആദ്യ തേങ്ങ ഉടയാതെ പോയത്‌. ഫലത്തില്‍ അപശകുനം.
ഭൂമിദേവിയുടെ ശാപം കൊണ്ടാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. എ.കെ. ഗോപാലനില്‍ നിന്നും ആമ്പാടി ഗോപാലനിലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുന്നു എന്നാണ്‌ ഈ തേങ്ങയടി സൂചിപ്പിക്കുന്നത്‌. മാര്‍ക്സില്‍ നിന്ന്‌ മഹര്‍ഷിയിലേക്കുള്ള യാത്രയും എളുപ്പമായി. വല്ലാര്‍പാടം പദ്ധതിയ്ക്ക്‌ തേങ്ങയടിച്ചവര്‍ സ്മാര്‍ട്ട്‌ സിറ്റിയുടെ വിജയത്തിനായി തിരുപ്പതിയില്‍ എത്തി തലമുണ്ഡനം ചെയ്യുന്നത്‌ നന്നായിരിക്കും. മന്ത്രിസഭ മുഴുവനായിത്തന്നെ ഇതിനായി പോകുന്നതും നല്ലതാണ്‌. ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ മറക്കണ്ട. ഭാവി തലമുറയ്ക്ക്‌ വിപ്ലവതീര്‍ത്ഥം പകര്‍ന്നുകൊടുക്കാന്‍ അത്‌ അനിവാര്യമാണല്ലൊ. മുണ്ഡനത്തോടൊപ്പം പാല്‍ക്കാവടിയുമാകാം. വേല്‍മുരുകാ ഹരോ ഹര! വേലായുധാ ഹരോ ഹര! എന്ന ഭക്തിസാന്ദ്ര മുദ്രാവാക്യവുമാകാം.
പിന്നെയുള്ളത്‌ വിഴിഞ്ഞം പദ്ധതിയാണ്‌. തുടക്കത്തിലേ തടസ്സങ്ങള്‍ കണ്ടതിനാല്‍ മുഖ്യന്‍ ചരട്‌ ജപിച്ചുകെട്ടുന്നതും തുറമുഖമന്ത്രി അരഞ്ഞാണ ചരടില്‍ ആരും കാണാത്ത ഏലസ്‌ കെട്ടുന്നതും നന്നായിരിക്കും. പോട്ടയിലോ വേളാങ്കണ്ണിയിലോ ഒരാഴ്ചത്തെ ധ്യാനമിരിക്കുന്നതും നല്ലതാണ്‌. വിഴിഞ്ഞം പദ്ധതിയുടെ സ്വര്‍ണ്ണത്തിലുണ്ടാക്കിയ രൂപം അര്‍ത്തുങ്കല്‍ പള്ളിയില്‍ നല്‍കുന്നത്‌ അത്യുത്തമം.ആദ്യാക്ഷരങ്ങളെ 'നഖക്ഷതമാക്കുന്ന' വിദ്യ മാര്‍ക്സിസ്റ്റ്‌ ലൈനിന്‌ നിരക്കുന്നതാണോ എന്നും പരിശോധിക്കുന്നത്‌ കൊള്ളാം. (ആദ്യാക്ഷരം നാവിന്‍തുമ്പില്‍ വരച്ചുകൊടുക്കുന്ന മുഖ്യമന്ത്രി അച്യുതാനന്ദന്റെ ചിത്രം നോക്കുക) നാവില്‍ സരസ്വതിയെ ആവാഹിക്കാനുള്ള ശ്രമം നല്ലതുതന്നെ. ചില സി.പി.എം നേതാക്കളുടെ നാവില്‍ വരുന്നത്‌ വികടസരസ്വതിയുടെ പ്രകടനമാണുതാനും.

നിത്യേന ഈ പ്രകടനം കാഴ്ചവച്ചിരുന്ന ഒരു വിദ്വാന്‍ ഇപ്പോള്‍ അക്ഷരസന്താന നിയന്ത്രണം നടപ്പാക്കിയെന്നു തോന്നുന്നു. തുടര്‍ വിദ്യാഭ്യാസം കൊണ്ടേ അത്‌ പൂര്‍വ്വ സ്ഥിതിയിലെത്തുകയുള്ളൂ. ഹരിക്കും ശ്രീക്കും ഗണപതിക്കും സരസ്വതിക്കും കാള്‍മാര്‍ക്സുമായി ബന്ധമുണ്ടോ എന്നറിയില്ല. 'കാള്‍ മാര്‍ക്സായനമ:' എന്ന്‌ സ്വര്‍ണ്ണമോതിരംകൊണ്ട്‌ എഴുതിയാല്‍ നാവുമുറിയുമോ എന്നും ശങ്കയുണ്ട്‌. ഭാവിയില്‍ ചോരച്ചാലുകള്‍ നീന്തിക്കയറി ബലികൂടീരങ്ങളില്‍ എത്തേണ്ടവരായതുകൊണ്ട്‌ അല്‍പം ചോരവരുന്നതും നല്ലതുതന്നെ. അച്ചുമാമനെ അക്ഷരം പഠിപ്പിച്ചവര്‍ ഇന്ന്‌ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ അവസ്ഥകണ്ട്‌ ദുഃഖിക്കുമായിരുന്നു. മാര്‍ക്സിസ്റ്റ്‌ അക്ഷരമാലയില്‍ ഇപ്പോള്‍ രണ്ടക്ഷരമേ കാണുന്നുള്ളൂ. സിയും പിയും മാത്രം. ബ്രാക്കറ്റിലിരുന്ന എം (മാര്‍ക്സ്‌) ഇപ്പോള്‍ ബ്രാക്കറ്റിനു പുറത്താണ്‌.
മൂന്നാറിലെ 'തടയണമന്ത്രം' അതാണ്‌ സൂചിപ്പിക്കുന്നത്‌. ഒടുവില്‍ കിട്ടിയത്‌: 'മൂന്നാറിലെ സാക്ഷരതാ പഠനകേന്ദ്രം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.' മൂന്നാറില്‍ മുഖ്യമന്ത്രി സ്ഥാപിച്ച ബോര്‍ഡുപോലെ വിദ്യാഭ്യാസ മന്ത്രിയ്ക്കും ഒരു ബോര്‍ഡ്‌ സ്ഥാപിക്കാം. 'വിദ്യാനഷ്ടം സര്‍വ്വ നഷ്ടാന്‍ പ്രധാനം' എന്നെഴുതകയുമാവാം. മൂന്നാറിന്റെ നന്മയ്ക്കുവേണ്ടി 'ഗ്രീന്‍സലാം' സഖാക്കളേ! (തെരഞ്ഞെടുപ്പുകാലത്ത്‌ മലപ്പുറത്ത്‌ ഇ.കെ. നായനാരുടെ പച്ചനിറത്തിലുള്ള പോസ്റ്റര്‍ പതിച്ചതും വേദികള്‍ക്ക്‌ യാസര്‍ അറഫാത്തിന്റെ 'പച്ചപ്പേരിട്ടതും' ഒപ്പം കെ.പി.എ.സിയുടെ ആ നാടക ഗാനവും, സ്മരാമി. ചെപ്പുകിലുക്കണ...')

കയ്യേറ്റത്തിനും കയ്യൂക്കിനും കോടതിയുടെ പ്രഹരം

ആദിവാസികളെ മറയാക്കി വയനാട്ടില്‍ സി പി എം ആരംഭിച്ച ഭുമി കയ്യേറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശവും നിരീക്ഷണങ്ങളും സി പി എമ്മിന്‌ പ്രഹരമാവുന്നു.
ഭൂസമരമെന്ന്‌ പേരിട്ട്‌ വയനാട്ടില്‍ സി പി എം ആരംഭിച്ച അതിക്രമങ്ങളെ അന്യായമായ കയ്യേറ്റമായാണ്‌ ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളത്‌. അത്‌ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ഭൂപ്രശ്നങ്ങള്‍ക്ക്‌ സമവായത്തിലൂടെ പരിഹാരം കാണണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കയാണ്‌. എന്നാല്‍ ഭരണത്തിന്റെ തണലും കൈക്കരുത്തിന്റെ താങ്ങുമായി രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെയുള്ള നടപടിയായിരുന്നു സി പി എം സ്വീകരിച്ചത്‌. യഥാര്‍ത്ഥത്തില്‍ ആദിവാസികളുടെ ഭൂപ്രശ്നത്തേക്കാള്‍ സി പി എമ്മിനെ പ്രക്ഷോഭസന്നദ്ധരാക്കിയത്‌ വീരേന്ദ്രകുമാറിനോടുള്ള പകയായിരുന്നു. അത്‌ അതിക്രമരൂപത്തില്‍ ശ്രേയാംസ്കുമാറിന്റെയും ജോര്‍ജ്ജ്‌ പോത്തന്റെയും ഭൂമിയില്‍ അവര്‍ പ്രയോഗിക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും പൗരാവകാശങ്ങള്‍ക്ക്‌ രക്ഷയും നിയമവാഴ്ചയെ ശക്തിപ്പെടുത്തുന്നവയുമാണ്‌. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയുള്ള ഭൂപ്രശ്ന പരിഹാരം അസാധ്യമാണെന്ന തിരിച്ചറിവാണ്‌ ഇത്തരം നിരീക്ഷണത്തിന്‌ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്‌.

ആദിവാസി ഭൂപ്രശ്നങ്ങളോടുള്ള യു ഡി എഫിന്റെ നിലപാടും ഇത്‌ തന്നെയായിരുന്നു. ആദിവാസികള്‍ക്ക്‌ ഭൂമി ലഭിക്കാനാവശ്യമായ നടപടി നിയമാനുസൃതവും ജനാധിപത്യ മര്യാദങ്ങള്‍ക്കനുസരിച്ചുള്ളതുമായിരിക്കണമെന്നാണ്‌ യു ഡി എഫ്‌ ആവശ്യപ്പെട്ടത്‌. ഈ ആവശ്യമുന്നയിച്ചുകൊണ്ട്‌ വയനാട്ടില്‍ രാഷ്ട്രീയ പ്രചരണത്തിനൊരുങ്ങുകയാണവര്‍.
ശ്രേയാംസ്കുമാറിന്റെ ഭൂമിയില്‍ സ്ഥാപിച്ച ബോര്‍ഡ്‌ നീക്കം ചെയ്യാനുള്ള കോടതി ആവശ്യം കയ്യേറ്റക്കാര്‍ക്ക്‌ മാത്രമല്ല; സര്‍ക്കാരിനും തിരിച്ചടിയാണ്‌. നിയമോപദേശമോ നിയമപരമായ ഏറ്റെടുക്കലോ കൂടാതെയുള്ള ബോര്‍ഡ്‌ സ്ഥാപിക്കല്‍ ഔദ്യോഗികമായി കലക്ടറുടെ പേരിലാണ്‌ നടപ്പാക്കപ്പെട്ടതെങ്കിലും ബോര്‍ഡിന്‌ പകരം മഞ്ഞ ഫ്ലക്സ്‌ ബാനര്‍ സ്ഥാപിച്ചത്‌ സി പി എം അണികള്‍ തന്നെയായിരുന്നു. കയ്യേറ്റത്തിന്റെ നാളുകളില്‍ കലക്ടര്‍ യഥാര്‍ത്ഥത്തില്‍ സി പി എമ്മിന്റെ തടവിലായിരുന്നു. നിയമോപദേശം തേടാന്‍ പോലും സമയമനുവദിക്കാതെ ബോര്‍ഡ്‌ സ്ഥാപിക്കാന്‍ കലക്ടറെ പ്രേരിപ്പിച്ചത്‌ സി പി എം ജില്ലാ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മറന്നു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക്‌ നയിക്കുന്ന ഭൂമി കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിച്ച വി എസിന്റെ നിലപാടിന്‌ എതിരായും കോടതി പരാമര്‍ശങ്ങളെ വിലയിരുത്താം.
ശ്രേയാംസ്‌ കുമാറിന്റെ ഭൂമിയിലെ ബോര്‍ഡ്‌ മാറ്റേണ്ടി വന്നത്‌ സര്‍ക്കാരിന്റെ നടപടിയിലുള്ള തിരുത്തും കയ്യേറ്റക്കാരുടെ നടപടിയിലുള്ള പ്രായശ്ചിത്തവുമാണ്‌. സി പി എം അണികള്‍ കയ്യേറി ഭൂമി പിടിച്ചെടുത്ത്‌ സര്‍ക്കാരിനെ ഏല്‍പ്പിച്ചെന്ന തരത്തിലാണ്‌ കലക്ടര്‍ അവിടെ ബോര്‍ഡ്‌ സ്ഥാപിക്കാന്‍ നിര്‍ബന്ധിതനായത്‌. ഭൂമി ശ്രേയാംസ്‌ കുമാറിന്റേതല്ല; സര്‍ക്കാരിന്റേതാണെന്ന നിഗമനത്തിലെത്തിയത്‌ കോടതിയോ റവന്യൂ അധികൃതരോ അല്ല; സി പി എം ചാനലും മുഖപത്രവുമാണ്‌. അതും ജനതാദള്‍ ഇടത്‌ മുന്നണി വിടാനൊരുങ്ങുമ്പോഴുണ്ടായ 'അന്വേഷണാത്മക' റിപ്പോര്‍ട്ട്‌. പാര്‍ട്ടി നേതാക്കളുടെ പീഡനം സഹിച്ചു അരുതാത്തത്‌ ചെയ്യേണ്ടി വരുന്ന ജില്ലാ ഭരണകൂടത്തിന്റെ ദുരന്തമാണ്‌ ബോര്‍ഡ്‌ മാറ്റാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിലൂടെ പ്രകടമാവുന്നത്‌.

കോടതി നിര്‍ദ്ദേശ പ്രകാരം മൂന്നാഴ്ച ശ്രേയാംസ്കുമാറിന്റെ ഭൂമിക്ക്‌ സംരക്ഷണം നല്‍കേണ്ട ചുമതലയും ഇവര്‍ക്ക്‌ ഗതികേടായി തീരുകയാണ്‌.

കയ്യേറ്റ സമരം കൂടുതല്‍ മുന്നോട്ട്‌ കൊണ്ടുപോകാനാവാതെ പെരുവഴിയില്‍ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന സി പി എം നേതൃത്വത്തിന്‌ കോടതിയുടെ ആവശ്യം ഉര്‍വശി ശാപം ഉപകാരം എന്ന പോലെ അനുഗ്രഹമായി തീരുകയാണ്‌. അക്രമസമരത്തിന്റെ ഒറ്റപ്പെട്ട സി പി എം കോടതിക്കാര്യം പറഞ്ഞു കയ്യേറ്റ സമരം ഉപേക്ഷിച്ചാല്‍ താല്‍ക്കാലിക ആശ്വാസമാവുമെങ്കിലും ആദിവാസികളെ വഞ്ചിച്ചെന്ന ദുഷ്പേര്‌ മാറ്റാനാവില്ല. മാസങ്ങളോളം സി കെ ജാനു നയിച്ച മുത്തങ്ങ സമരത്തിനും ഒന്നരവര്‍ഷക്കാലം ളാഹ ഗോപാലന്‍ നയിച്ച ചെങ്ങറ ഭൂസമരത്തിനും സൃഷ്ടിക്കാന്‍ സാധിച്ച അനുകൂല ഫലം സി പി എമ്മിന്റെ വയനാട്‌ കയ്യേറ്റ സമരത്തിനുണ്ടാക്കാനായില്ല എന്നതും ഏറെ നാണക്കേടുളവാക്കുന്ന സംഗതിയാണ്‌.

സി പി എം തുടങ്ങിവെച്ച വയനാട്ടിലെ പുതിയ കയ്യേറ്റ സമരങ്ങള്‍ തീവ്ര ആദിവാസി സംഘടനകള്‍ ഹൈജാക്ക്‌ ചെയ്യുമോ എന്ന ഭീതിയും കയ്യേറ്റ സമരങ്ങള്‍ക്ക്‌ തിരശീലയിടാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നു.

ഭൂപ്രശ്നങ്ങള്‍ക്ക്‌ നിയമാനുസൃത പരിഹാരം കാണാതെ നിയമലംഘനത്തിലൂടെ ആദിവാസികളെ സമരത്തിന്‌ പ്രേരിപ്പിച്ച സി പി എമ്മിന്റെ ഇരട്ടത്താപ്പും വഞ്ചനയും കോടതി നിര്‍ദ്ദേശങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കയാണ്‌.

ഭരണത്തണലിലിരുന്നു നിയമവാഴ്ച തകര്‍ക്കാന്‍ ശ്രമിച്ച നിരുത്തരവാദിത്വത്തിനും വാഗ്ദാനങ്ങള്‍ നല്‍കി ആദിവാസി സമൂഹത്തെ വഞ്ചിച്ചതിന്‌ കോടതിക്ക്‌ മുമ്പില്‍ അഡ്വക്കറ്റ്‌ ജനറല്‍ ആണയിട്ടത്‌ പോലെ മുഖ്യമന്ത്രിയും സി പി എം നേതൃത്വവും പൊതുസമൂഹത്തിന്‌ മുമ്പില്‍ മാപ്പ്‌ പറയേണ്ടി വരും.

പോടുവീണ മരത്തിലെ ദുശ്ശകുനപ്പക്ഷി

മുഖ്യമന്ത്രി അച്യുതാനന്ദന്റെ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ചില പൊരുത്തക്കേടുകള്‍ ഉണ്ടാകാറുണ്ട്‌. പരിഷ്കൃത മനുഷ്യര്‍ക്ക്‌ ചിലപ്പോള്‍ അറപ്പുളവാക്കുന്ന പ്രയോഗങ്ങള്‍ വി.എസ്‌ സങ്കോചമില്ലാതെ ഉപയോഗിക്കുന്നു.
കേരളത്തിലെ ഒരു ഉള്‍നാടില്‍ നിന്ന്‌ പടിപടിയായി രാഷ്ട്രീയ നേതൃനിരയിലേക്ക്‌ വളര്‍ന്നുവന്ന സി.പി.എം നേതാവാണ്‌ അദ്ദേഹം. കുട്ടനാടന്‍ ശൈലിയും പ്രയോഗങ്ങളും വി.എസിന്റെ ഭാഷയെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്‌. ചില സി.പി.എമ്മുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അത്‌ വി.എസിന്റെ വായ്മൊഴി വഴക്കമായിരിക്കാം. അത്‌ ആവര്‍ത്തിച്ച്‌ കേള്‍ക്കുന്നത്‌ സി.പി.എമ്മുകാര്‍ക്ക്‌ സുഖമായിതോന്നിയെന്നുംവരാം.കേരളത്തിലെ പൊതുസമൂഹം വി.എസിനെ സി.പി.എം നേതാവായിട്ടുമാത്രമല്ല കാണുന്നത്‌. അദ്ദേഹം ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയില്‍ കാര്യങ്ങളെ വിലയിരുത്തുമ്പോള്‍ പക്വതയും നിലവാരവും പുലര്‍ത്തണം. രണ്ടും പ്രായംകൊണ്ട്‌ മാത്രം നേടാവുന്നതല്ല. അത്‌ ഒരു സംസ്കാരമാണ്‌.
കുട്ടനാട്ടുകാരനായ ഒരു പ്രാദേശിക സി.പി.എം നേതാവല്ല കേരള മുഖ്യമന്ത്രി. അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും ഉത്തരവാദിത്വത്തിന്റെ ഭാരവും അര്‍ത്ഥമൂല്യവും ഉണ്ടാവണം.

കഴിഞ്ഞദിവസം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ 'ഓടിനടക്കുന്ന പൈതലാന്‍' എന്നുവിളിച്ചു. മുമ്പൊരിക്കല്‍ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ അദ്ദേഹം വിശേഷിപ്പിച്ചത്‌ 'തള്ളച്ചി' എന്നാണ്‌. ഇഷ്ടമില്ലാത്തവരെ വി.എസ്‌ പതിവായി ഇങ്ങനെയൊക്കെയായിരിക്കും വിളിക്കുന്നത്‌. പക്ഷേ കേരളാ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ പൈതലാന്‍, തള്ളച്ചി പ്രയോഗങ്ങള്‍ അദ്ദേഹത്തിന്റെ അന്തസ്സും മഹിമയും കെടുത്തുന്നകാര്യം സ്വയം തിരിച്ചറിയുന്നില്ലെങ്കില്‍ ആരെങ്കിലും അദ്ദേഹത്തെ അക്കാര്യമൊന്ന്‌ ഇനിയെങ്കിലും ബോധ്യപ്പെടുത്തണം.
കോണ്‍ഗ്രസിന്റെ യുവനേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി ദേശമെങ്ങും സഞ്ചരിക്കുന്നു. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളോട്‌ അനുഭാവം പുലര്‍ത്തുകയും അവരുടെ ക്ലേശങ്ങളുമായി സമരസപ്പെടുകയും ആധുനിക ഇന്ത്യയുടെ അവസ്ഥയെ പുസ്തകജ്ഞാനം കൂടാതെ നേരിട്ട്‌ ഗ്രഹിക്കുകയും ചെയ്യുന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനങ്ങള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. യുവാക്കളും വൃദ്ധന്മാരും രാഹുലിനെ ആവേശപൂര്‍വ്വം സ്വീകരിക്കുന്നു. സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ ഒരു രാഷ്ട്രീയ നേതാവ്‌ തന്റെ വാക്കുകള്‍കൊണ്ടും സാമീപ്യംകൊണ്ടും പകര്‍ന്നു നല്‍കേണ്ട ഊര്‍ജ്ജം രാഹുലില്‍ നിന്നും ലഭിക്കുന്നതുകൊണ്ടാണ്‌ ജനങ്ങളില്‍ ഈ ആവേശത്തിരയിളക്കം. ഈയിടെ രാഹുല്‍ ഗാന്ധി മുംബൈ നഗരത്തില്‍ എത്തി. ട്രെയിനില്‍ സഞ്ചരിച്ച്‌ നഗരത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതരീതി നേരിട്ട്‌ കണ്ടറിഞ്ഞ അദ്ദേഹം മഹാനഗരം മഹാരാഷ്ട്രക്കാര്‍ക്കുവേണ്ടി പതിപ്പിച്ചെടുക്കാന്‍ സങ്കുചിത രാഷ്ട്രീയക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ശിവസേനയും അതില്‍നിന്ന്‌ പൊട്ടിമുളച്ച മറ്റൊരു പ്രദേശികകക്ഷിയും ചേര്‍ന്ന്‌ ചരിത്രപ്രസിദ്ധമായ മുംബൈയില്‍ മണ്ണിന്റെമക്കള്‍ വാദം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‌ താക്കീത്‌ നല്‍കിക്കൊണ്ട്‌ രാഹുല്‍ ഗാന്ധി പറഞ്ഞു: 'ഈ മഹാനഗരം എല്ലാ ഇന്ത്യക്കാരുടേതുമാണ്‌'. രാജ്യം മുഴുവന്‍ പ്രതിധ്വനിച്ച ദേശീയബോധത്തിന്റെയും സമത്വചിന്തയുടെയും ദൃഢപ്രത്യയമായിരുന്നു രാഹുലിന്റെ വാക്കുകള്‍. തൊഴില്‍ അന്വേഷകരായും ജോലിക്കാരായും ആ നഗരത്തില്‍ രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ളവര്‍ വന്നുതാമസിക്കുന്നുണ്ട്‌. ഒരു മഹാനഗരമെന്ന നിലയില്‍ വിദേശികളും മുംബൈയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്‌. അവരെയെല്ലാം ആട്ടിയോടിച്ചിട്ട്‌ പ്രാദേശികവാദത്തിന്റെ കൊടികുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ്‌ രാഹുല്‍ ഗാന്ധി നേരിട്ടെത്തി ജനങ്ങളെ സാക്ഷിനിര്‍ത്തി മുംബൈ ഇന്ത്യക്കാരുടേതാണെന്ന്‌ പറഞ്ഞത്‌. ശിവസേനാ തലവന്‍ രാഹുലിന്റെ സന്ദര്‍ശനത്തിനുശേഷം തന്റെ ഇടുങ്ങിയ വാദഗതികള്‍ക്ക്‌ വാക്കുകള്‍കൊണ്ടോ വരകൊണ്ടോ പിന്നീട്‌ ഒരു പരിഹാസം ചമയ്ക്കാന്‍പോലും തുനിഞ്ഞതായി കണ്ടില്ല.
എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക്‌ രാഹുല്‍ ഗാന്ധി ഇവിടുത്തെ സി.പി.എം നേരിടുന്ന ദയനീയമായ പതനത്തെക്കുറിച്ച്‌ നടത്തിയ വിമര്‍ശനം തീരെ രസിച്ചില്ല. സി.പി.എമ്മിന്‌ ഒന്നരക്കൊല്ലത്തെ ആയുസ്സേയുള്ളൂ എന്ന്‌ മുംബൈ സന്ദര്‍ശനം കഴിഞ്ഞ്‌ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പറഞ്ഞു. ഒന്നരവര്‍ഷം കഴിഞ്ഞ്‌ നടക്കാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ സി.പി.എം ഇല്ലാതാകുമെന്നാണ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി അര്‍ത്ഥമാക്കിയത്‌. അത്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായവും വിലയിരുത്തലുമാണ്‌. അതിന്‌ രാഷ്ട്രീയമായി മറുപടി പറയാന്‍ 87 പിന്നിട്ട മുഖ്യമന്ത്രി അച്യുതാനന്ദന്‌ കഴിയാതെപോയത്‌ അദ്ദേഹത്തിന്റെ പാപ്പരത്തമാണെന്ന്‌ പറയുന്നില്ല. പകരം ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞണം കുത്തുന്നവരെപ്പോലെ 'ഓടിനടക്കുന്ന പൈതലാന്‍' എന്നുപറഞ്ഞ്‌ നിസ്സാരവല്‍ക്കരിക്കാനാണ്‌ വി.എസ്‌ ശ്രമിച്ചത്‌.
ഒന്നരക്കൊല്ലം കഴിയേണ്ട, അതിനുമുമ്പും ഇവിടെ തെരഞ്ഞെടുപ്പുണ്ട്‌. നമുക്ക്‌ കാണാം സി.പി.എമ്മിന്റെ ഭാവി. താത്വികമായും സംഘടനാപരമായും പാതാളഗര്‍ത്തത്തില്‍ അകപ്പെട്ടിരിക്കുന്ന സി.പി.എമ്മില്‍ നിന്ന്‌ പക്ഷികളെപ്പോലെ നേതാക്കള്‍ പറന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്‌. മഹാനായ ഒരു റഷ്യന്‍ സാഹിത്യകാരന്‍ രാഷ്ട്രീയക്കാരെ ഫലവൃക്ഷത്തിലെ പക്ഷികള്‍ എന്ന്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌. പോടുവീണ്‌ നിലംപതിക്കാറായ സി.പി.എമ്മില്‍ നിന്ന്‌ പുതിയ പൂമരങ്ങള്‍ തേടി നേതാക്കള്‍ പറന്നുപോവുകയാണ്‌. അക്കാര്യം വി.എസിനുമറിയാം. ഈ പ്രായത്തില്‍ അദ്ദേഹം ഏത്‌ ഫലവൃക്ഷത്തില്‍ ചേക്കേറുമെന്നതിന്റെ സ്വകാര്യ വിഷമം കേരളീയര്‍ക്ക്‌ മനസ്സിലാകും.

ഭരണവൈകല്യം വിളിച്ചോതുന്ന കണക്കുകളും വസ്തുതകളും

ഭരണമുന്നണിയായ ഇടതുമുന്നണിക്ക്‌ ഇപ്പോള്‍ കേന്ദ്രം അവഗണിക്കുന്നു എന്ന ആവലാതിയില്ല. മുമ്പൊക്കെ കേരളത്തിന്‌ വേണ്ടതുചെയ്യാന്‍ പറ്റാതെ വരുമ്പോള്‍ കേന്ദ്രം തരാത്തതുകൊണ്ടാണെന്ന്‌ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.



ഇടതുമുന്നണി എപ്പോള്‍ സംസ്ഥാനത്ത്‌ ഭരണത്തില്‍ വന്നാലും കേന്ദ്രം സഹായിക്കുന്നില്ല, അവഗണിക്കുന്നു എന്നത്‌ പതിവ്‌ പല്ലവിയായിരുന്നു. അതിലൊന്നും കാര്യമായ വസ്തുതയില്ലായിരുന്നു. എങ്കിലും ശുദ്ധഗതിക്കാരായ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ആവര്‍ത്തിച്ചുള്ള ഈ നുണപ്രചരണം കുറച്ചൊക്കെ ഉപകരിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ വളരെ സുതാര്യവും വ്യക്തവുമാണ്‌. പ്രത്യേകിച്ച്‌ വിവരാവകാശ നിയമം നിലവില്‍ വന്നതോടെ ഭരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും കുറഞ്ഞചെലവില്‍ വേഗം മനസ്സിലാക്കാം. അതുകൊണ്ട്‌ കേന്ദ്ര അവഗണനയെക്കുറിച്ച്‌ പൊട്ടത്തരങ്ങള്‍ എഴുന്നള്ളിച്ചാല്‍ ജനങ്ങളുടെ മുന്നില്‍ ഇളിഭ്യരാകേണ്ടിവരും. എങ്കിലും പറ്റുന്നിടത്തൊക്കെ ഈ വിലകുറഞ്ഞ തന്ത്രം ഇടതുനേതാക്കള്‍ ഇറക്കാറുണ്ട്‌. വിലക്കയറ്റത്തിന്റെ കാര്യത്തിലും ഭക്ഷ്യഉല്‍പന്നങ്ങളുടെ വിതരണത്തിലും റേഷന്‍ ധാന്യങ്ങള്‍ അനുവദിക്കുന്നതിലും നട്ടാല്‍കുരുക്കാത്ത നുണകള്‍ വിളമ്പി സംസ്ഥാനത്തെ മന്ത്രിമാര്‍ തടിതപ്പാന്‍ നോക്കുന്നു.







സത്യമല്ലെന്ന്‌ അറിയാമെങ്കിലും ഏശുന്നെങ്കില്‍ ഏശട്ടെയെന്ന മട്ടിലാണ്‌ ഈ തട്ടല്‍. യഥാര്‍ത്ഥത്തില്‍ കാര്യങ്ങളുടെ ഗതി എന്താണെന്ന്‌ നോക്കാം. കേന്ദ്രം സംസ്ഥാനത്തിന്‌ അനുവദിച്ചിട്ടുള്ള പദ്ധതികളും ഫണ്ടുകളും യഥാവിധി വിനിയോഗിക്കുന്നില്ലെന്നതാണ്‌ വസ്തുത. ഇന്ത്യന്‍ ലായേഴ്സ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ടി. അസഫലി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച ചില കണക്കുകള്‍ നോക്കുക. ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2007, 2008 വര്‍ഷങ്ങളില്‍ യഥാക്രമം 93 കോടി രൂപയും 187 കോടി രൂപയും കേരളം ചെലവഴിക്കാതെ പാഴാക്കിക്കളഞ്ഞു. 2009 ല്‍ ഈ പദ്ധതിയിലേക്ക്‌ കേന്ദ്രം അനുവദിച്ച 103 കോടി രൂപ ലാപ്സാക്കി. പന്നിപ്പനി, ചിക്കുന്‍ഗുനിയ, ഡങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക്‌ ചികിത്സിക്കാന്‍ ഗ്രാമീണ മേഖലയില്‍ ചെലവഴിക്കേണ്ടിയിരുന്ന തുകയാണിത്‌.





ദേശീയ തൊഴിലുറപ്പ്‌ നിയമം അനുസരിച്ച്‌ ഗ്രാമീണര്‍ക്ക്‌ ജോലി നല്‍കുന്നതിന്‌ 2006-07 വര്‍ഷം മുതല്‍ കഴിഞ്ഞ ഡിസംബര്‍ മുപ്പതുവരെ കേരളത്തിന്‌ 539 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്‌. പക്ഷേ അതില്‍ പകുതിപോലും ചെലവാക്കിയിട്ടില്ല. 284 കോടി രൂപ ഈയിനത്തില്‍ കേന്ദ്രം തിരിച്ചെടുത്തു. യഥാസമയം പദ്ധതികള്‍ ആവിഷ്കരിക്കാത്തതും ആസൂത്രണ നടപടികള്‍ വൈകിയതുമാണ്‌ കാരണം. കേരളത്തിലെ ലക്ഷോപലക്ഷം പാവപ്പെട്ടവര്‍ക്ക്‌ ജോലിയും ഗ്രാമീണമേഖലയില്‍ നിര്‍മാണപരമായ വികസനവും ലഭ്യമാകുമായിരുന്ന പദ്ധതിയാണിത്‌. സുനാമി പുനരധിവാസത്തിന്‌ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കേന്ദ്രത്തില്‍ നിന്ന്‌ 825 കോടി രൂപയും എ.ഡി.ബിയില്‍ നിന്ന്‌ 250 കോടി രൂപയും ലഭിച്ചു. ചെലവഴിച്ചത്‌ 937 കോടി രൂപ മാത്രം. തീരപ്രദേശത്തെ പാവങ്ങളുടെ പാര്‍പ്പിടനിര്‍മാണത്തിനും മറ്റ്‌ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുമായിരുന്ന 148 കോടി രൂപയാണ്‌ സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിക്കളഞ്ഞത്‌.





വിനോദസഞ്ചാര വികസനരംഗത്ത്‌ കേന്ദ്രമന്ത്രാലയം കേരളത്തിന്‌ 15 പദ്ധതികള്‍ക്കായി 3514 ലക്ഷം രൂപ അനുവദിച്ചെങ്കിലും ചെലവാക്കിയത്‌ 262 ലക്ഷം രൂപയാണ്‌. 2006-07 സാമ്പത്തികവര്‍ഷത്തെ മാത്രം കണക്കാണിത്‌. പിറ്റേവര്‍ഷം പത്ത്‌ പദ്ധതികള്‍ക്കായി 2502 ലക്ഷം രൂപയും കഴിഞ്ഞവര്‍ഷം 12 പദ്ധതികള്‍ക്കായി 3412 ലക്ഷം രൂപയും അനുവദിച്ചിരുന്നു. അതിന്റെ ചെലവുവിവരത്തെപ്പറ്റി സാക്ഷ്യപത്രം പോലും ഇതുവരെ സംസ്ഥാന ടൂറിസം വകുപ്പ്‌ കേന്ദ്രത്തിന്‌ നല്‍കിയിട്ടില്ല. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ജയില്‍ നവീകരണം, ഇന്ദിരാ ആവാസ്‌ യോജന, കാര്‍ഷിക വികസനം, പൊലീസ്‌ സേനാ വിപുലീകരണം എന്നിങ്ങനെ വിവിധ മേഖലകള്‍ക്കായി അനുവദിച്ച ആയിരക്കണക്കിന്‌ കോടി രൂപയാണ്‌ യഥാസമയം പദ്ധതി തയ്യാറാക്കാത്തതുകൊണ്ടും ഭരണനിര്‍വഹണത്തിലെ പിടിപ്പുകേടുകൊണ്ടും കേരളത്തിന്‌ ഉപയോഗിക്കാന്‍ പറ്റാതെപോയത്‌.





നമ്മുടെ ദേശീയപാതകള്‍ വാഹനപ്പെരുപ്പം കൊണ്ട്‌ ശ്വാസം മുട്ടുകയാണ്‌. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തിലുണ്ടായ പെരുപ്പം ആരെയും അമ്പരപ്പിക്കും. വാഹനങ്ങളുടെ എണ്ണപ്പെരുപ്പത്തിന്‌ അനുസരിച്ച്‌ പാതകള്‍ വികസിക്കുന്നില്ല. ഇതുമൂലം ദേശീയപാതയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്‌. ദിവസം ശരാശരി പത്തുപേര്‍ വാഹനാപകടത്തില്‍ മരിക്കുന്ന സംസ്ഥാനമാണ്‌ കേരളം. നൂറുകണക്കിനാളുകള്‍ അപകടത്തില്‍പ്പെട്ട്‌ അംഗവൈകല്യം വന്ന്‌ ജീവശ്ചവങ്ങളായി കഴിയേണ്ടിവരുന്നു. ഏതൊരു സുനാമിയിലുണ്ടാകുന്ന മനുഷ്യനാശത്തേക്കാള്‍ വലുതാണ്‌ ഒരുവര്‍ഷം സംസ്ഥാനത്ത്‌ റോഡപകടങ്ങളില്‍ സംഭവിക്കുന്നത്‌. പുതിയ പാതകള്‍ ഉണ്ടാകുകയും നിലവിലുളള ദേശീയ പാതകള്‍ വീതികൂട്ടി വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ്‌ ഇത്‌ കുറയ്ക്കാനുള്ള ഒരു പോംവഴി.







ദേശീയപാതാ വികസനത്തിന്‌ കേന്ദ്രം കേരളത്തിന്‌ അനുവദിച്ച പതിനായിരം കോടി രൂപയാണ്‌ സംസ്ഥാനം ഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോകുന്നത്‌. പാത വികസിപ്പിക്കുമ്പോള്‍ സ്ഥലം നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും വിനിയോഗിക്കേണ്ട തുകയാണിത്‌. സംസ്ഥാന സര്‍ക്കാര്‍ അവലംബിക്കുന്ന കുറ്റകരമായ കാലതാമസത്തെ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കേന്ദ്രമന്ത്രി കമല്‍നാഥ്‌ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിന്‌ മുമ്പ്‌ ചെയ്യേണ്ട ജോലി കേരളം പൂര്‍ത്തിയാക്കാത്തതുകൊണ്ട്‌ ഈ തുക ലാപ്സായിപ്പോകേണ്ടതാണ്‌. എന്നാല്‍ അടുത്ത ജൂണ്‍ മുപ്പതുവരെ പ്രത്യേക പരിഗണന നല്‍കി കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്‌. അതിനുള്ളില്‍ സംസ്ഥാനം ദേശീയപാത വികസനത്തിന്‌ ആവശ്യമായ സ്ഥലം ഏറ്റെടുത്തെങ്കിലായി. ഇല്ലെങ്കില്‍ ആ പതിനായിരം കോടി രൂപയും നഷ്ടപ്പെട്ടതുതന്നെ. കേരളത്തിലെ വാഹനസഞ്ചാരികള്‍ ജീവിതം പെരുവഴിയില്‍ ഹോമിക്കട്ടെ. ഇടതുസര്‍ക്കാരിന്‌ നഷ്ടപ്പെടാന്‍ ചെങ്കൊടികള്‍ മാത്രം.

Followers

About Me

My photo
mail me through:niyasniyu@hotmail.com