Monday, November 15, 2010

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ 27 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെട്ടു


Imageഉപവാസസമരം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയെത്തുടര്‍ന്ന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കേണ്ട 18 എം. ബി. ബി. എസ്. സീറ്റുകളും, ഒന്‍പത് ബി. ഡി. എസ്. സീറ്റുകളും നഷ്ടമായി.
യോഗ്യതാ പരീക്ഷയ്ക്ക് 90 ശതമാനത്തിനുമേല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ പ്രവേശനം നിഷേധിച്ചത്. 
2006-ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ യാതൊരു പഠനവും കൂടാതെയാണ് മിനിമം മാര്‍ക്ക് നിബന്ധന സംസ്ഥാനത്തു നടപ്പിലാക്കിയത്. പട്ടികവര്‍ഗക്കാര്‍ക്ക് പ്രവേശനപരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് വേണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിബന്ധന 1997-ലാണ് നിലവില്‍ വന്നത്. ഇത് 2006-ല്‍ നടപ്പാക്കിയപ്പോള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒരു വിദ്യാര്‍ത്ഥിക്കു മാത്രമാണ് പ്രവേശനം നേടാനായത്. ഇതുമൂലം തന്‍വര്‍ഷം 33 മെഡിക്കല്‍ സീറ്റുകളാണ് ഈ വിഭാഗത്തിനു നഷ്ടമായത്.

തുടര്‍ന്ന് 2007-ല്‍ പട്ടികവര്‍ഗ്ഗ സംഘടനകളും വിദ്യാര്‍ത്ഥികളും ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് ലഭ്യമാക്കുകയും ചെയ്തിരുന്നു. കോടതിവിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കുകയും മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കുകയും ചെയ്തു. 
എന്നാല്‍, 2008-ലെ പ്രവേശനസമയത്തിനു മുമ്പായി ഈ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഇതേ തുടര്‍ന്ന് ആദിവാസി സംഘടനകളും വിദ്യാര്‍ത്ഥികളും ഡബ്യു പി. (സി)393/2008 എസ്. സി. ആയി സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും 2008,2009 വര്‍ഷങ്ങളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.

പ്രത്യേക പ്രവേശന പരീക്ഷാ പരിശീലനവും പരീക്ഷയും നടത്തി മുഴുവന്‍ മെഡിക്കല്‍ സീറ്റിലേക്കും പ്രവേശനം നല്‍കാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍, 2010ലെ പ്രവേശനത്തിനുവേണ്ടി കിര്‍ത്താട്‌സില്‍വച്ച്  പ്രത്യേക പ്രവേശനപരീക്ഷാ പരിശീലനവും പരീക്ഷയും നടത്തി എന്‍ട്രന്‍സ് കമ്മീഷണര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും അലോട്ട്‌മെന്റ് സമയത്തിനുമുമ്പായി ഇത് അട്ടിമറിക്കപ്പെട്ടു. എന്‍ട്രന്‍സ് കമ്മീഷണറായ മാവോജിയുടെ സഹോദരീപുത്രി അമിതയെക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുപ്പിച്ച് സ്റ്റേ ഉത്തരവു സമ്പാദിച്ചായിരുന്നു ഈ അട്ടിമറി. മറ്റു കോഴ്‌സുകള്‍ക്കു പഠിക്കുകയായിരുന്ന 27 വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതുമൂലം തുലാസിലായത്. ഇതിന് സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്.

2010-ലെ മെഡിക്കല്‍ പ്രവേശനലിസ്റ്റില്‍ പേരുണ്ടായിരുന്ന അമിത, തനിക്ക് പ്രവേശനം കിട്ടാന്‍ സാധ്യതയില്ലെന്നു കരുതിയാണ് കോടതിയെ സമീപിച്ചതത്രേ.
ഇതിനെതിരേ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചതിനെത്തുടര്‍ന്ന് അമിതയുടെ സ്റ്റേ ഉത്തരവ് കോടതി തളളി. ഉടന്‍തന്നെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതിനു തയ്യാറായില്ല. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും സംസ്ഥാന സര്‍ക്കാര്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ നിലപാടാണ് വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്നത്. ദരിദ്ര ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെന്ന  വ്യാജേന അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ദുര്‍ബല ജനവിഭാഗങ്ങളോടു കാട്ടുന്ന കടുത്ത അവഗണനയും ഭരണഘടനാ ലംഘനവുമാണിത്.
 
 ഈ നില തുടര്‍ന്നാല്‍ വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരു ഡോക്ടര്‍ പോലും ഉണ്ടാവില്ല. 
മുഴുവന്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് നാഷണല്‍ ആദിവാസി ഫെഡറേഷന്റെ നേതൃത്വത്തില്‍ 18ന് രാവിലെ 10ന് സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന ഉപവാസസമരം  പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. എന്‍. എ. എഫ്. നേതാക്കളായ പി. കെ. ഭാസ്‌കരന്‍, മോഹനന്‍ ത്രിവേണി, ബാലന്‍ പൂതാടി, കെ. എം. സുകുമാരന്‍, പി. കെ. സജീവ്, പി. കെ. ശശി, എം. നാരായണന്‍ തുടങ്ങിയവരും സംസ്ഥാനത്ത് 22 പട്ടികവര്‍ഗ സംഘടനാ നേതാക്കളും പ്രസംഗിക്കും. 

Followers

About Me

My photo
mail me through:niyasniyu@hotmail.com