Monday, November 15, 2010

സ്മാര്‍ട് സിറ്റിക്ക് ചരമഗീതം


Imageപദ്ധതിയുടെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെന്ന് മന്ത്രി എസ്. ശര്‍മ
നിസാര്‍ മുഹമ്മദ്
തിരുവനന്തപുരം: മൂന്നുവര്‍ഷം മുമ്പ് ഇതേദിവസം ശിലാസ്ഥാപനം നടത്തിയ
 സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് ചരമഗീതമെഴുതാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. 
സ്മാര്‍ട്‌സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നെങ്കിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ടീകോമുമായി ഇനി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് സ്മാര്‍ട്‌സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ് ശര്‍മ്മ ആവര്‍ത്തിച്ചതോടെ പദ്ധതിയുടെ ചരമക്കുറിപ്പല്ലാതെ  മന്ത്രിസഭാ യോഗത്തില്‍ മറ്റൊന്നും കേരള ജനത പ്രതീക്ഷിക്കേണ്ടതില്ല.

അതേസമയം കൊച്ചിയ്‌ക്കൊപ്പം ഒപ്പുവച്ച മാള്‍ട്ടയിലെ സ്മാര്‍ട്ട് സിറ്റിക്ക് കഴിഞ്ഞ ഒക്‌ടോബര്‍ പത്തിന് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. കേരള സര്‍ക്കാര്‍ കരാറൊപ്പിട്ട അതേ ദുബായ് ടീകോമിന്റെ നേതൃത്വത്തില്‍ തന്നെയാണ് മാള്‍ട്ടയില്‍ സ്മാര്‍ട്‌സിറ്റിയുടെ കൂറ്റന്‍ സൗധം പണി പൂര്‍ത്തിയാക്കിയത്. കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്‍ തന്നെയാണ് മാള്‍ട്ടയിലെ സ്മാര്‍ട്‌സിറ്റി പദ്ധതിക്കും മേല്‍നോട്ടം വഹിച്ചതെന്നതാണ് ശ്രദ്ധേയം. കേരള സര്‍ക്കാരും മാള്‍ട്ട സര്‍ക്കാരും ടീകോമുമായി സ്മാര്‍ട്ട് സിറ്റിക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് 20 ദിവസത്തിന്റെ വ്യത്യാസത്തിലാണ്.

2007 ഏപ്രില്‍ 23-നു മാള്‍ട്ട സര്‍ക്കാരും മെയ് 13-നു കേരള സര്‍ക്കാരും എംഒയു ഒപ്പുവച്ചു. ഭൂമി നല്‍കല്‍ സംബന്ധമായ എല്ലാ കുരുക്കുകളും മാള്‍ട്ടയില്‍ അതിവേഗം പൂര്‍ത്തിയായി. ഇതേവര്‍ഷം സെപ്റ്റംബറില്‍ ടീകോം മാസ്റ്റര്‍പ്ലാന്‍ തയാറാക്കി. 2008 നവംബറില്‍ നിര്‍മാണവും തുടങ്ങി. കേരളത്തില്‍ ധാരണാപത്രം ഒപ്പുവച്ചതല്ലാതെ ഒരടി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.വിവരസാങ്കേതികതയുടെ ലോകത്ത് കൊച്ചിയെ സ്മാര്‍ട്ടാക്കുമെന്നും പദ്ധതിയുടെ ചിറകിലേറി കേരളം കുതിക്കുമെന്നുമുള്ള വാഗ്ദാനവുമായാണ് ഇടതുസര്‍ക്കാര്‍ സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 90,000 തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നും സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വന്‍മാറ്റത്തിന് നാന്ദികുറിക്കുമെന്നുമായിരുന്നു ശിലാസ്ഥാപനവേളയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.

രാജ്യാന്തര ഐടി ഭൂപടത്തിലേക്കു കേരളം ലോഗ് ഇന്‍ ചെയ്യുന്നതു കൊച്ചി സ്മാര്‍ട്‌സിറ്റിയിലൂടെയായിരിക്കുമെന്നും ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ബിസിനസ് പാര്‍ക്കായി കൊച്ചി മാറാന്‍ പോകുന്നുവെന്നും മന്ത്രി എസ് ശര്‍മ്മയും പലകുറി പറഞ്ഞു. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെയും ദുബായ് മീഡിയ സിറ്റിയുടെയും മാതൃകയില്‍ വിവരസാങ്കേതിക രംഗത്തെ പ്രമുഖ കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. 1400 കോടി രൂപയുടെ നിക്ഷേപം സ്മാര്‍ട്‌സിറ്റിയിലേക്ക് ആകര്‍ഷിക്കുക, മാള്‍ട്ടയ്‌ക്കൊപ്പം കൊച്ചിയിലും സ്മാര്‍ട്‌സിറ്റി വരുന്നതോടെ വിവരസാങ്കേതികതയുടെ അടിസ്ഥാനത്തിലുള്ള രാജ്യാന്തര ചങ്ങലയിലെ സുപ്രധാന കണ്ണിയാവുക എന്ന സ്വപ്നവും കേരളജനതയോട് ഭരണാധികാരികള്‍ പങ്കുവെച്ചു.
 
സ്മാര്‍ട്‌സിറ്റിയില്‍ ടീകോം 88 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ പത്തു വര്‍ഷത്തിനകം നിര്‍മിക്കണമെന്നായിരുന്നു കരാര്‍. ഈ കെട്ടിടങ്ങളുടെ 70 ശതമാനം ഐടി വ്യവസായങ്ങള്‍ക്കും ബാക്കിയുള്ളത് താമസസൗകര്യം ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ക്കും വിനിയോഗിക്കും. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ 90,000 പേര്‍ക്ക് ഈ പദ്ധതിയില്‍ തൊഴില്‍ ലഭിക്കും. ഇത്രയും ബൃഹത്തായ ഒരു വികസന പദ്ധതിക്കു കേരളം വേദിയാകുന്നത് ആദ്യമായാണെന്നായിരുന്നു അന്നത്തെ പ്രഖ്യാപനങ്ങള്‍. രാജ്യാന്തര സ്മാര്‍ട്‌സിറ്റി നെറ്റ്‌വര്‍ക്കില്‍ ഇന്ത്യയിലെ ആദ്യത്തെ കണ്ണിയായ സ്മാര്‍ട്‌സിറ്റി കൊച്ചി  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം നിര്‍മാണ-ടൂറിസം-വ്യവസായ മേഖലകള്‍ക്കും പ്രയോജനപ്പെടുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ.

ദുബായ് ഇന്റര്‍നെറ്റ് സിറ്റി, മീഡിയ സിറ്റി എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടു നിക്ഷേപകരെ കണ്ടെത്താനും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് സര്‍ക്കാരും കണക്കുകൂട്ടി. പക്ഷെ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകേണ്ട ഒരു പദ്ധതി എങ്ങനെ ഇല്ലാതാക്കാമെന്നതിന് മറ്റൊരു തെളിവുകൂടി സമര്‍പ്പിച്ച് സംസ്ഥാനം സ്മാര്‍ട്‌സിറ്റിയെ കയ്യൊഴിയുന്ന കാഴ്ചയ്ക്ക് ഇന്ന് സാക്ഷ്യം വഹിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ആഗോള മലയാളി സമൂഹം. 

Followers

About Me

My photo
mail me through:niyasniyu@hotmail.com