Tuesday, November 2, 2010

മാര്‍ക്‌സിസ്റ്റ് ഭീകരത ഒരു അനുഭവ സാക്ഷ്യം



Image
തൊഴിലാളി വര്‍ഗ പാര്‍ട്ടി, അധ്വാനിക്കുന്നവരുടെ പാര്‍ട്ടി, എന്നൊക്കെ സി പി എം നേതാക്കള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ സിപിഎം എന്താണ്? പാര്‍ട്ടിക്കകത്തു പ്രവര്‍ത്തിച്ചവര്‍ക്ക് നന്നായി അറിയാം സിപിഎം എന്താണെന്ന്.
പാര്‍ട്ടിക്കകത്ത് നിന്ന് ആരും പുറത്തുപറയില്ല, പാര്‍ട്ടിക്കു പുറത്തുപോയാല്‍ പലരും തുറന്നു പറയാന്‍ ധൈര്യപ്പെടുകയുമില്ല. എന്നാല്‍ സിപിഎം എന്താണെന്നും അതിന്റെ ഇന്നത്തെ അവസ്ഥയും നേതാക്കളുടെ നിലവാരവും ഏതു തരത്തിലാണെന്നും തുറന്നു പറയുകയാണ് രണ്ടുതവണ സി പി എം ടിക്കറ്റില്‍ കണ്ണൂരില്‍ നിന്ന് പാര്‍ലമെന്റംഗമായ എ.പി അബ്ദുള്ളക്കുട്ടി എം എല്‍ എ. എ കെ ജിയും കൃഷ്ണപ്പിള്ളയുമൊക്കെ കഷ്ടപ്പെട്ടു വളര്‍ത്തിയ രാഷ്ട്രീയപ്രസ്ഥാനത്തിനു സംഭവിച്ച അപചയത്തിന്റെ അനുഭവ സാക്ഷ്യമാണ് അബ്ദുള്ളക്കുട്ടിയുടെ 'നിങ്ങളെന്നെ കോണ്‍ഗ്രസാക്കി'എന്ന രാഷ്ട്രീയ ആത്മകഥ.
തന്നെ കാലുമാറ്റക്കാരനെന്നും വഞ്ചകനെന്നും ആക്ഷേപിക്കുന്ന സിപിഎം നേതാക്കള്‍ക്ക് ചുട്ടമറുപടിനല്‍കുകയാണ് ഈ പുസ്തകത്തിലൂടെ അബ്ദുള്ളക്കുട്ടി. 
 
സി പി എമ്മില്‍ വാക്കും പ്രവൃത്തിയും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അജഗജാന്തരങ്ങള്‍ കാണേണ്ടി വന്ന തന്റെ കാഴ്ചപ്പാടു മാറ്റത്തിന്റെ ഘട്ടങ്ങളൊന്നൊന്നായി അബ്ദുള്ളക്കുട്ടി വിവരിക്കുമ്പോള്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ വരെ നിയന്ത്രിക്കുന്ന കണ്ണൂര്‍ ലോബിയുടെ വികൃതമുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്. സി പി എം ചെയ്തുപോരുന്ന കൊള്ളരുതായ്മകളുടെ പട്ടിക തന്നെ കാണാം അബ്ദുള്ളക്കുട്ടിയുടെ അനുഭവവിവരണങ്ങളില്‍. സി പി എം നേതൃത്വത്തിന് ഒരിക്കലും നിഷേധിക്കാനാകാത്ത വസ്തുതകള്‍ പച്ചയ്ക്ക് അബ്ദുള്ളക്കുട്ടി  പറയുമ്പോള്‍ അതില്‍ അതിശയോക്തിയോ അവിശ്വാസമോ ആര്‍ക്കും തോന്നില്ല. നിഷ്‌കളങ്കമായാണ് തന്റെ അനുഭവങ്ങള്‍ അബ്ദുള്ളക്കുട്ടി വിവരിക്കുന്നത്.

കണ്ണൂരിനെ കൊലക്കളമാക്കുന്നതില്‍, കള്ളവോട്ടിന്റെ കേന്ദ്രമാക്കുന്നതില്‍ സി പി എമ്മിന്റെ പങ്കാണ് കുറേക്കാലം സി പി എം പാളയത്തിലായിരുന്ന അബ്ദുള്ളക്കുട്ടി തുറന്നു പറയുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി. അത്തരം മന്ത്രിമാരേ കണ്ണൂരില്‍ വാഴൂ. അതാണ് കണ്ണൂരിലെ കേഡര്‍നയം- 'ചോരയുടെ മണം' എന്ന അധ്യായത്തില്‍ കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം വളര്‍ത്തിയതില്‍ സി പി എമ്മിന്റെ പങ്കാണ് അബ്ദുള്ളക്കുട്ടി വിശദീകരിക്കുന്നത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയുന്നവരെ ശാരീരികമായി നേരിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കന്മാരാണ് കണ്ണൂരിലുള്ളത്. ടി. ഗോവിന്ദന്‍ എന്ന ഗാന്ധിയന്‍ കമ്യൂണിസ്റ്റും എം.വി ഗോവിന്ദന്‍ മാസ്റ്ററെന്ന സാത്വികനായ കമ്യൂണിസ്റ്റും കണ്ണൂരില്‍ അധികകാലം സെക്രട്ടറിമാരായി വാഴാതിരുന്നതും അവരെ മറ്റു സ്ഥാനങ്ങളിലേക്ക് നാടു കടത്തിയതും ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ധീരതയും ധിക്കാരവും നന്നായി പ്രകടിപ്പിക്കാത്തുതുകൊണ്ടാണെന്ന് സഖാക്കള്‍ അടക്കം പറയാറുണ്ട്.
 
ഇവരുടെ കാലത്ത് കണ്ണൂരില്‍ കൊല്ലും കൊലയും കുറവായിരുന്നു.
തലശേരി, കൂത്തുപറമ്പ് മേഖലയിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ചെറുപ്പക്കാര്‍ക്ക് നല്ല വിവാഹബന്ധങ്ങള്‍ ലഭിക്കുന്നില്ല. വിവാഹപ്രായമെത്തിയിട്ടും പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ കഴിയുന്നില്ല. ഭൂമിയുടെ വില കേരളത്തില്‍ ഏറ്റവും കുറഞ്ഞ പ്രദേശം ആ മേഖലകളാണ്. ബോംബുണ്ടാക്കല്‍ കുടില്‍ വ്യവസായവും അക്രമം കൃഷിയുമായ നാട്ടില്‍ ആരാണ് ഭൂമി വാങ്ങുക? ആരാണ് പെണ്ണു കെട്ടുക? കുട്ടികളുടെ വിദ്യാഭ്യാസം പോലും പലപ്പോഴും അനിശ്ചിതത്വത്തിലാകുന്നു.
സി പി എമ്മിലെ രീതിയനുസരിച്ച് അല്‍പ്പം ദൂരെയുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് വന്നവരായിരിക്കും മറ്റൊരു ഗ്രാമത്തില്‍ അക്രമണം നടത്തുന്നത്.
 
അക്രമം നടത്തുന്നവര്‍ ഒരിക്കലും പിടികൊടുക്കാറില്ല. അതിനായി പ്രത്യേകം ആളുകളുണ്ട്. ഒരു കൊലപാതകമുണ്ടായാല്‍ പത്തു പതിനഞ്ചു കുടുംബങ്ങളാണ് അതിന്റെ പേരില്‍ അനാഥമാകുന്നത്. കൊല്ലപ്പെട്ടവനും പിടിയിലായവരും ഒളിവില്‍ പോയവരുമൊക്കെ ഇതിലുള്‍പ്പെടും. കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും മറ്റുമായി 15 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ചെലവുവരും. ഇതുമായി ബന്ധപ്പെടുന്നവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ വേറെയും ലക്ഷങ്ങള്‍ വേണം. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യനന്മയ്ക്കുമായി ചെലവഴിക്കേണ്ട തുകയാണ് ഇങ്ങനെ പാഴായിപ്പോകുന്നത്.
 
പ്രതിരോധം കൊണ്ട് പാര്‍ട്ടിയെ വളര്‍ത്താനാവുമെന്നാണ് സി പി എമ്മിന്റെ വാദം. തലശേരി, കൂത്തുപറമ്പ് ഭാഗങ്ങളില്‍ സി പി എമ്മിന്റെ ഈ നയം കൊണ്ട് വളര്‍ന്നത് ആര്‍ എസ് എസുകാരാണ്. അക്രമവിപ്ലവ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഒരു രഹസ്യ ഡിഫന്‍സ് സ്‌ക്വാഡ് പാര്‍ട്ടിക്കുണ്ട്. 'പാര്‍ട്ടി ഗ്രാമത്തിലെ കെമിക്കല്‍ അലിമാര്‍' എന്ന അധ്യായത്തില്‍ സി പി എമ്മിന്റെ കള്ളവോട്ടു രാഷ്ട്രീയത്തെയാണ് അനാവരണം ചെയ്യുന്നത്. 'ഒന്നും രണ്ടുമല്ല. പത്തും പതിനഞ്ചും വോട്ട് ചെയ്തിട്ടാണ് താങ്കള്‍ വിജയിച്ചത്. സഖാക്കളേ ഇതാ ഈ വിരല്‍ത്തുമ്പിലേക്ക് നോക്കൂ. വിരലിലെ കറുത്ത അടയാളം മായ്ച്ച് മായ്ച്ച് പൊള്ളിയ പാട് ഇനിയും പോയിട്ടില്ല.
 
താങ്കള്‍ ജയിച്ചത് അങ്ങയുടെ മൊഞ്ച് കൊണ്ടല്ല. നമ്മുടെ സഖാക്കളനുഭവിച്ച ത്യാഗം കൊണ്ടാണ്...'മയ്യില്‍ ഏരിയാ സമ്മേളനത്തില്‍ എം. പ്രശാന്തനെന്ന സഖാവ് അബ്ദുള്ളക്കുട്ടിയോട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണിത്. കണ്ണൂരിലെ കൊലപാതകത്തിനുണ്ടാക്കുന്ന ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ മനോജ് എബ്രഹാമിനെ പോലുള്ള പൊലീസ്  ഓഫീസര്‍മാര്‍ റെയ്ഡ് ചെയ്ത് പിടിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂരിലെ കള്ളവോട്ടു കേന്ദ്രങ്ങളും അടയാളം മായ്ക്കുന്ന മഷിയുണ്ടാക്കുന്ന കേന്ദ്രവും അതിന്റെ കെമിസ്ട്രിയും വിതരണവും തെരഞ്ഞെടുപ്പു ദിവസം ബൂത്തിനടുത്തുള്ള രഹസ്യ കേന്ദ്രത്തിലെ മഷി മായ്ച്ചുകൊടുക്കല്‍ പരിപാടിയും കണ്ടെത്താന്‍ സാക്ഷാല്‍ ഇലക്ഷന്‍  കമ്മീഷണര്‍ ടി.എന്‍ ശേഷനുപോലും കഴിഞ്ഞില്ലല്ലോ.
 
ബോംബ് കൊണ്ട് കൊല്ലുന്നത് കുറച്ചാളുകളേയാണ്. എന്നാല്‍ ഈ മായ്ക്കല്‍ കെമിക്കലുണ്ടാക്കുന്നവര്‍ കെമിക്കല്‍ അലിയേക്കാള്‍ ഭീകരന്മാരാണ്.. ലോകത്തിനു തന്നെ മാതൃകയായ ഒരു ജനാധിപത്യവ്യവസ്ഥയെയാണ് ഇവര്‍ കൊല ചെയ്യുന്നത്. എല്ലാ തെരഞ്ഞെടുപ്പിനും പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കും. ഉച്ചയ്ക്ക് രണ്ട് മണിക്കു മുമ്പ് മുഴുവന്‍ വോട്ടും പോള്‍ ചെയ്യണം. പ്രവര്‍ത്തകര്‍ രണ്ടു മണിക്ക് മുമ്പ് വരാത്ത മുഴുന്‍ ആളുകളുടെ വോട്ടും കുത്തിയിടും. മായ്ക്കാന്‍ മഷിയുണ്ടല്ലോ. ഇതാണ് പതിവു രീതി. പാര്‍ട്ടിക്ക് ഉറപ്പായി വോട്ടു ചെയ്യുന്നവരുടെ പോലും വോട്ടുകള്‍, നാട്ടിലില്ലാത്തവരുടെ വോട്ടുകള്‍, മരിച്ചവരുടെ വോട്ടുകള്‍ ഇങ്ങനെ പാര്‍ട്ടി ഗ്രാമങ്ങളില്‍ 99.9 ശതമാനവും പോളിംഗ് നടക്കുന്ന വിചിത്ര ജനാധിപത്യത്തിന്റെ നാടാണ് കണ്ണൂര്‍.
 
സിപിഎം സമരമുഖങ്ങളിലെ അനുഭവങ്ങളും ധാരാളമുണ്ട് അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയില്‍. വ്യവസായമന്ത്രിയായ ഇ അഹമ്മദിനെ കണ്ണൂരില്‍ വഴി തടഞ്ഞപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പിന്നീട്  ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെച്ചപ്പോഴേക്കും അതുവരെ വിപ്ലവവീര്യം ജ്വലിപ്പിച്ച് പ്രസംഗിച്ച പ്രകാശന്‍ മാസ്റ്ററുള്‍പ്പെടെ പല നേതാക്കളും ഓടിരക്ഷപ്പെട്ടു. അന്ന് എം.വി ജയരാജനും താനുമുള്‍പ്പെടെ 33 ദിവസം ജയിലില്‍ കിടുന്നു. മുതിര്‍ന്ന സഖാക്കളുടെ പെരുമാറ്റദൂഷ്യങ്ങള്‍ അന്ന് വല്ലാതെ മനപ്രയാസമുണ്ടാക്കി. തടവുകാര്‍ക്കിടയിലെ ലൈംഗികവൈകൃതങ്ങളെ കുറിച്ച് തനിക്ക് അക്കാലത്ത് കേട്ടറിവുപോലുമുണ്ടായിരുന്നില്ലെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.

ഒരിക്കല്‍ എം.ദാസന്‍ കോഴിക്കോട്ട് വെച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പറഞ്ഞു-'അബ്ദുള്ളക്കുട്ടീ, നിന്റെ കണ്ണൂരിലെ കമ്യൂണിസ്റ്റുകാര്‍ മൃഗങ്ങളാണ്. ദാസേട്ടന്‍ അതു പറഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി. കൊലനിലങ്ങളിലൂടെ അലറിപ്പായുന്ന പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയം അദ്ദേഹത്തെ അത്രയ്ക്ക് വേദനിപ്പിച്ചിരുന്നു. നിങ്ങക്ക് ഇത് സംസ്ഥാനകമ്മിറ്റിയില്‍ പറഞ്ഞൂടെ ദാസേട്ടാ-ഞാന്‍ ചോദിച്ചു. നമ്മള് അതിനെതിരെ പറഞ്ഞാല്‍ നിന്റെ ധീരന്മാരായ നേതാക്കള്‍ നമ്മുടെ ജീവിതം കൊണ്ട് പന്തുകളിക്കില്ലേ.-പാതി അമര്‍ഷവും പാതി പരിഹാസവും കലര്‍ന്ന വാക്കുകളില്‍ അദ്ദേഹം മറുപടി പറഞ്ഞു. കൂടുതല്‍ കുരുതികള്‍ കാണാന്‍ കെല്‍പ്പില്ലാത്തതു കൊണ്ടാകണം ദാസേട്ടന്‍ ഈ ഭൂമിയില്‍ നിന്ന് നേരത്തേ പോയി. എന്നിട്ടും കണ്ണൂരിലെ പാര്‍ട്ടി മൃഗങ്ങള്‍ ചോര മണത്തുനടക്കുന്നു.

ദാരിദ്ര്യം കൊണ്ട് റൊട്ടി മോഷ്ടിക്കേണ്ടി വന്ന ജീന്‍വാല്‍ജീന്റെ സ്ഥിതിയാണ് പല സി പി എം എം പിമാര്‍ക്കുമെന്ന് അബ്ദുള്ളക്കുട്ടി കണക്കുകള്‍ വിശദീകരിച്ച് പറയുന്നു. ശമ്പളയിനത്തില്‍ കിട്ടുന്ന 42,000 രൂപയില്‍ നിന്ന് 7000 രൂപ മാത്രമാണ് ഓരോ എം പിക്കും പാര്‍ട്ടി അലവന്‍സായി കൊടുക്കുന്നത്. അതുകൊണ്ട് പല എം പിമാരും ഓഫീസില്‍ സെക്രട്ടറിമാരെ പോലും നിയമിക്കാറില്ല. 14-ാം ലോക്‌സഭയില്‍ സി പി എമ്മിന് രാജ്യസഭയടക്കം ആകെ 52 എം പിമാരാണുള്ളത്. ഈയിനത്തില്‍ മാത്രം മൂന്നു കോടിയോളം രൂപ പ്രതിവര്‍ഷം പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്നു.ഇതില്‍ ചെറിയൊരു ഭാഗം ചെലവഴിച്ചാല്‍ ജെ എന്‍ യു പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന പഠിച്ചിറങ്ങുന്ന കുട്ടികളെ എം പി ഓഫീസുകളില്‍ സെക്രട്ടറിയായി നിയമിക്കാം.
 
ബാക്കിയുള്ള സമയം അവരെ പാര്‍ട്ടി പ്രവര്‍ത്തനത്തിനു വിടാം. ദില്ലിയില്‍ ചെങ്കൊടി പറപ്പിക്കാനുള്ള വഴികള്‍ ഇതൊക്കെയാണ്. പ്രകാശിന്റേയും വൃന്ദയുടേയും മൂക്കിനു താഴെ ദില്ലിയില്‍ സി പി എം അംഗങ്ങള്‍ ആയിരത്തില്‍ താഴെ മാത്രം.സി പി എമ്മിനകത്തെ ജനാധിപത്യമില്ലായ്മയും നേതാക്കളുടെ ധിക്കാരവും വെളിപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങള്‍ അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. പാര്‍ട്ടി ജില്ലാകമ്മിറ്റിയിലേക്ക് രണ്ടു തവണയും മല്‍സരിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതും സ്വന്തക്കാരെ സ്ഥാനങ്ങളിലെത്തിക്കാന്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്ന ഇ പി ജയരാജനടക്കമുള്ളവരുടെ പദപ്രയോഗങ്ങളും 'കര്‍ക്കടകമാസത്തിലെ ഗൂഢാലോചന' എന്ന അധ്യായത്തില്‍ പറയുന്നു.
 
കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും കെ സുധാകരനുമാണ് ഇരുട്ടില്‍ പകച്ചുനില്‍ക്കുകയായിരുന്ന തനിക്ക് പുതിയ ജന്മം തന്നതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. 'ഒരിക്കല്‍ പഴയ സഖാവ് എം.വി.ആര്‍ കണ്ടപ്പോള്‍ ചോദിച്ചു. ഓ നീ ഇപ്പോള്‍ വികസനത്തിന്റെ ആളാണല്ലടോ..മുമ്പ് പരിയാരത്ത് സ്വാശ്രയമെഡിക്കല്‍ കോളേജ് തുടങ്ങിയപ്പോള്‍ നീയല്ലേടോ എസ് എഫ് ഐ പിള്ളേരേം കൊണ്ടു വന്ന് പരിപാടി കലക്കിയത്...' ആ ചോദ്യത്തിനു മുമ്പില്‍ തലകുനിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. ഇങ്ങനെ എത്രയെത്ര പാപങ്ങള്‍ ഈ നാടിനോട് ചെയ്തിട്ടുണ്ട്. മത്തായി ചാക്കോ മുതല്‍ ഈ അബ്ദുള്ളക്കുട്ടി വരെ ചെയ്തു കൂട്ടിയ പാപങ്ങള്‍ എന്ത് പ്രായശ്ചിത്തം ചെയ്താലാണ് തീരുകയെന്ന് എനിക്കറിഞ്ഞുകൂട.
 
പാര്‍ട്ടി ചെയ്ത കൊലപാതകങ്ങള്‍ക്ക് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ആത്മീയമായി പങ്കുകാരാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു, ആര്‍ക്കും ആ മഹാപാപത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പറ്റില്ല. അബ്ദുള്ളക്കുട്ടിയുടെ ഈ ഏറ്റുപറച്ചില്‍ സി പി എമ്മിനകത്ത് അസ്വസ്ഥ മനസുമായി കഴിയുന്നവര്‍ക്കും പാര്‍ട്ടിയിലെ പുതുതായി കടന്നു വന്നവര്‍ക്കും ഒരു പോലെ ചിന്തിക്കാനുള്ള വഴിയൊരുക്കുന്നു. സി.പി.എം എന്ന രാഷ്ട്രീയപാര്‍ട്ടിയെ പഠിക്കാനുള്ള കൈപ്പുസ്തകമായി മാറുകയാണ് അബ്ദുള്ളക്കുട്ടിയുടെ ഈ രാഷ്ട്രീയ ആത്മകഥ.

Followers

About Me

My photo
mail me through:niyasniyu@hotmail.com