Tuesday, November 2, 2010

ഭരണ രംഗത്തെ പ്രാദേശിക വിപ്ലവം
Imageകേരളപ്പിറവിയുടെ അമ്പത്തിനാലാം വാര്‍ഷികദിനമായ ഇന്നലെ സംസ്ഥാനത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ ശോഭയാര്‍ന്ന ഒരു അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. പ്രാദേശിക ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നപ്പോള്‍ അവരില്‍ പകുതിയിലേറെപ്പേര്‍ സ്ത്രീകളാണെന്ന വസ്തുത ദേശീയതലത്തില്‍ തന്നെ കേരളത്തെ ശ്രദ്ധേയമാക്കി.
സംസ്ഥാനത്തെ 605 തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണം ഈയാഴ്ച സ്ത്രീകള്‍ ഏറ്റെടുക്കാന്‍ പോവുകയാണ്. തുല്യനീതിയെക്കുറിച്ചും അവസര സമത്വത്തെക്കുറിച്ചും ലോകമെങ്ങും സജീവമായ ചര്‍ച്ച നടക്കുന്ന വേളയിലാണ് ജനാധിപത്യ ഭരണസ്ഥാപനങ്ങളില്‍ കേരളം മാതൃകാപരമായ ഈ ചുവടുവയ്പ്പ് നടത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥ്യം സ്ത്രീകള്‍ ഏറ്റെടുത്താല്‍ സംസ്ഥാനത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന വിഷമതകളെല്ലാം തീരുമോ എന്ന കുസൃതിച്ചോദ്യം ഉയരാം. പുരുഷനില്‍ നിന്ന് ഭിന്നമായി സ്ത്രീകളുടേതായ പ്രത്യേക പ്രശ്‌നങ്ങളും വിഷമാവസ്ഥകളും പൂര്‍ണമായി ഇല്ലാതാക്കി അവസരനീതിയും സമത്വവും കൈവരിക്കാന്‍ ഇനിയും ബഹുദൂരം സമൂഹം സഞ്ചരിക്കേണ്ടതുണ്ട്. എങ്കിലും പ്രാദേശിക ഭരണകൂടങ്ങളില്‍ അധികാര പങ്കാളിത്തം തുല്യ അളവില്‍ ലഭിക്കുന്നതോടെ സാമൂഹിക ജീവിതരംഗങ്ങളില്‍ ഗുണകരമായ മാറ്റമുണ്ടാകാന്‍ അവസരമൊരുങ്ങുകയാണ്.
 
അധികാരത്തിലെത്തുന്ന സ്ത്രീകള്‍ അവസരോചിതമായും അന്തസ്സായും പ്രവര്‍ത്തിച്ചാല്‍ അല്‍ഭുതകരമായ മാറ്റം സമൂഹത്തില്‍ ഉണ്ടാക്കാന്‍ കഴിയും. സ്ത്രീകള്‍ അധികാര പങ്കാളിത്തം വഹിക്കുന്ന ഉന്നതപദവികളില്‍ അവര്‍ കേവലം പ്രതീകങ്ങളായി ഇരിക്കുകയും നിയന്ത്രണം നിഴല്‍രൂപങ്ങള്‍ പിന്നില്‍നിന്ന് കൈവശപ്പെടുത്തുകയും ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണകാര്യങ്ങളെക്കുറിച്ച് പഠിക്കുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുകയും നാടിന്റെ ഭാവിയെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്താല്‍ നിശ്ചയദാര്‍ഢ്യമുള്ള ഏത് സ്ത്രീയ്ക്കും പുരുഷ ഭരണാധികാരിയെപ്പോലെയോ അതിനേക്കാള്‍ മെച്ചമായോ അധികാര സ്ഥാനങ്ങളില്‍ ശോഭിക്കാനാകും. അതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ വനിതാ മേയര്‍മാര്‍ വരികയാണ്. അറുപത് മുന്‍സിപ്പാലിറ്റികളില്‍ പകുതിയുടെ അധ്യക്ഷസ്ഥാനം സ്ത്രീകള്‍ക്ക് ലഭിക്കും. 978 ഗ്രാമപഞ്ചായത്തുകളില്‍ 489 ഇടത്ത് വനിതാ പ്രസിഡന്റുമാരാണ് ഭരണം നടത്താന്‍പോകുന്നത്. അതില്‍ അമ്പത് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള സ്ത്രീകളായിരിക്കും. ഏഴിടങ്ങളില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട സ്ത്രീകളും പ്രസിഡന്റാകുന്നു. 352 ബ്ലോക്ക് പഞ്ചായത്തുകളില്‍ 76 ഇടങ്ങളില്‍ വനിതകള്‍ അധ്യക്ഷപദമേല്‍ക്കും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലാ പഞ്ചായത്തുകളുടെ ഭരണനേതൃത്വവും സ്ത്രീകളുടെ കൈകളില്‍ അര്‍പ്പിതമാകുന്നു. എണ്ണവും കണക്കുംകണ്ട് വിസ്മയിക്കേണ്ടകാര്യമല്ലിത്.
 
അധികാരപദവി സാമൂഹിക മാറ്റങ്ങള്‍ക്ക് ഉപകരിക്കുംവിധം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ് അര്‍ത്ഥവത്തായ കാര്യം. ഭരണപങ്കാളിത്തം ലഭിക്കുന്ന ഓരോരുത്തരും അവരവര്‍ക്ക് ലഭിക്കുന്ന പദവിയുടെ മഹനീയത തിരിച്ചറിയുകയും അതിന് തങ്ങളെ പ്രാപ്തരാക്കിയ ജനങ്ങളോട് കൃതജ്ഞതാപൂര്‍വം പെരുമാറുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. പ്രാദേശിക ഭരണകൂടങ്ങളില്‍ രാഷ്ട്രീയ വൈരാഗ്യം മറന്ന് ജനങ്ങളെ ഒന്നായിക്കണ്ട് ക്രിയാത്മകമായ തീരുമാനമെടുക്കണമെന്ന് ഇതിനകം സാമൂഹിക ചിന്തകന്മാര്‍ അഭിപ്രായം ഉന്നയിച്ചുകഴിഞ്ഞു. വികസനത്തിന് രാഷ്ട്രീയമില്ലെന്ന് ഭംഗിവാക്ക് പറയുന്നപോലെയാവില്ല ഇതെന്ന് അനുമാനിക്കാം.
 
എന്നാല്‍ രാഷ്ട്രീയാതീതമായി ജനങ്ങളെ ഭരണാധികാരികള്‍ കാണണമെന്ന് പറയുമ്പോള്‍ 'രാഷ്ട്രീയം' ഏതോ ചീത്തക്കാര്യമാണെന്ന ധ്വനി അന്തര്‍ഭവിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ മേന്മ ഉയര്‍ത്താന്‍ സംഘടിതമായി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിശാലമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഒരാള്‍ക്കും കഴിയില്ല. പ്രാദേശിക ഭരണകൂടങ്ങളിലും തീരുമാനങ്ങളിലെല്ലാം വിശാലമായ ഈ രാഷ്ട്രീയ കാഴ്ചപ്പാട് പ്രതിഫലിക്കുകതന്നെ ചെയ്യും. രാഷ്ട്രീയാതീതമായിരിക്കണം ഭരണാധികാരിയുടെ നിലപാട് എന്ന് അനുശാസിക്കുന്നവര്‍ കക്ഷിരാഷ്ട്രീയത്തെക്കുറിച്ചായിരിക്കും ഉദ്ദേശിക്കുന്നത്.
 
കക്ഷിരാഷ്ട്രീയവും രാഷ്ട്രീയവും രണ്ടാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഇക്കാര്യത്തിലുള്ള അവ്യക്തതയും തെറ്റുധാരണയും മാറിക്കിട്ടും. ഇടതുപക്ഷം കഴിഞ്ഞകാലങ്ങളില്‍ പ്രാദേശിക സമിതികള്‍ കയ്യടക്കി ഭരണമെന്ന പേരില്‍ നടത്തിയത് കക്ഷിരാഷ്ട്രീയത്തിന്റെ തേര്‍വാഴ്ചയായിരുന്നു. അത് കണ്ട് പരിചയിച്ച ജനങ്ങള്‍ക്ക് ഭരണത്തെക്കുറിച്ച് പ്രത്യാശാനിര്‍ഭരവും വ്യത്യസ്തവുമായ ഒരു അനുഭവം കാഴ്ചവയ്ക്കാന്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യപങ്കാളിത്തത്തോടെ അധികാരമേല്‍ക്കുന്ന പുതിയ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. 

Followers

About Me

My photo
mail me through:niyasniyu@hotmail.com