Wednesday, November 24, 2010

തൊഴിലുറപ്പ് പദ്ധതി; പുതിയ ഫണ്ടിനായി കേരളം അപേക്ഷ നല്‍കിയില്ല


Imageകോട്ടയം: മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിനുള്ള പുതിയ ഫണ്ടിനായി അപേക്ഷ അയയ്ക്കാനുള്ള കേന്ദ്രനിര്‍ദേശത്തിന് കേരളം മറുപടി നല്കിയില്ല. പകരം രാഷ്ട്രീയ മുതലെടുപ്പിനായി വിലകുറഞ്ഞ ആരോപണവുമായി കേന്ദ്ര സര്‍ക്കാരിനെതിരെ സി.പി.എം. രംഗത്തുവന്നരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണമുന്നയിക്കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി പാവപ്പെട്ട കുടുംബങ്ങളെ സമരത്തിലേക്ക് തള്ളിവിടാനുള്ള സി.പി.എമ്മിന്റെ കപടമുഖം വീണ്ടും വെളിച്ചത്തായിരിക്കുകയാണ്. കഴിഞ്ഞമാസം 28-നാണ് പുതിയ ഫണ്ടിന് അപേക്ഷ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി എല്‍. ഫനായ് ഗ്രാമവികസന സെക്രട്ടറി വിജയാനന്ദിന് കത്തയച്ചത്. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ കേരളം അനുകൂലമായി പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്ന് അപേക്ഷ ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കേരളത്തിന് കത്തയച്ചിരിക്കുകയാണ്. ഈ മാസം 10-ന് കേന്ദ്ര ഗ്രാമവികസന ജോയിന്റ് സെക്രട്ടറി അമിതാശര്‍മ്മയാണ് ഇക്കുറി വിജയാനന്ദിന് കത്ത് അയച്ചിരിക്കുന്നത്.

ഇതോടെ രാഷ്ട്രീയ മുതലെടുപ്പിനായി തൊഴിലുറപ്പ് പദ്ധതിയില്‍ പണിടെയുക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാനുള്ള സി.പി.എമ്മിന്റെ മുഖംമൂടിയാണ് വെളിച്ചത്തായിരിക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചുവെന്ന സി.പി.എമ്മിന്റെ നിലപാട് രാഷ്ട്രീയപ്രേരിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി കെ.സി. ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടി. ഇതുവരെ അനുവദിച്ച പണത്തില്‍ ചെലവാക്കാതെ കൈവശമുള്ള 80 കോടി രൂപ വകമാറ്രി ചെലവഴിക്കാനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ നീക്കം തൊഴിലുറപ്പു പദ്ധതിയില്‍ ചേര്‍ന്ന ജനങ്ങളോടുള്ള വഞ്ചനയാണ്.

പാലക്കാട്, വയനാട് ഉള്‍പ്പെടുന്ന ഒന്നാംഘട്ടത്തില്‍ 25.11 കോടിയും ഇടുക്കി, കാസര്‍ഗോഡ് ഉള്‍പ്പെടുന്ന രണ്ടാംഘട്ടത്തില്‍ 15.20 കോടി രൂപയും, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ ഉള്‍പ്പെടുന്ന മൂന്നാംഘട്ടത്തില്‍ 40.21 കോടി രൂപയും അടക്കം 80.54 കോടി രൂപാ കേരളം ഉപയോഗപ്പെടുത്താതെ കിടക്കുമ്പോള്‍ കേന്ദ്രം ഫണ്ട് നിഷേധിച്ചുവെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ചിരിക്കുന്ന പ്രസ്താവന രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്തതുമാണ്. 2009-10-ലെ ഓഡിറ്റ് റിപ്പോര്‍ട്ടോ, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റോ സംബന്ധിച്ചു വിവരങ്ങള്‍ ഇതേവരെ കേരളം കേന്ദ്രത്തിന് നല്കിയിട്ടില്ല. അടുത്ത ഘട്ടത്തിലേക്കുള്ള തുകയ്ക്കായി പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ അപേക്ഷ നല്കിയിട്ടുപോലുമില്ല.
 
അപേക്ഷ നല്കിയ ജില്ലകളായ കാസര്‍ഗോഡ്, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം എന്നിവ ഓഡിറ്റ് റിപ്പോര്‍ട്ടും, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും നല്കിയിട്ടില്ല. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ നല്കിയ അപേക്ഷയില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമില്ല. തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്ന കേരളത്തിലെ 8.14 ലംക്ഷം കുടുംബങ്ങളില്‍ ആശങ്ക പരത്തുവാനും അവരെ സമരത്തിലേക്ക് തള്ളിവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനും സി.പി.എം. നേതൃത്വം നടത്തുന്ന ഹീനമായ ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. വസ്തുതകള്‍ മനസിലാക്കാതെ സി.പി.എം. സെക്രട്ടേറിയറ്റ് നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് കെ.സി. ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.

Followers

About Me

My photo
mail me through:niyasniyu@hotmail.com