Tuesday, November 2, 2010

ചുവക്കാന്‍ മടിക്കുന്ന മലപ്പുറം
Imageശല്യര്‍
മലപ്പുറം ജില്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയമായി വഴങ്ങാത്ത ഒരു പ്രദേശമാണ്. രണ്ടാമത്തെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് ഈ ജില്ല രൂപംകൊണ്ടത്. അന്നത്തെ സപ്തകക്ഷി മുന്നണി ഭരണത്തില്‍ മുസ്ലിംലീഗ് ഒരു ഘടകകക്ഷിയായിരുന്നു.
മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ ജന്മനാട് ഉള്‍പ്പെട്ട പ്രദേശം ചേര്‍ത്ത് പുതിയൊരു റവന്യു ഭരണ കേന്ദ്രം ഉണ്ടാകുന്നതില്‍ അദ്ദേഹം സന്തോഷിച്ചിരിക്കണം. കലിക്കട്ട് സര്‍വകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പലം എന്ന സ്ഥലവും മലപ്പുറം ജില്ലയിലാണ്. ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ സപ്തകക്ഷി മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു. ആ മുന്നണി ഭരണം കാലാവധി പൂര്‍ത്തിയാക്കാതെ അല്പായുസായി. സി.പി.ഐയും ലീഗും വടക്കനച്ചന്റെ കര്‍ഷകത്തൊഴിലാളിപ്പാര്‍ട്ടിയും മത്തായി മാഞ്ഞൂരാന്റെ പാര്‍ട്ടിയും ആര്‍.എസ്.പിയുമെല്ലാം സി.പി.എമ്മുമായി വഴക്കിട്ട് പരസ്പരം അഴിമതി ആരോപിച്ചു പിരിഞ്ഞു. മലപ്പുറം ചുവപ്പിക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് അന്നുമുതല്‍ തിരിച്ചടി ഏറ്റുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗിനെ പിളര്‍ന്നു നോക്കി. ഡി.സി.സി പ്രസിഡന്റിനെപ്പോലും കൂറുമാറ്റി സി.പി.എമ്മില്‍ ചേര്‍ത്തു.

കലിക്കട്ട് സര്‍വകലാശാലയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും കേന്ദ്രീകരിച്ച് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളെ വച്ചു തന്ത്രങ്ങള്‍ മെനഞ്ഞു. മാവൂര്‍ റയോണ്‍സില്‍ തൊഴിലാളി യൂണിയനുണ്ടാക്കി മുതലാളിയെ സഹായിച്ചു. എന്നുവേണ്ട സി.പി.എമ്മിന്റെ രാഷ്ട്രീയ അടവുകളെല്ലാം പ്രയോഗിച്ചിട്ടും മലപ്പുറം ജില്ല ആ പാര്‍ട്ടിക്ക് ബാലികേറാ മലയായി തുടര്‍ന്നു. സി.പി.എമ്മിന്റെ പ്രീണന നയങ്ങളും എതിര്‍പ്പും വിലപ്പോകാത്ത മലപ്പുറം സി.പി.എമ്മിന് സംഘടനാപരമായ ഒരു വെല്ലുവിളി എന്നതിനുപരി തികഞ്ഞ നാണക്കേടായി മാറിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് ആചാര്യനായിരുന്ന ഇ.എം.എസിന്റെ നാട്ടില്‍ സി.പി.എം നേരിടുന്ന തിരിച്ചടികള്‍ ഇതര പ്രദേശങ്ങളില്‍ അവര്‍ പ്രകടിപ്പിക്കുന്ന 'മെഗലോ മാനിയ'യുമായി തട്ടിച്ചു നോക്കുമ്പോള്‍ നേതാക്കള്‍ എങ്ങനെ സഹിക്കും? 
ഈയിടെ മങ്കടയില്‍ എ. വിജയരാഘവന്‍ എന്ന സി.പി.എം നേതാവ് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ ആവര്‍ത്തിച്ചു കണ്ടവര്‍ക്ക് അക്കാര്യം ഏറെക്കുറെ മനസ്സിലായിട്ടുണ്ടാകും.
 
അസംതൃപ്തനായ ഒരു അഹങ്കാരിയുടെ സ്വരവും ഭാവചേഷ്ടകളുമാണ് വിജയരാഘവനില്‍ ജനങ്ങള്‍ കണ്ടത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി തെറ്റിയ മഞ്ഞളാംകുഴി അലിയെ പരസ്യമായി തള്ളിപ്പറയുകയായിരുന്നു സി.പി.എം നേതാവിന്റെ ലക്ഷ്യം. ആ പ്രസംഗത്തിന്റെ അനന്തരഫലമെന്ന നിലയില്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം അലിനിയമ സഭാംഗത്വവും സി.പി.എം വഴി തനിക്കു ലഭിച്ച എല്ലാ സ്ഥാനമാനങ്ങളും ഒഴിയുന്നതായി പ്രഖ്യാപിച്ചു. സി.പി.എമ്മിന്റെ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളന കാലം മുതല്‍ മഞ്ഞളാംകുഴി അലിയെ നേതാക്കള്‍ വിഭാഗീയതയുടെ ഇരയാക്കി പീഡിപ്പിച്ചു പോരുകയയായിരുന്നത്രേ. 'നേതാക്കളുടെ ആട്ടും തുപ്പും ഏറ്റ് എനിക്കു മതിയായി' എന്നാണ് അലി രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ടു പറഞ്ഞത്.

വിവാഹമോചനക്കേസില്‍ നടി കാവ്യമാധവന്‍ ഭര്‍ത്താവിനെയും അയാളുടെ കുടുംബാംഗങ്ങളെയുംകുറിച്ച് ഉന്നയിച്ചതിനെക്കാള്‍ ഗുരുതരമായ കുറ്റാരോപണമാണ് മങ്കട എം.എല്‍.എ ആയിരുന്ന അലി മാര്‍ക്‌സിസ്റ്റ് നേതൃത്വത്തിനെതിരേ നിരത്തിയത്. 'പ്രതിപക്ഷത്തും ഭരണപക്ഷത്തും എത്തുമ്പോള്‍ സി.പി.എമ്മിന് ഇരട്ടമുഖവും നയവും. സ്വാശ്രയ കോളേജ്, എ.ഡി.ബി വായ്പ, ആദിവാസി ഭൂമി, മൂന്നാര്‍ കയ്യേറ്റം തുടങ്ങിയ കാര്യങ്ങളില്‍ പറച്ചിലും പ്രവൃത്തിയും പൊരുത്തപ്പെടുന്നില്ല. ലോട്ടറി മാഫിയയെ വഴിവിട്ട് സഹായിച്ച് നാടിനെ ദ്രോഹിക്കുന്നു.' എന്നെല്ലാം യു.ഡി.എഫ് നേതാക്കള്‍ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ അതേ തീവ്രതയോടെ അലിയും ഉന്നയിക്കുന്നു. 'മലപ്പുറം ചുവപ്പിക്കാന്‍ വേണ്ടി ഓടി നടന്നതു ഞാനാണ്. ഇപ്പോള്‍ തോന്നുന്നു അതുവേണ്ടായിരുന്നു എന്ന്.'- മഞ്ഞളാംകുഴി അലി കുറ്റബോധത്തോടെ പറയുന്നു.

2001 മുതല്‍ അലി മങ്കട നിയമ സഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. ഇടതു സ്വതന്ത്രനായി മൂന്ന് തവണ മങ്കടയില്‍ അലി മത്സരിച്ചിട്ടുണ്ട്. ഗള്‍ഫ് മലയാളിയായിരുന്ന മഞ്ഞളാംകുഴി അലിയെ ചലച്ചിത്ര നിര്‍മ്മാതാവെന്ന പേരിലാണ് കേരളം അറിഞ്ഞു തുടങ്ങിയത്. മലപ്പുറം ചുവപ്പിക്കാന്‍ സി.പി.എം ദശാബ്ദങ്ങളായി നടത്തുന്ന തന്ത്രങ്ങളെല്ലാം പാഴാകുന്ന സാഹചര്യത്തില്‍ ധനവാനും ചലച്ചിത്ര നിര്‍മ്മാതാവും ആയ അലിയില്‍ പാര്‍ട്ടി നേതാക്കള്‍ പതിനഞ്ച് കൊല്ലം മുമ്പ് ചില സാധ്യതകള്‍ക്കണ്ടത്തി. ടി.കെ. ഹംസ നടത്തിയ ഹാസ്യപ്രകടനങ്ങളൊന്നും ഏല്‍ക്കാത്തിടത്ത് അലിയെന്ന സ്വതന്ത്രന്റെ പരീക്ഷണം വിജയംകണ്ടു. സി.എച്ചിന്റെ മകനും മുന്‍ മന്ത്രിയുമായ ഡോക്ടര്‍ എം.കെ. മുനീറിനെപ്പോലും അലി തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചു. ഹംസയെ ഒരു തവണ ജില്ലയില്‍ നിന്ന് ലോക്‌സഭയില്‍ എത്തിക്കാന്‍ സഹായിച്ചു.

കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ തോല്പിച്ച കെ.ടി. ജലീലും മങ്കടയിലെ മഞ്ഞളാംകുഴി അലിയും ചേര്‍ന്ന യുവനേതാക്കളുടെ സ്വതന്ത്രവേഷം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതുപോലെ തോന്നിച്ചു. മലപ്പുറം ഇതാ ചുവന്നു തുടങ്ങിയെന്ന വിചാരം ജില്ലയ്ക്കു വെളിയില്‍ പടര്‍ന്നു. പുറമേ അങ്ങനെ തോന്നിയെങ്കിലും സി.പി.എമ്മില്‍ വിഭാഗീയതയുടെ കാറ്റ് ശക്തിപ്രാപിച്ചത് ജനം വേണ്ടവിധം അറിഞ്ഞില്ല. മുഖ്യമന്ത്രി അച്യുതാനന്ദനെ അനുകൂലിക്കുന്നവരെന്ന് സംശയമുള്ളവരെ പിണറായി വിഭാഗം കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ ഒതുക്കി, അടുക്കിപ്പൊളിച്ചുകൊണ്ടിരുന്നു.
 
എന്‍.എന്‍. കൃഷ്ണദാസ്, എ.പി. അബ്ദുള്ളക്കുട്ടി, കെ. അജയ്കുമാര്‍, ശിവരാമന്‍, എം.ആര്‍. മുരളി, ടി.പി. ചന്ദ്രശേഖരന്‍, ഡോ. മനോജ് എന്നിങ്ങനെ അനുഭാവികളും സഹയാത്രികരും സ്വതന്ത്രരും എന്ന നിലയില്‍ പാര്‍ട്ടിക്ക് ഒരിക്കല്‍ മുതല്‍ കൂട്ടായിരുന്ന നിരവധി നേതാക്കള്‍ വിഭാഗീയതയുടെ പല്‍ച്ചക്രത്തില്‍ വീണരഞ്ഞു. പ്രവാസി ജീവിതം ഉപേക്ഷിച്ച് പതിനഞ്ചുകൊല്ലമായി സി.പി.എമ്മിനൊപ്പം നടക്കുന്ന മഞ്ഞളാംകുഴി അലിയെ ഔദ്യോഗിക വിഭാഗം തഴയാന്‍ തുടങ്ങി. പിണറായി വിജയന്‍ നടത്തിയ നവകേരള യാത്ര പ്രചുരമായ പ്രചാരണങ്ങളുടെ പേരില്‍ ശ്രദ്ധേയമായിരുന്നു.

ഒരു കമ്യൂണിസ്റ്റ് നേതാവും ചെയ്തിട്ടില്ലാത്തവിധം വ്യക്തി കേന്ദ്രീകൃതമായി പിണറായി വിജയന്‍ തന്നില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആസൂത്രണം ചെയ്ത ഒരു പര്യടനപരിപാടിയായിരുന്നു അത്. കേരളം മുഴുവന്‍ പിണറായിയുടെ കട്ടൗട്ടുകളും ഫഌക്‌സ് ബോര്‍ഡുകളും നിരന്നു. തമിഴ് സിനിമാ രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ പകര്‍ത്തിയതുപോലെ കണ്ടു ചിലര്‍ അസ്വസ്ഥരായി. സി.പി.ഐ നേതാവ് വെളിയം ഭാര്‍ഗവന്‍ തന്റെ അസ്വസ്ഥത തുറന്നു പറഞ്ഞു.
നവകേരള യാത്രയില്‍ വിജയന്‍ ഒപ്പം സഞ്ചരിക്കാന്‍ തെരഞ്ഞെടുത്തത് രണ്ട് നേതാക്കളെ ആയിരുന്നു. പിന്നീട് രാജ്യസഭാംഗമായ ടി.എം. സീമ, കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ച കെ.ടി. ജലീല്‍ എം.എല്‍.എ എന്നിവര്‍. മലപ്പുറം ചുമപ്പിക്കാന്‍ നേരത്തെ സി.പി.എം കണ്ടെത്തിയ മഞ്ഞളാംകുഴി അലിയെ തഴഞ്ഞ് മുസ്ലിം ലീഗില്‍ നിന്ന് കൂറുമാറി ആയിടെ ചെന്ന ജലീലിനെ ഒപ്പം കൂട്ടിയതിന്റെ അര്‍ത്ഥം അന്ന് ആര്‍ക്കും വേണ്ടപോലെ പിടികിട്ടിയില്ല.
 
നവകേരള യാത്രയുടെ സമാപനത്തില്‍ തിരുവനന്തപുരത്ത ശംഖുംമുഖം കടലോരത്ത് ഒരു സമ്മേളനം നടന്നു. ആ സമ്മേളനത്തില്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ പങ്കെടുത്തത് രാഷ്ട്രീയ രംഗത്ത് ഒരു കൗതുകക്കാഴ്ചയായിരുന്നു. അച്യുതാനന്ദനും പിണറായി വിജയനും പരസ്പരം മുഖം കൊടുക്കാതെ വീര്‍പ്പിച്ചുകെട്ടി ഇരുന്നു. അനോന്യം കോലുവച്ചു സംസാരിച്ചു. 
ജലീല്‍ യാത്രാവേളയില്‍ പറഞ്ഞുകൊടുത്ത ഒരു പേര്‍ഷ്യന്‍ സാരോപദേശ കഥകൊണ്ടാണ് പിണറായി വിജയന്‍ സമ്മേളനവേദിയില്‍ വച്ച് വി.എസ്സിനെ കുത്തിയത്. കടലിലെ തിരമാല കണ്ട് ആഹ്ലാദിച്ച കുട്ടിയുടെ കഥ.
 
തിരമാല നിത്യവും കാണാമെന്ന വ്യാമോഹത്തില്‍ കടല്‍വെള്ളം ഒരു ബക്കറ്റില്‍ കോരി വീട്ടില്‍ കൊണ്ടുപോയെങ്കിലും ഒരു തിരയും ഉണ്ടായില്ല. അതുപോലെ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്ക്കുമ്പോള്‍ ലഭിക്കുന്ന ആഹ്ലാദത്തിരയിളക്കം ഒറ്റയ്ക്കുമാറി നിന്നാല്‍ ഉണ്ടാകുമെന്ന് വ്യാമോഹിക്കരുതെന്ന് പരോക്ഷമായി വി.എസ്സിനെ ഓര്‍മ്മിപ്പിക്കുന്നതുപോലെ പിണറായി പറഞ്ഞു. കടലില്‍ തിര അടങ്ങുന്നില്ല. അഴിമതിയും വിഭാഗീയതയും കാറും കോളും ഉയര്‍ത്തി പ്രക്ഷുബ്ധാവസ്ഥയില്‍ ഇളകിമറിയുകയാണ്. സി.പി.എം നേതാക്കള്‍ രക്ഷാമാര്‍ഗ്ഗം തിരയുന്നു. സി.പി.എം കേരളഘടകത്തിലെ പ്രശ്‌നങ്ങള്‍ കോപ്പയിലെ കൊടുങ്കാറ്റുപോലെ കെട്ടടങ്ങുമെന്ന് പ്രകാശ് കാരാട്ടിന് പ്രതീക്ഷയില്ല. 

Followers

About Me

My photo
mail me through:niyasniyu@hotmail.com